തിരുവനന്തപുരം: രാജ്യത്തെ മാനേജ്മെന്റ് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഒത്തുചേരുന്ന തിരുവനന്തപുരത്തിന്റെ സുസ്ഥിര വളര്‍ച്ച ലക്ഷ്യമാക്കിയുള്ള വികസന ചര്‍ച്ചകള്‍ക്ക് ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ (ടിഎംഎ) ദ്വിദിന സമ്മേളനമായ ‘ട്രിമ 2023’ വേദിയാകും.
‘ട്രിവാന്‍ഡ്രം 5.0- പ്രോസ്പെരിറ്റി ബിയോണ്ട് പ്രോഫിറ്റ്’ എന്ന പ്രമേയത്തില്‍ മെയ് 18 ന് ഹോട്ടല്‍ ഒ ബൈ താമരയില്‍ ആരംഭിക്കുന്ന സമ്മേളനം ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
ലാഭവും വിജയവും എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം തലസ്ഥാന മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള പുതിയ കാഴ്ചപ്പാടുകള്‍ ആവിഷ്കരിക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വളര്‍ച്ചയുടെയും വിജയത്തിന്റെയും ഏക ചാലകം ലാഭമാണെന്ന പരമ്പരാഗത സങ്കല്‍പ്പത്തിനപ്പുറത്തേക്ക് ചിന്തിക്കാന്‍ ടിഎംഎ ഉച്ചകോടിയില്‍ ഊന്നല്‍ നല്‍കുമെന്ന് ട്രിമ കമ്മിറ്റി ചെയര്‍മാനും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ പറഞ്ഞു. കേവലം സാമ്പത്തിക ലാഭത്തിന് അപ്പുറം സാമൂഹിക, പാരിസ്ഥിതിക, ധാര്‍മ്മിക തലങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സമഗ്ര വികസന സമീപനത്തെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നവീകരണവും സംരംഭകത്വവും, സാങ്കേതികവിദ്യയുടെ ഉള്‍ക്കൊള്ളല്‍, ഒരു പുതിയ ലോകത്തിനായുള്ള സുസ്ഥിര പരിഹാരങ്ങള്‍, ഉത്തരവാദിത്ത ബിസിനസിന്റെ പുതിയ യുഗം എന്നീ നാല് വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പ്രമുഖ പ്രഭാഷകര്‍ സംസാരിക്കും.
നവീകരണത്തിലൂടെയും പുത്തന്‍ സാങ്കേതിക വിദ്യയിലൂടെയും കൂടുതല്‍ മനുഷ്യ കേന്ദ്രീകൃതവും സുസ്ഥിരവുമായ സമൂഹത്തിനായി വാദിക്കുന്ന സൊസൈറ്റി 5.0 യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രിവാന്‍ഡ്രം 5.0 എന്ന ആശയം രൂപപ്പെടുത്തിയതെന്ന് ടിഎംഎ പ്രസിഡന്റും കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ സി. പത്മകുമാര്‍ പറഞ്ഞു.
എംപി മാരായ ഡോ. ശശി തരൂര്‍, ഡോ. ജോണ്‍ ബ്രിട്ടാസ്, ഇ-ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ല ഐഎഎസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ടെക്നോളജി ആന്‍ഡ് പ്രോജക്ട് മേധാവി പ്രൊദ്യുത് മാജി, ഡബ്ല്യുആര്‍ഐ ഇന്ത്യ സെന്റര്‍ ഫോര്‍ സിറ്റീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. സുദേഷ്ന ചാറ്റര്‍ജി, ഫെഡറല്‍ ബാങ്ക് ചെയര്മാന് സി. ബാലഗോപാല്‍ തുടങ്ങിയവര്‍ പ്രഭാഷകരാകും.
ബിസിനസ്- മാനേജ്മെന്റ് മേഖലകളിലെ നേതാക്കളുടെ മുഖ്യ പ്രഭാഷണങ്ങള്‍, അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും ഉണ്ടാകും. വ്യവസായ പ്രമുഖര്‍, പ്രൊഫഷണലുകള്‍, ബിസിനസ് ഫ്രറ്റേണിറ്റി അംഗങ്ങള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 400-ലധികം പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ടിഎംഎ അംഗമല്ലാത്ത പ്രതിനിധികള്‍ക്ക് പ്രവേശന ഫീസ് 3,000 രൂപയാണ്. ടിഎംഎ അംഗത്തിന് 2500 രൂപയും വിദ്യാര്‍ത്ഥി അംഗത്തിന് 500 രൂപയും അംഗമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് 600 രൂപയും ഫീസിനത്തില്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സന്ദര്‍ശിക്കുക: www.tmakerala.com
ഫോണ്‍: 7907933518.
ഇമെയില്‍: : [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: