കോട്ടയം: കടുത്തുരത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആതിരയുടെ സംസ്കാരം ഇന്ന്. കോന്നല്ലൂര്‍ സ്വദേശിയായ 26 കാരിയെ ഞായറാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പരാതി നല്‍കിയതിനു ശേഷമാണ് ജീവനൊടുക്കിയത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അരുണിനെതിരെ കേസെടുത്തു. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാണ്.
അതേസമയം ആതിരയുടെ ആത്മഹത്യക്ക് പിന്നില്‍ പൊലീസിന്റെ നിസംഗതയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ആതിരയും അരുണും തമ്മില്‍ വഴക്കിലായിരുന്നു. ഇയാളുമായുള്ള സൗഹൃദം പെണ്‍കുട്ടി ഏറെ നാളുകള്‍ക്ക് മുമ്പ് ഉപേക്ഷിച്ചതാണ്. യുവതിക്ക് വിവാഹാലോചനകള്‍ വരുന്നുണ്ടെന്നറിഞ്ഞ അരുണ്‍, സമൂഹിക മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിച്ചിരുന്നു. ചിത്രങ്ങളടക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
യുവതിയുടെ സഹോദരി ഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ് ആതിരയുടെ വേര്‍പാടില്‍ വൈകാരികക്കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.’സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടേത്. പ്രിയപ്പെട്ടവളെ ഞാന്‍ നിനക്ക് വാക്കു തരുന്നു, നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കും, നിനക്ക് സംഭവിച്ച ദുര്‍വിധി ഇനി മറ്റാര്‍ക്കും ഉണ്ടാവരുത്’. എന്നാണ് ആശിഷ് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: