തിരുവനന്തപുരം : ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണ്. സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അര്‍ത്ഥം ഇനിയും മനസിലാക്കി യിട്ടുണ്ടോ എന്നു സംശയമാണ്. ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളാണ്.
നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഈ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്. ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി സഭ ഇത്തരം നടപടികളെ കാണുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഈ കാര്യത്തില്‍ അറിയുവാന്‍ സഭയ്ക്ക് താല്പര്യമുണ്ട്. നേരിട്ട് കണ്ടും പ്രസ്താവനകളിലൂടെയും സഭയെയും ക്രൈസ്തവ സമൂഹത്തെയും പിന്തുണ അറിയിക്കുന്നവര്‍ ഈ വിഷയത്തില്‍ നടത്തുന്ന ഒളിച്ചുകളി അങ്ങേയറ്റം അപലപനീയമാണ്. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും അതാത് ജില്ലകളില്‍ ഈ നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് നിവേദനം നേരത്തേ തന്നെ നല്‍കിയിട്ടുള്ളത് തമസ്ക്കരിച്ചു കൊണ്ടാണ് ഈ ദിവസങളില്‍ വീണ്ടും പ്രദര്‍ശനാനുമതി നല്‍കിയത്. തങ്ങളുടെ പോഷക സംഘടനകളെ മുന്നില്‍ നിര്‍ത്തി ക്രിസ്തീയ വിശ്വാസത്തെ തകര്‍ത്തുകളയാമെന്നുള്ള വ്യാമോഹം നടക്കില്ല. ഇതര സമുദായങ്ങളെപ്പോലെ തുല്യനീതി ക്രൈസ്തവര്‍ക്കും അര്‍ഹതയുള്ളയാണെന്ന് മാര്‍ ക്ലീമീസ് ബാവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: