ജ്യോതിഷഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍
പഞ്ചാംഗത്തിലെ പഞ്ച അംഗങ്ങളില്‍ ഒന്നാണ് വാരം അഥവാ ആഴ്ച. ഓരോ വാരത്തിനും അഥവാ ദിവസത്തിനും ഒരുപാട് ഫലങ്ങളും അനുഭവങ്ങളും പറയപ്പെടുന്നുണ്ട്. ജനിച്ചാല്‍ ഉള്ള ഫലം കൂടാതെ അന്നത്തെ കരണീയ കര്‍മ്മങ്ങള്‍ എന്ന വിധത്തിലും ഫലം ചിന്തിക്കുന്നു. ദ്വിവിധമായ ഫലങ്ങള്‍, അനുഭവങ്ങള്‍ ഓരോ ദിവസത്തിനും വിഭജിച്ചിരിക്കുന്നുവെന്ന് ചുരുക്കം. വിപുലമാണ് അതെല്ലാം. ഒരു ‘തിരനോട്ടം’ മാത്രമാണ് ഈ ലേഖനത്തില്‍ നിര്‍വഹിക്കപ്പെടുന്നത്.
സപ്തവാരങ്ങളെ ഭരിക്കുന്നത് സപ്തഗ്രഹങ്ങള്‍. ഞായറിന്റെ/സൂര്യന്റെ ദിനം ഞായറാഴ്ച. രവിവാരം എന്ന പേര് ഓര്‍ക്കുക. അന്ന് ജനിക്കുന്നവരില്‍ സൂര്യന്റെ പ്രതാപം സ്പഷ്ടമായിരിക്കും. ഭരിക്കാന്‍ ജനിച്ചവരാണെന്ന വിശ്വാസം ആ മുഖത്ത് ഏതിരുട്ടിലും പകല്‍ പോലെ വെട്ടിത്തിളങ്ങുന്നത് കാണാം. പിതാവിന്റെ ശീലാചാരങ്ങള്‍ പിന്പറ്റുന്നവരാവാം. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/അധികാരമുള്ള ലാവണങ്ങള്‍ എന്നിവയില്‍ ഉപജീവനം ഒരു സാധ്യതയാണ്. രാഷ്ട്രീയ പക്ഷപാതവും ശിവഭക്തിയും ദൃഢമായിരിക്കും.തിങ്കളാഴ്ച ചന്ദ്രന്റെ ദിവസം. ഭരണാധികാരി തിങ്കള്‍/ ചന്ദ്രന്. സോമവാരം എന്നുണ്ടല്ലോ. മനസ്സും മനസ്സാക്ഷിയും ഒക്കെയാവും തിങ്കളില്‍ ജനിച്ചവരെ നയിക്കുന്നത്. കുറച്ചൊക്കെ സുഖഭോഗ തല്പരരുമാവും. വലിയ മാതൃഭക്തരായിരിക്കും. കൃഷി, കച്ചവടം, ഔഷധം, ഭക്ഷണ നിര്മ്മാണവിതരണം, ഏജന്‍സികള്‍ ഇവയുമായി ബന്ധപ്പെട്ട തൊഴില്‍ ഒരു സാധ്യതയാണ്.
ചൊവ്വാഴ്ച, ചൊവ്വയുടെ ആധിപത്യ ദിനം. അതിനാല്‍ കുജവാരം, മംഗളവാരം എന്നിങ്ങനെ അറിയപ്പെടുന്നു. കുജനും മംഗളനും ചൊവ്വ തന്നെ! തലക്കനവും, നെഞ്ചൂക്കും ഇവരെ നയിക്കും. പേടി എന്തെന്നറിയാത്തവരായിരിക്കും. ‘ആരെടാ?’ എന്നാണ് ചോദ്യമെങ്കില്‍ ‘ഞാനെടാ’ എന്ന് തന്നെയാവും പ്രതിവചനം. വൈദ്യുതി, ശാസ്ത്രം, പുതിയ സാങ്കേതിക രീതികള്‍, അഗ്നി, ക്രമസമാധാനം, സൈന്യം, സിവില്‍ എഞ്ചിനിയറിംഗ്, ഭൗമശാസ്ത്രം എന്നിങ്ങനെ ഒരു തൊഴില്‍ രംഗമാവും ഇവര്‍ക്ക് നയിക്കേണ്ടി വരിക.ബുധന്‍ ആധിപത്യം ഉള്ള ദിനം ബുധനാഴ്ച. സൗമ്യവാരം എന്ന പേരില്‍ നിന്നും സ്വഭാവവും ഒട്ടൊക്കെ അറിയാം. പണ്ഡിത ശിരോമണികള്‍ ആയിരിക്കും. യുക്തിയും ഹാസ്യവും ഇരുകൈകള്‍. ബന്ധുപ്രിയത്വവും പറയാം. വാക്കിന് പ്രാധാന്യമുള്ള സകല തൊഴിലുകളിലും ശോഭിക്കും. ഗണിതം, നിയമം, മാധ്യമം, നവമാധ്യമങ്ങള്‍, കച്ചവടം, ഏജന്‍സി, ബാങ്കിംഗ് എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണ് കര്‍മ്മകാണ്ഡം.വ്യാഴാഴ്ചയ്ക്ക് ഗുരുവാരം, ബൃഹസ്പതിവാരം എന്നിങ്ങനെ നാമങ്ങള്‍. വ്യാഴന്റെ ദിനമാണത്. വ്യാഴം എന്ന ഗ്രഹത്തിനുള്ള ശുഭത്വം വ്യാഴാഴ്ചയ്ക്കും കല്പിക്കാറുണ്ട്. സാത്വികരായിരിക്കുമത്രെ, അന്ന് ഭൂജാതരാകുന്നവര്‍! സജ്ജനപ്രിയരും ഗുരുപദം അലങ്കരിക്കുന്നവരുമായേക്കാം. മറ്റുള്ളവരെ ഉപദേശിക്കാനുള്ള കെല്പേറും. നല്ല ചിന്തകള്‍ മസ്തിഷ്കത്തില്‍ വിളങ്ങും. പാരമ്പര്യ തൊഴിലുകള്‍, പൗരോഹിത്യം, വൈദ്യം, മൂല്യാധിഷ്ഠിതമായ ജോലികള്‍, ധനവുമായി ബന്ധപ്പെട്ട തസ്തികകള്‍, ഏറ്റവും മാന്യത കല്പിക്കപ്പെടുന്ന ജോലികള്‍ എന്നിവ ഇവരെ തേടിവരാം.
ഭൃഗുവാരം, ശുക്രവാരം രണ്ടും വെള്ളിയാഴ്ചയെ കുറിക്കുന്നു. ശുക്രന്റെ ദിനമാണത്. ഭൗതിക വാഞ്ഛകള്‍ നിറയും. സൗന്ദര്യ തൃഷ്ണയുണ്ടാവും. കല രക്തത്തില്‍ കലര്ന്നവരാവും. കാമനകളാല്‍ നയിക്കപ്പെടും. ഏറ്റവും പരിഷ്കൃതരായിരിക്കും. വിശേഷിച്ചും വേഷഭൂഷകളെക്കൊണ്ട്. മിമിക്രി മുതല്‍ സിനിമ വരെയുള്ള കലകള്‍, സ്വര്‍ണാഭരണ വസ്ത്രാദി വ്യാപാരം, അധ്യാപനം, സൗന്ദര്യ സംവര്ധകത്വവുമായി ബന്ധമുള്ള തൊഴിലുകള്‍ എന്നിങ്ങനെ പല വിഭാഗങ്ങള്‍ ഇവരുടെ ഉപജീവനമാവാം. ഇനിയും പലതുമുണ്ട്.
ശനിയുടെ ദിവസം ശനിയാഴ്ച. പരുക്കന്‍ മട്ടുകാരാവാം. നാഗരികതയ്ക്ക് പുറംതിരിഞ്ഞ് നില്‍ക്കുന്നവരാണെന്നും വന്നേക്കാം. ആലസ്യമുണ്ട്. എന്നാലും കഠിനാദ്ധ്വാനത്തിന് മടിയേതുമില്ല. പാരമ്പര്യമാണ് ഇഷ്ടം. ചിലപ്പോള്‍ അതിനെ തള്ളിപ്പറയുകയും ചെയ്യും. കായികാധ്വാനം മുതല്‍ മേലധ്യക്ഷന് വരെ പലതരം ജോലികള്‍ ശനിക്ക് പറഞ്ഞിട്ടുണ്ട്. സാമാന്യാവാലോകനം മാത്രമാണ് ഗ്രഹങ്ങളും തൊഴിലും തമ്മില്‍ ബന്ധപ്പെടുത്തിപ്പറഞ്ഞത്. എത്രയോ പറയാനുണ്ട്..ഇങ്ങനെയാണ് വാരങ്ങളുടെ ഗ്രഹാധിപത്യം. എന്നാല്‍ ഒരു ദിവസത്തിലെ ആകെയുള്ള ഇരുപത്തിനാല് മണിക്കൂറിനെ, ഓരോ മണിക്കൂര്‍ വീതം ഓരോ ഗ്രഹത്തിന് നല്‍കിക്കൊണ്ടുള്ള ‘കാലഹോര’ സമ്പ്രദായം കുറച്ചുകൂടി ആഴമേറിയ രീതിയാണ്. അതും പഠിക്കപ്പെടേണ്ടതാണ്. മറ്റൊരു ലേഖനത്തിന്റെ വിഷയമാക്കുകയാവും ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: