കൊല്ലം: സംസ്കൃത ഭാഷയെ അറിയുന്നവര്‍ ലോകത്തിന്റെ അജ്ഞാനത്തെ അകറ്റുന്നവരാണെന്ന് മാതാ അമൃതാനന്ദമയി മഠം സ്വാമി തുരിയാമൃതാനന്ദപുരി. സംസ്കൃതഭാരതിയുടെ കേരളഘടകമായ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ 43-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
സംസ്കൃത ഭാഷയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനതയ്ക്ക് ലോകത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ആനന്ദവല്ലീശ്വരം വിനായക കണ്വെന്ഷന് സെന്ററില്‍ നടന്ന സംസ്കൃത സമ്മേളനത്തിന് സ്വാമി ദീപം തെളിയിച്ചു. വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന അധ്യക്ഷന്‍ ഡോ.പി.കെ. മാധവന് അധ്യക്ഷനായി. ഭാരതം ലോകത്തിന്റെ നെറുകയില്‍ എത്തിനില്ക്കുമ്പോള് സംസ്കൃത ഭാഷയും അതിന്റെ ഘടകമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം സിഎംഎസ് കോളജ് ചരിത്രവിഭാഗം മുന്‍ അധ്യക്ഷനും ചരിത്രകാരനുമായ പദ്മശ്രീ ഡോ. സി.ഐ. ഐസക് വിശിഷ്ടാതിഥിയായി. സംസ്കൃതഭാരതി അഖിലഭാരതീയ സഹസംഘടന മന്ത്രി ജയപ്രകാശ് ഗൗതം മുഖ്യപ്രഭാഷണം നടത്തി. പാലാ അരുണാപുരം ആദര്‍ശ സംസ്കൃത മഹാവിദ്യാലയം മുന്‍ പ്രിന്‍സിപ്പലും പാലാ ശ്രീരാമകൃഷ്ണ ആശ്രമം മുന്‍ മഠാധിപതിയുമായ സ്വാമി സ്വപ്രഭാനന്ദയ്ക്ക് പണ്ഡിതരത്നം ബഹുമതി നല്കി ആദരിച്ചു. തൃശൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ ടി.സി. സജീവിന് ശര്‍മ്മാജി പുരസ്കാരവും സമ്മാനിച്ചു. സ്വാഗത സംഘം അധ്യക്ഷന്‍ പ്രൊഫ. ആര്. ശിവകുമാര്‍, സംസ്കൃതഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ വി.ജെ. ശ്രീകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ രാജേഷ്, എം.വി. സോമയാജി തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് മാമൂട്ടില്‍ കടവ് പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 300 പേര് പങ്കെടുക്കും. അഖിലഭാരതീയ കാര്യദര്‍ശി നന്ദകുമാര്‍, സംഘടനാമന്ത്രി ജയപ്രകാശ് ഗൗതം, ദക്ഷിണ ക്ഷേത്രസംഘടനാ കാര്യദര്‍ശി സുവീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: