തൃശൂര്‍: വടക്കുന്നാഥന്റെ തിരുമുറ്റത്ത് പെരുമയോടെ ഒരു വട്ടം കൂടി തൃശൂർ പൂരം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നഗരം തയാര്‍. നാദവും വർണവും താളവും മേളിക്കുന്ന മഹാപൂരം കൊട്ടിക്കയറുമ്പോൾ ഇന്ന് തൃശൂരൊരു ദേവപുരിയാകും. ഇന്നലെ രാവിലെ നെയ്തലക്കാവിലമ്മ വടക്കുനാഥനെ വണങ്ങി തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തി.
പൂര ദിവസമായ ഇന്നും നാളെയും അവധിയായതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ഭരണകൂടം. രണ്ട് നിരകളില്‍ അഭിമുഖമായി നില്‍ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, ആലവട്ടം, വെഞ്ചാമരം, നടുവില്‍ പുരുഷാരം, ചെണ്ടമേളം. കുടമാറ്റത്തിന്റെ വര്‍ണ വിസ്മയങ്ങള്‍ കുട മാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇത്തവണ കൂടുതല്‍ വൈവിധ്യമാക്കാനാണ് ദേവസ്വങ്ങള്‍ തയ്യാറെടുക്കുന്നത്.
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രധാന പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, പനമുക്കമ്പള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്. രാവിലെ 11നു തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തില്‍ വരവിന് കോങ്ങാട് മധു പ്രമാണിയാകും. 12 നു പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്. കിഴക്കൂട്ട് അനിയന്‍മാരാരുടെ ചെമ്പടമേളം. 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രമാണിയാകും.
വൈകിട്ട് 5.30നു തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്‌ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്.
കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാര്‍, താള വാദ്യ രംഗത്തെ കുലപതിമാര്‍, പ്രൗഢമായ കരിമരുന്ന് പ്രയോഗം, എല്ലാത്തിനും മീതെ കാണികളുടെ അതിശയിപ്പിക്കുന്ന പങ്കാളിത്തവും ചേരുമ്പോള്‍ തൃശൂര്‍ പൂരം വിസ്മയമാകും. പാണ്ടിമേളത്തിന്റെ കുലപതികള്‍ പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളത്തിന് മൂന്ന് മണിക്കൂറാണ് ദൈര്‍ഘ്യം. മുന്‍നിരയില്‍ ഉരുട്ട് ചെണ്ടക്കാര്‍ 15 പേരാണ്. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകള്‍, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേര്‍ കൂടിയതാണ്. പതികാലത്തില്‍ തുടങ്ങുന്ന മേളത്തിന് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: