കോഴിക്കോട്: കേരളത്തിലെ ഭീകരവാദ പ്രവര്‍ത്തനവും ലൗ ജിഹാദും മത വര്‍ഗീയതയും വിഷയമാകുന്ന കേരളാ സ്റ്റോറിയെ എതിര്‍ക്കുന്നവരെ ചോദ്യം ചെയ്ത് കേരള കാതലിക് ബിഷപ് കോണ്‍ഫ്രസന്‍സ് ജാഗ്രതാ കമ്മീഷന്. അതിശക്തമായ പ്രതികരണമാണ് കപട മതേതരക്കാര്‍ക്ക് കമ്മീഷന് സുദീര്‍ഘ പ്രതികരണത്തിലൂടെ നല്‍കിയിരിക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങളെ തുറന്നുകാട്ടുന്നതാണ് കെസിബിസി പ്രതികരണം.
കേരളസ്റ്റോറിയും കക്കുകളിയും
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നാടകത്തിന്റെയും നോവലിന്റെയും ന്യൂസ് റിപ്പോര്‍ട്ടുകളുടെയും രൂപത്തില്‍ ഒരു ശതമാനം പോലും സത്യമില്ലാത്ത കെട്ടുകഥകള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവരും അതിനെ ഏറ്റെടുക്കുന്നവരും തന്നെ, കേള്‍ക്കുന്നത് സത്യമാണ് എന്ന് വ്യക്തതയുണ്ടെങ്കിലും പ്രതിഷേധങ്ങളും പ്രത്യാഘാതങ്ങളും ഭയന്ന് മറ്റു ചിലകാര്യങ്ങളെ തള്ളിപ്പറയുകയും മറച്ചുവയ്ക്കുകയും ചെയ്യുന്നു എന്നുവരുമ്പോഴാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇവിടെ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പ് വ്യക്തമാകുന്നത് എന്ന് ജാഗ്രതാ കമ്മീഷന് പ്രതികരിക്കുന്നു. മാധ്യമ ധര്‍മ്മം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള പദങ്ങളെ ഒരേസമയം നിരായുധരായ പാവപ്പെട്ടവരെ ആക്രമിക്കാനുള്ള ആയുധമായും, അതേസമയം ചില സത്യങ്ങള്‍ മൂടിവച്ച് സായുധരായ അക്രമികളെ സംരക്ഷിക്കാനുള്ള പരിചയായും അവര്‍ ഉപയോഗിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവര്‍, സാംസ്കാരിക നായകര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഈ പ്രവണത ഇന്ന് ദൃശ്യമാണ് എന്ന് പറയുന്ന വിശദീകരണം കമ്മീഷന്റെ ഫേസ് ബുക് പേജിലാണ്.
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ രുപം:
ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കില്‍, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളില്‍ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും. ഉള്ളത് ഉള്ളതുപോലെ പറയാന്‍ മാധ്യമങ്ങളെ ഇവിടെ എത്രപേര്‍ ഉപയോഗിക്കുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ഉള്ളതും ഇല്ലാത്തതും ഭാവനയും എല്ലാം ഇടകലര്‍ത്തിയുള്ള ‘മാധ്യമധര്‍മ്മ’ത്തിനും അത്തരം ‘കലാസൃഷ്ടി’കള്‍ക്കുമാണ് ഇവിടെ കൂടുതല്‍ മാര്‍ക്കറ്റ് ഉള്ളത്.
സ്ഥാപിത താല്പര്യങ്ങളുടെ ഭാഗമായി ഇല്ലാത്തത് പറയാന്‍ ‘ആവിഷ്കാര സ്വാതന്ത്ര്യ’ത്തെ ദുരുപയോഗിക്കുന്ന ഒരുവിഭാഗം കലാകാരന്മാരും മാധ്യമപ്രവര്‍ത്തകരുമാണ് ഒരു പക്ഷത്തുള്ളത്. എന്തു കള്ളം പറഞ്ഞാലും ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഒറ്റവാക്കില്‍ അതിനെ വിശദീകരിച്ച് ആരോപണങ്ങളില്‍നിന്ന് മുഖംതിരിക്കുന്ന കൂട്ടരാണ് അവര്‍. പുരോഗമന പക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളുടെ പിന്തുണയും എല്ലായ്പ്പോഴും അത്തരക്കാര്‍ക്കുണ്ട്. ചില സത്യങ്ങള്‍ തുറന്നുപറയുന്നവരുടെ കയ്യും കഴുത്തും വെട്ടാന്‍ മടിയില്ലാത്ത, ആരെയും വിലയ്ക്കുവാങ്ങാന്‍ സ്വാധീനമുള്ള മറ്റൊരു പക്ഷമാണ് അടുത്തത്. തങ്ങളെ സംബന്ധിക്കുന്ന സത്യങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരാന്‍ പാടില്ല എന്ന നിര്‍ബ്ബന്ധ ബുദ്ധി അവര്‍ക്കുണ്ട്. മേല്‍പ്പറഞ്ഞ പുരോഗമന പക്ഷം ഇക്കൂട്ടര്‍ക്കൊപ്പവുമുണ്ട്. ഒരേസമയം ഇല്ലാത്തത് പറയുന്നതിനെയും കപടതയെയും ന്യായീകരിക്കുകയും, അതേസമയം ഉള്ളത് പറയുന്നതിനെയും യാഥാര്‍ഥ്യങ്ങളെയും തള്ളിപപറയുകയും ചെയ്യുന്ന ആ പുരോഗമനപക്ഷമാണ് ഈ നാട്ടിലെ യഥാര്‍ത്ഥ അപകടകാരികള്‍.
ഇത്തരമൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന ചില വിചിത്ര നാടകങ്ങളെ വിലയിരുത്തേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നാടകത്തിന്റെയും നോവലിന്റെയും ന്യൂസ് റിപ്പോര്‍ട്ടുകളുടെയും രൂപത്തില്‍ ഒരു ശതമാനം പോലും സത്യമില്ലാത്ത കെട്ടുകഥകള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവരും അതിനെ ഏറ്റെടുക്കുന്നവരും തന്നെ, കേള്‍ക്കുന്നത് സത്യമാണ് എന്ന് വ്യക്തതയുണ്ടെങ്കിലും പ്രതിഷേധങ്ങളും പ്രത്യാഘാതങ്ങളും ഭയന്ന് മറ്റു ചിലകാര്യങ്ങളെ തള്ളിപ്പറയുകയും മറച്ചുവയ്ക്കുകയും ചെയ്യുന്നു എന്നുവരുമ്പോഴാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇവിടെ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. മാധ്യമ ധര്‍മ്മം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള പദങ്ങളെ ഒരേസമയം നിരായുധരായ പാവപ്പെട്ടവരെ ആക്രമിക്കാനുള്ള ആയുധമായും, അതേസമയം ചില സത്യങ്ങള്‍ മൂടിവച്ച് സായുധരായ അക്രമികളെ സംരക്ഷിക്കാനുള്ള പരിചയായും അവര്‍ ഉപയോഗിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവര്‍, സാംസ്കാരിക നായകര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഈ പ്രവണത ഇന്ന് ദൃശ്യമാണ്.
കേരളസ്റ്റോറി എന്ന ഒരു ചലച്ചിത്രത്തിന്റെ മൂന്നു മിനിറ്റില്‍ താഴെവരുന്ന ഒരു ട്രെയ്ലര് പുറത്തുവന്നത് കേരളത്തിലെ രാഷ്ട്രീയ – സാംസ്കാരിക – മാധ്യമ പ്രവര്‍ത്തകരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. എന്താണ് ചലച്ചിത്രം പറയാന്‍ പോകുന്നത് എന്നതിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് പോലും ഇല്ലാതിരിക്കെയാണ് ഈ നടുക്കം. കുറേകാലമായി കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ‘ലൗജിഹാദ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രണയക്കെണികള്‍, ഇത്തരം പ്രവര്‍ത്തനങ്ങളും ചില തീവ്രവാദ സംഘനകളും തമ്മിലുള്ള ബന്ധം, കേരളത്തില്‍നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അനേകര്‍ പോകുന്നത് തുടങ്ങിയവയാണ് ചലച്ചിത്രത്തിന്റെ പ്രമേയം എന്ന് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടോ എന്നുള്ളതിന് വ്യക്തതക്കുറവ് മലയാളികളായ ആര്‍ക്കുംതന്നെ ഉണ്ടാകാതിരിക്കാനിടയില്ല.
ചില പ്രത്യേക വിഭാഗങ്ങള്‍ക്കിടയില്‍ 2018 മുതല്‍ കേരളാപോലീസ് ‘ഡീറാഡിക്കലൈസേഷന്’ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് (സെപ്റ്റംബര്‍ 22, 2021). ISIS പോലുള്ള ഭീകര സംഘടനയുടെ ആശയങ്ങളില്‍ ആകൃഷ്ടരായ അനേകരെ തിരികെ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാന്‍ പോയവരുടെ ലഭ്യമായ കണക്കുകളും മുഖ്യമന്ത്രി തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരത്തില്‍ പോയിട്ടുള്ളവരുടെ യഥാര്‍ത്ഥ എണ്ണം ലഭിക്കുക എളുപ്പമല്ലെങ്കിലും കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ പോയ നൂറിലേറെ പേരെക്കുറിച്ച് കേരളാപോലീസിന് വ്യക്തതയുണ്ട്. പിന്നീട് ഫാത്തിമ ആയിമാറിയ നിമിഷ, മതം മാറി മറിയം ആയ മെറിന്, ആയിഷ ആയി മാറിയ സോണിയ എന്നിവരും അക്കൂട്ടത്തില്‍ പെടും. കേരളത്തില്‍ ISIS ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് 2020 ജൂലൈ മാസം പുറത്തുവന്ന യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മറ്റു ചില ഭീകരസംഘടനകളുടെ കേരളത്തിലെ സാന്നിധ്യത്തെക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തതയുണ്ട്. 97 ലെ തൃശൂര്‍ റെയിവേ സ്റ്റേഷനിലെ സ്ഫോടനക്കേസിന്റെ അന്വേഷണം ജംഇയ്യത്തുള്‍ ഇസ്ഹാനിയ എന്ന ഭീകര സംഘടനയിലും അവര്‍ നടത്തിയ ആറ് കൊലപാതകങ്ങളിലുമാണ് ചെന്നെത്തിയത്. സമീപകാലത്തു നടന്ന എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിന് പിന്നിലും തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ട് എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേരളത്തില്‍ പ്രണയം ആയുധമാക്കി പെണ്‍കുട്ടികളെ കെണിയില്‍ പെടുത്തുന്ന തീവ്രവാദ ബന്ധമുള്ള ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മതംമാറ്റം അവരുടെ ലക്ഷ്യമാണെന്നും പല മുന്‍ ഡിജിപിമാരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. പ്രണയം വഴി കെണികളില്‍ അകപ്പെടുന്ന പെണ്‍കുട്ടികളില്‍ ചെറിയ ഒരു വിഭാഗമെങ്കിലും മയക്കുമരുന്ന് കടത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗിക അടിമകളായി ഭീകരര്‍ക്കിടയിലും ഉപയോഗിക്കപ്പെടുന്നുണ്ട് എന്നുള്ളതിന് നിരവധി മാധ്യമ റിപ്പാര്‍ട്ടുകള്‍ തെളിവാണ്.
ഇത്രയൊക്കെയായിട്ടും ഇത്തരമൊരു പ്രമേയം ചലച്ചിത്രമായാല്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തേ പറ്റൂ എന്നും, അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല എന്നുമാണ് കേരളത്തിലെ ‘പ്രമുഖരുടെ’ പക്ഷം. മത, രാഷ്ട്രീയ ഭേദമില്ലാതെയാണ് സകലരും ഇക്കാര്യത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത് എന്നുള്ളതാണ് കൗതുകം. കേരളത്തിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും സകല മാധ്യമങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഞങ്ങളുടെ കേരളം ഇതല്ല, ഇങ്ങനെയല്ല എന്നാണ് അവര്‍ ഒന്നടങ്കം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ തീവ്ര ഇസ്ലാമിക സംഘടനകളോ, അവരുടെ പ്രവര്‍ത്തനങ്ങളോ ഇല്ല, പെണ്‍കുട്ടികള്‍ പ്രണയം വഴി മതംമാറ്റപ്പെടുന്നില്ല, തീവ്രവാദ സംഘടനകളിലേക്ക് കേരളത്തില്‍നിന്ന് ഇതുവരെ ആരും പോയിട്ടില്ല എന്നൊക്കെയാണ് അവര്‍ക്ക് തറപ്പിച്ച് പറയാനുള്ളത്. SIMI, PFI തുടങ്ങിയ സംഘടനകള്‍ എങ്ങനെ നിരോധിക്കപ്പെട്ടു എന്നുള്ള ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.
ഇനി മറ്റൊരു വിഷയത്തിലേക്ക്. ഉള്ളത് പറയില്ല പറയാന്‍ അനുവദിക്കില്ല എന്നുള്ള സാഹചര്യങ്ങള്‍ ഒരുവശത്ത് നിലനില്ക്കുമ്പോള്, ചില ‘കക്കുകളി’കളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. നാല്‍പ്പത്തിനായിരത്തില്‍പരം കത്തോലിക്കാ സന്യാസിനിമാരാണ് കേരളത്തിലുള്ളത്. അനാഥരും അശരണരും ആലംബഹീനരും മനസികരോഗികളുമായി കേരളത്തിലുള്ളവരില്‍ ബഹുഭൂരിപക്ഷത്തെയും പരിരക്ഷിക്കുന്നതും, സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയില്‍ മോശമല്ലാത്തൊരു പങ്ക് നടത്തുന്നതും തുടങ്ങി അവര്‍ ഇടപെടാത്ത അവശ്യ സേവന മേഖലകളില്ല. ഇങ്ങനെ ഒരു വിഭാഗം പെട്ടെന്നൊരു ദിവസം കേരളത്തില്‍നിന്ന് ഇല്ലാതായാല്‍ എന്താണ് സംഭവിക്കുക എന്നുള്ളത് അചിന്തനീയമാണ്. ആ സമൂഹത്തെ അടച്ചാക്ഷേപിക്കുകയും അവരുടെ ആത്മാഭിമാനത്തെ അത്യന്തം ഹീനമായ രീതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടാണ് ‘കക്കുകളി’ എന്ന നാടകം നിര്‍മ്മിക്കപ്പെട്ടത്. അതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. സന്യാസിനിമാര്‍ നിരത്തിലിറങ്ങി. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലെയും കലക്ടര്‍മാര്‍ക്കും, ഹൈക്കോടതിയിലും പരാതികള്‍ നല്കപ്പെട്ടു.
അത്രയൊക്കെയായിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കളും അതിനെതിരെ ശബ്ദിച്ചില്ല. മറിച്ച്, ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും സന്യാസിനിമാരും നിശിതമായി വിമര്‍ശിക്കപ്പെട്ടു. ആ നാടകത്തിന് കൂടുതല്‍ വേദികള്‍ നല്‍കുമെന്ന് ഇടതുപക്ഷ അനുകൂല സംഘടനകള്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് കൂടുതല്‍ വേദികളില്‍ ആ നാടകം അരങ്ങേറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരേയൊരു ലക്ഷ്യം, ക്രൈസ്തവ സമൂഹത്തെയും, സന്യാസിനിമാരെയും അവഹേളിക്കുക. ഒരേയൊരു ധൈര്യം, ക്രൈസ്തവരെ അവഹേളിച്ചാല്‍ ആരുടേയും കയ്യോ തലയോ പോവുകയില്ല! ഇത്തരമൊരു സമൂഹത്തിനെതിരെ വ്യാപകമായ തെറ്റിദ്ധാരണാജനകള്‍ ജനിപ്പിക്കുന്ന ഇതുപോലൊരു നാടകാവതരണം സാംസ്കാരിക കേരളത്തിന് തന്നെ അപമാനകരമായിട്ടും ഒരു സാംസ്കാരിക നായകനുപോലും അതില്‍ വേദന തോന്നിയില്ല. ആരും പ്രതികരിച്ചില്ല. ആയിരക്കണക്കിന് പേര് ഒരുമിച്ചുകൂടിയ പ്രതിഷേധ യോഗങ്ങള്‍ക്ക് നല്കിയതിനേക്കാള് വാര്‍ത്താപ്രാധാന്യം ക്രൈസ്തവര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്കി. ‘കക്കുകളി’ ഒരു ഒറ്റപ്പെട്ട വിഷയമല്ല, മുമ്പ് നിരോധിക്കപ്പെട്ടിട്ടും പുതിയ രൂപത്തില്‍ പ്രദര്‍ശനത്തിനെത്തിയ ‘അക്വേറിയം’ മുതല്‍ ക്രൈസ്തവ സമൂഹത്തെയും സന്യസ്തരെയും അവഹേളിക്കുന്ന സിനിമകളും നോവലുകളും ചെറുകഥകളും കഴിഞ്ഞ കാലങ്ങള്‍ക്കിടെ ഒട്ടേറെയെണ്ണം പുറത്തിറങ്ങി. അതിനെതിരെയുള്ള പ്രതിഷേധങ്ങളും പരാതികളും സമാനമായരീതിയില്‍ അവഗണിക്കപ്പെടുകയാണുണ്ടായത്.
വാസ്തവവിരുദ്ധമായ വ്യാജ സൃഷ്ടികളിലൂടെ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക ഐക്യത്തെയും തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് മതത്തിനും സമൂഹത്തിനും എതിരെയായാലും അത് തടയപ്പെടേണ്ടത് തന്നെയാണ്. അതേസമയം സത്യം തുറന്നുപറയുന്നതിനെ ഭയക്കേണ്ടതുമില്ല. എന്നാല്‍, വിപരീത ദിശയിലാണ് ഈ വിഷയത്തില്‍ കേരളത്തിന്റെ സഞ്ചാരം. സെലക്ടീവ് പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിശബ്ദതയും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇവിടെ നടക്കുന്നത് എന്തൊക്കെയാണെന്നും കേരളജനത ഇനിയെങ്കിലും തിരിച്ചറിയാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നമ്മെ നയിക്കുമെന്ന് തീര്‍ച്ച. ആരാണ് ഇവിടെ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതെന്നും ഒളിപ്പോരുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കി നല്‍കുന്നതെന്നും തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ സാധാരണ ജനങ്ങളാണ് മുന്നോട്ടുവരേണ്ടത്. കാരണം, രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും സാംസ്കാരിക നായകരും അടങ്ങുന്ന കേരളത്തിലെ പ്രമുഖ പുരോഗമന പക്ഷത്തിന് സത്യം പറയാനും സത്യത്തോടൊപ്പം നിലകൊള്ളാനുമുള്ള കഴിവ് നഷ്ട്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: