സായ് ധരം തേജ്, സംയുക്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ തെലുങ്ക് ഹിറ്റ് ചിത്രം ‘വിരുപക്ഷ’ മലയാളത്തില്‍ റിലീസിനൊരുങ്ങുന്നു. ഇ4 സിനിമാസാണ് ചിത്രം മലയാളത്തിലേക്ക് എത്തിക്കുന്നത്. എസ്വിസിസിയുടെ ബാനറില്‍ ബിവിഎസ്എന് പ്രസാദിനൊപ്പം സുകുമാര്‍ റൈറ്റിങ്സിന്റെ ബാനറില്‍ സുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കാര്‍ത്തിക് വര്‍മ്മ ദണ്ഡു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാന്താര, വിക്രാന്ത് റോണ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അജനീഷ് ലോക്നാഥ് സംഗീതം കൈകാര്യം ചെയ്യുന്നു. എഡിറ്റര്‍ നവീന്‍ നൂലി, ക്യാമറ ഷാംദത്. ചിത്രത്തിന്റെ റിലീസ് തീയതി മുതല്‍ വാണിജ്യപരമായി പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തുകൊണ്ട് ചിത്രം മുന്നേറുകയാണ്.
ഒരു ഹൊറര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഗ്രാമത്തില്‍ നടക്കുന്ന ദുര്‍മരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് സംസാരിക്കുന്നത്. ‘പുഷ്പ’ ഒരുക്കിയ സുകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഭീംല നായക് എന്ന ചിത്രത്തിനു ശേഷം സംയുക്ത അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്.
ഇതിനോടകം തന്നെ തെലുങ്കില്‍ വന്‍ ആരാധക പിന്തുണ സംയുക്ത നേടിയെടുത്തിരിക്കുകയാണ്. തമിഴ്നാട്ടില്‍ ജ്ഞാനവേല്‍ രാജ റിലീസിനെത്തിക്കുമ്പോള്‍ ഗോള്ഡ്മൈന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനീഷ് ചിത്രം ഹിന്ദിയില്‍ എത്തിക്കുന്നു. മെയ് അഞ്ചിനാണ് ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്നത്. ശബരിയാണ് പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: