ഇടുക്കി : അരിക്കൊമ്പന് ദൗത്യം ശനിയാഴ്ചയും തുടരുമെന്ന് വനം വകുപ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെ തന്ന ആനയ്ക്കായി തെരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. വെയില് ശക്തമായതോടെ അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ച് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനുള്ള സാധ്യത മങ്ങിയതോടെയാണ് ദൗത്യ സംഘം ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം 150ഓളം പേരാണ് ചിന്നക്കനാലിലെ ദൗത്യ സംഘത്തില്‍ ഉള്ളത്. ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചതോടെ അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളര്‍ ബേസ് ക്യാമ്പില്‍ എത്തിച്ചിട്ടുണ്ട്. ചിന്നക്കനാലില്‍ നിന്ന് പതിനഞ്ച് കിലോ മീറ്ററോളം അകലെ ശങ്കരപാണ്ഡ്യ മേട് എന്ന സ്ഥലത്താണ് അരിക്കൊമ്പന് ഇപ്പോഴുള്ളതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ദൗത്യത്തിന് നേതൃത്വം നല്കുന്ന ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്.എസ്. അരുണും ഡോ. അരുണ്‍ സക്കറിയയും ഉള്‍പ്പെടെ ഉള്ളവര്‍ ശങ്കരപാണ്ഡ്യ മേട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ആനയെ കണ്ടെത്തുന്നത് വരെ ശ്രമം തുടരും. അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. ദൗത്യസംഘം സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ആനയെ വെള്ളിയാഴ്ച കണ്ടെത്താന്‍ സാധിക്കാതിരുന്നത്. ദൗത്യത്തില്‍ നിന്ന് പിന്മാറാന് വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നുവെന്നും വനംമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: