ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന ആവശ്യത്തിന്മേല് നിലപാട് കര്‍ക്കശമാക്കി കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ക്കാവശ്യമില്ലാത്ത കാര്യം അഞ്ചു ബുദ്ധിമാന്മാര് ചേര്‍ന്ന് തീരുമാനിച്ചാല്‍ എങ്ങനെ നടപ്പാകുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിനിടെ, സുപ്രീം കോടതി നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. എല്‍ജിബിടിക്യു സമൂഹത്തിന് വേണ്ടി സാമൂഹ്യ സുരക്ഷാ പദ്ധതികളെങ്കിലും നടപ്പാക്കണമെന്ന നിര്‍ദേശം കോടതി ഇന്നലെ വാദത്തിനിടെ മുന്നോട്ടുവച്ചു.
അതിരൂക്ഷ വിമര്‍ശനമാണ് കേന്ദ്ര നിയമ മന്ത്രി നടത്തിയത്. ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതികളല്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. ‘അഞ്ചു ബുദ്ധിമാന്മാര് ചേര്‍ന്ന് അവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം നടപ്പാക്കാന്‍ നോക്കുന്നു. അതേപ്പറ്റി പ്രതികരണമൊന്നും നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജനങ്ങള്ക്കാവശ്യമുള്ളതല്ല അത്. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല’, കിരണ്‍ റിജിജു പറഞ്ഞു.
ഏറെ വൈകാരികവും സുപ്രധാനവുമായ വിവാഹം പോലുള്ള വിഷയങ്ങളില്‍ രാജ്യത്തെ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്. 142-ാം വകുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ നിയമം നടപ്പാക്കുകയെന്ന അധികാരങ്ങള്‍ സുപ്രീം കോടതിക്കുണ്ട്. എന്നാല്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയങ്ങളില്‍ സുപ്രീം കോടതിയല്ല അത് തീരുമാനിക്കേണ്ട വേദി. സര്‍ക്കാര്‍-കോടതി പോരായി ഇതിനെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഇതു സര്‍ക്കാരും കോടതിയും തമ്മിലുള്ള വിഷയം പോലുമല്ല. ഇതു ജനങ്ങളുടെ ആഗ്രഹത്തിന്റെ വിഷയമാണ്. ജനാഭിലാഷമാണ്
പാര്‍ലമെന്റിലും നിയമ നിര്‍മാണ സഭകളിലും പ്രതിഫലിക്കുന്നത്, കേന്ദ്ര നിയമ മന്ത്രി പറഞ്ഞു.സ്വവര്‍ഗ പങ്കാളികളുടെ സാമൂഹ്യ ഭ്രഷ്ട് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇന്നലെ വാദത്തിനിടെ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കാതെ തന്നെ ഈ വിഭാഗത്തിന് സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാന്‍ കഴിയുമെന്ന് അറിയിക്കാനാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. സംയുക്ത ബാങ്ക് അക്കൗണ്ട് തുറക്കുക, ഇന്‍ഷുറന്‍സ് നോമിനിയായി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ എങ്ങനെ പരിഗണിക്കാമെന്നും നിര്‍ദേശങ്ങള്‍ നല്‍കണം. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ആവശ്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം പാര്‍ലമെന്റിന് വിട്ടുകൊടുക്കണമെന്ന കേന്ദ്രത്തിന്റെ ശക്തമായ നിലപാടിന് കോടതി പതിയെ വഴങ്ങുന്ന ലക്ഷണങ്ങളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പുതിയ നിലപാടുമാറ്റം നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: