ഇടുക്കി : അരിക്കൊമ്പനെ പിടിക്കുന്നതിനായുള്ള വനം വകുപ്പിന്റെ ദൗത്യം തുടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ തന്നെ ദൗത്യത്തിന് തുടക്കമായി. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയ, വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ ഉള്‍പ്പെടെ 150 പേരാണ് ദൗത്യത്തിലുള്ളത്.
ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലര്‍ച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം 6.20ഓടെ ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിച്ച് മയക്കുവെടി വയ്‌ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി. ആറരയോടെ കുങ്കിയാനകളും രംഗത്തിറങ്ങി. ദൗത്യത്തിനോടനുബന്ധിച്ച് ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ ദൗത്യം നീളുകയാണ്. വാഹനമെത്താന്‍ കഴിയാത്ത സ്ഥലത്താണ് നിലവില്‍ ആന നില്‍ക്കുന്നതെന്നത് പ്രതിസന്ധി ഉയര്‍ത്തുന്നതാണ്. അതിനാല്‍ ആനയെ പ്ലാന്റേഷനില്‍ നിന്ന് പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമം നടക്കുന്നത്. അരിക്കൊമ്പനെ ദൗത്യസംഘം വളഞ്ഞിരിക്കുകയാണ്. നീങ്ങാന്‍ സാധ്യതയുള്ള മേഖലയിലേക്ക് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. മയക്കുവെടി വയ്‌ക്കുന്നതിന് കൃത്യമായി പൊസിഷന്‍ കാത്തിരിക്കുകയാണ് ദൗത്യസംഘം.
അതേസമയം ഇതിന് മുമ്പ് അഞ്ച് തവണ അരിക്കൊമ്പന് മയക്കുവെടിയേറ്റിട്ടുണ്ട്. ഇതെല്ലാം ആന അതിജീവിച്ചിട്ടുള്ളതാണെന്നതാണ് പ്രശ്‌നം. അരിക്കൊമ്പനെ പിടിക്കാന്‍ സമ്പൂര്‍ണ്ണ സജ്ജരായാണ് വനം വകുപ്പ് രംഗത്തുള്ളത്. മൂന്ന് മണിവരെ മയ്കുവെടിവെയ്‌ക്കാമം എന്നാണ് നിയമം. ഇന്ന് തന്നെ അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാമെന്നാണ് ദൗത്യസംഘത്തിന്റെ പ്രതീക്ഷ.
അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. അരിക്കൊമ്പന്‍ ദൗത്യം ഇന്ന് തന്നെ ലക്ഷ്യത്തിലെത്തും. കാലാവസ്ഥ അനുകൂലമാണ്. അരിക്കൊമ്പനെ ഒറ്റയ്‌ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്. പ്രദേശത്തെ ആള്‍ക്കൂട്ടം വെല്ലുവിളിയാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മുദ്രവച്ച കവറില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരമാണ് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: