കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണ വിഷയങ്ങളിലൊന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുന്നത് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയതാണ്. ഈ നടപടി മതേതരവിരുദ്ധമായി ചിത്രീകരിച്ച് കോണ്‍ഗ്രസ്സാണ് തെരഞ്ഞെടുപ്പ് വിഷയമാക്കിയത്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മുസ്ലിംവോട്ടു ബാങ്കിന്റെ ആനുകൂല്യം നേടുകയാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നു പറഞ്ഞ് തീരുമാനത്തെ പൂര്‍ണമായി ന്യായീകരിക്കുകയാണ് ബിജെപി. മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് മൊത്തമായി നാല് ശതമാനം പിന്നാക്ക സമുദായ സംവരണം നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. വര്‍ഗീയ പ്രീണനത്തിനുവേണ്ടി എടുത്ത ഈ നടപടി റദ്ദാക്കി രണ്ട് ശതമാനം വീതം സംവരണം വൊക്കലിംഗ-ലിംഗായത് സമുദായങ്ങള്‍ക്ക് നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. തീരുമാനം ചോദ്യം ചെയ്ത് ചില മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച കോടതിയുടെ രണ്ടംഗ ബെഞ്ച് മെയ് ഒന്പതുവരെ തീരുമാനം നടപ്പാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും, സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. ഇത് ഒരു സുവര്‍ണാവസരമായി കണ്ടാണ് കോണ്‍ഗ്രസ്സ് മുസ്ലിം സംവരണം പ്രചാരണ വിഷയമാക്കിയത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ നാല് ശതമാനം മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. തിരിച്ചടികളേറ്റിട്ടും വര്‍ഗീയപ്രീണനത്തില്‍നിന്ന് കോണ്‍ഗ്രസ്സ് പിന്നോട്ടില്ലെന്നതിന്റെ തെളിവാണിത്.
എന്തുകൊണ്ടാണ് മുസ്ലിം സംവരണം റദ്ദാക്കിയതെന്ന് വിശദീകരിച്ചുകൊണ്ട് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം മതേതരത്വത്തിന് വിരുദ്ധമാണെന്ന് ഇതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ച പരാതിക്കാരുടെ നടപടി തെറ്റാണ്. ഇക്കാരണം കൊണ്ടുതന്നെ ഹര്‍ജികള്‍ തള്ളിക്കളയേണ്ടതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സാമൂഹ്യനീതിക്കുവേണ്ടിയുള്ളതാണ് സാമുദായിക സംവരണം. ഏതെങ്കിലുമൊരു മതത്തില്‍ അവശത അനുഭവിക്കുന്ന പ്രത്യേക വിഭാഗങ്ങള്‍ക്കാണ് അതിന് അര്‍ഹതയുള്ളത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കുന്നത് ഭരണഘടനയുടെ 14 മുതല്‍ 16 വരെയുള്ള അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ്. ചരിത്രപരമായി പാര്ശ്വവല്ക്കരിക്കപ്പെടുകയും, അതുമൂലം വിവേചനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ക്കാണ് സംവരണം നല്‍കേണ്ടതെന്നാണ് ഭരണഘടന പറയുന്നത്. എന്നു മാത്രമല്ല, മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് അടക്കം മൂന്നു കമ്മിഷന് റിപ്പോര്‍ട്ടുകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം സാമൂഹ്യനീതിക്ക് വിരുദ്ധമാണെന്ന് വരുന്നു. സാമൂഹ്യനീതി എന്ന സങ്കല്‍പ്പത്തെതന്നെ ഇത് വികലമാക്കും. നിലവിലുള്ള പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന കര്‍ണാടകയിലെ മുസ്ലിങ്ങള്‍ മതത്തിന്റെ പേരില്‍ വിവേചനങ്ങള്‍ അനുഭവിക്കുന്നില്ലെന്നും കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്കുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് ശ്രദ്ധേയമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ആര്‍ക്കെങ്കിലും സംവരണം നല്കിയിട്ടുണ്ടെങ്കില് തന്നെ അത് തുടരേണ്ട യാതൊരു ബാധ്യതയുമില്ലെന്നും, ഈ ആനുകൂല്യം ഭരഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാകുമ്പോള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിന് ബാധകമാണ്. കേരളത്തിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം വരുമെങ്കിലും ന്യൂനപക്ഷമെന്ന പേരില്‍ വളരെയധികം ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണ് മുസ്ലിങ്ങള്‍. അവര്‍ക്കാണ് പിന്നാക്ക സമുദായസംവരണവും മതത്തിന്റെ പേരു പറഞ്ഞ് നല്കിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാ തത്വങ്ങളെ പരിഹസിക്കുകയും, സാമൂഹ്യനീതി സങ്കല്‍പ്പങ്ങളെ കാറ്റില്‍പ്പറത്തുകയും ചെയ്യുന്ന അനീതി പതിറ്റാണ്ടുകളായി തുടരുകയാണ്. പിന്നാക്ക സമുദായ വക്താക്കളും, അവരുടെ രക്ഷകര്‍ ചമയുന്നവരും എന്തുകൊണ്ട് ഇത് ചോദ്യം ചെയ്യുന്നില്ല എന്നതിന് മറുപടി ലഭിക്കേണ്ടതുണ്ട്. ഭരണഘടനാവിരുദ്ധമായിരുന്നിട്ടും ഇതിനെതിരെ മതേതരത്വത്തിന്റെ വക്താക്കള്‍ ആരുംതന്നെ കോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണ്? സംഘടിത മതശക്തികളെയും വോട്ടുബാങ്കിനെയും ഭയക്കുന്നവര്‍ സമൂഹത്തില്‍ അസമത്വം വളര്‍ത്തുകയും, സാമൂഹ്യനീതിയെ അട്ടിമറിക്കുകയും ചെയ്യുന്ന ഈ അനീതിക്ക് കൂട്ടുനില്‍ക്കുകയാണ്. മതസംവരണത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ എടുത്ത നിലപാടിന്റെ വെളിച്ചത്തില്‍ കേരളത്തിലെ മതസംവരണവും നിയമപരമായി ചോദ്യം ചെയ്യപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: