നെടുമങ്ങാട്: വെള്ളാഞ്ചിറ ശ്രീ ആയിരവില്ലി ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലുകള്‍ കത്തിച്ച നിലയില്‍. മെയ് 2,3,4 തീയതികളില്‍ ഉല്‍സവം നടക്കാനിരിക്കേയാണ് സംഭവം. ക്ഷേത്ര കോമ്പൗണ്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. ക്ഷേത്ര ശ്രീകോവിലിനടുത്ത് ജോലിക്ക് നിന്ന വ്യക്തിയാണ് വാതിലുകള്‍ കത്തിയ നിലയില്‍ കണ്ടത്.
ശ്രീകോവിലുകളുടെ പ്രധാന വാതിലുകള്‍ വിറക് ഉപയോഗിച്ചും പെട്രോള്‍ ഒഴിച്ചും കത്തിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് വാതിലുകളും കത്തി നശിച്ചു. നെടുമങ്ങാട് ഡി.വൈ. എസ്. പി യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചു. നാലാം പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിപുലമായ ഉത്സവം നടത്താന്‍ തീരുമാനിച്ചിരിക്കേയാണ് ഈ അനിഷ്ട സംഭവം ഉണ്ടായിരിക്കുന്നത്.
ഈ കിരാത പ്രവൃത്തി ചെയ്തത് ആരായാലും കൃത്യമായ അന്വേഷണം നടത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ ട്രഷറര്‍ നെടുമങ്ങാട് ശ്രീകുമാര്‍ താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ പാര്‍ത്ഥസാരഥി, ഹരികുമാര്‍ ചീരാണിക്കര, ഹിന്ദു ഐക്യവേദി പനവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.എന്‍ ബാബു തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: