പി.ആര്. നാഥന്
(സിനിമാ സംവിധായകന്, എഴുത്തുകാരന്)
മാമുക്കോയ വലിയ സിനിമാ നടനായിരുന്നു. പക്ഷേ സിനിമയിലും ജീവിതത്തിലും അദ്ദേഹം അതിസാധാരണക്കാരനായിരുന്നു. നടനെന്ന തലക്കനം ഇല്ലായിരുന്നു. മണ്ണില്‍ ചവിട്ടി നടന്നു. സാധാരണക്കാരനായി, സാധാരണക്കാര്‍ക്കൊപ്പം നടന്നുവെന്നു പറഞ്ഞാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. എനിക്ക് അദ്ദേഹവുമായി 40 വര്‍ഷത്തെ പരിചയമുണ്ടായിരുന്നു.
എന്റെ ചാട്ട, ധ്വനി എന്നീ സിനിമകളില്‍ പ്രാധാന്യമുള്ള റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്ടുകാരായ സാധാരണക്കാരുടെ ജീവിതമാണ് കഥാപാത്രങ്ങളിലൂടെ മാമുക്കോയ ആവിഷ്കരിച്ചത്. കല്ലായിയിലെ മരം വ്യവസായത്തിന്റെ ഭാഗമായി, മരക്കണക്ക് എടുക്കുന്ന ജോലിയായിരുന്നു ജീവിതവൃത്തിക്ക്. കലാകാരനായ മാമുവിന്റെ ആദ്യകാലം മനോധര്‍മ്മ നാടക വേദികളിലായിരുന്നു.
നാടത്തിന്റെ കഥ നടന്മാരോട് പറയും. അതിന്റെ ഗതിയും പരിണാമവും പരിണാമഗുപ്തിയും. അവര്‍ക്ക് സാഹചര്യത്തിനിണങ്ങുന്ന സംഭാഷണം പറയാം. അഭിനയ രീതിയും നിശ്ചയിക്കാം. അതാണ് മനോധര്‍മ നാടകത്തിന്റെ രീതി. കോഴിക്കോട്ടെ ഇത്തരം നാടകവേദികളില്‍ അന്ന് ഏറ്റവും പ്രമുഖരായിരുന്ന കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരന് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു മാമുക്കോയയുടെയും നാടക വളര്‍ച്ച. പിന്നീട് മാമു സിനിമയിലെത്തി. നര്‍മ്മം സംഭാഷണത്തിലും പെരുമാറ്റത്തിലും ഉണ്ടായിരുന്നത് കഥാപാത്രങ്ങള്‍ക്കനുസരിച്ച് പ്രയോഗിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിനയം. കോഴിക്കോട്ടുകാരായ കലാകാരന്മാര്ക്കിടയിലെ വിശേഷ ഗുണം അദ്ദേഹത്തിലും ഞാന്‍ കണ്ടു.
എന്റെ ധ്വനി സിനിമയില്‍ മാമു ഉണ്ടായിരുന്നു. ഒരു അഭിനേതാവിനെക്കൂടെ പെട്ടെന്നുവേണം. ഞാനും എ.ടി. അബുവും ഇത് സംസാരിച്ചു നില്‍ക്കെ മാമുക്കോയ കേട്ടു. ഉടനെ പറഞ്ഞു, പരിചയക്കാരനായ ഒരാളുണ്ടെന്നും നാടക നടനാണെന്നും. അങ്ങനെ കൂട്ടുകലാകാരനായ നാരായണന്‍നായരെ സിനിമയിലെത്തിച്ചു. ഇത് അസൂയയില്ലായ്മയാണ്. അവസരത്തില്‍ സഹായിക്കലാണ്. അത് നാടന്‍ ജീവിതമാണ്.
മാമുക്കോയ വഴിയോരത്തുകൂടി നടക്കും, നാടന്‍ ചായപ്പീടികയില്‍നിന്ന് ചായകുടിക്കും. അവരോട് കുശലം പറയും. മാങ്കാവിലുള്ള എന്റെ വീട്ടില്‍ ഇടയ്ക്ക് വരുമായിരുന്നു; അപ്രതീക്ഷിതമായി. വന്നാല്‍ ബെല്ലടിച്ച് ഔപചാരികതയോടെ ഉമ്മറത്തായിരിക്കില്ല വരവ്. പിന്നാമ്പുറത്തെ ജനാലയിലൂടെ മാമുവിനെ കാണാം, നാഥന് മാഷ് ഇവിടെ ഇല്ലേ എന്ന് നോക്കാന്‍ കയറിയതാണെന്നു പറഞ്ഞ് അകത്തുവരും. പിന്നെ വര്‍ത്തമാനങ്ങള്‍. ഞങ്ങള്‍ ഒന്നിച്ച് പല വേദികളില്‍ ആധ്യാത്മിക പ്രഭാഷണത്തിന് പങ്കെടുത്തിട്ടുണ്ട്. അവിടെ മാമു ജീവിതമാണ് പറയുക, സാധാരണക്കാരുടെ ജീവിതം. എന്നിട്ട് പറയും നാഥന് മാഷ് കൂടുതല്‍ പറയും, എത്രസമയം വേണമെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന്.
ഒരിക്കല്‍ ഞങ്ങള്‍ കല്ലായി റോഡിലൂടെ നടക്കുകയാണ്. ‘ഖണ്ഡകാവ്യം’ എന്ന സിനിമയുടെ പോസ്റ്റര്‍. ഞാന്‍ ചോദിച്ചു: മാമു ഇല്ലേ ഇതില്‍. മറുപടി: ഉവ്വ്, ഇറച്ചിവെട്ടുകാരനാണ്. ഇറച്ചി തുണ്ടംതുണ്ടമാക്കി കൊടുക്കുന്ന ജോലിയാണ്. അതല്ലേ സിനിമയ്ക്ക് ഖണ്ഡകാവ്യം എന്ന പേരിട്ടത്. പോരേ, നര്‍മ്മം.
പക്ഷേ മാമു സാഹിത്യ കുതുകിയോ വലിയ വായനക്കാരനോ ഒന്നും ആയിരുന്നില്ലെന്നാണ് അറിവ്. എന്നാല്‍, തനത് സംസ്കാരത്തെ എവിടെയും മികവുള്ളതായി അവതരിപ്പിച്ചു. ജനപ്രിയമായത് പറയാനും ചെയ്യാനും അറിയാമായിരുന്നു. അതില്‍ അഭിമാനിച്ചിരുന്നു. ഒരു വിവാദത്തിലും ചെന്ന് ചാടിയില്ല. ആരേയും പിണക്കിയില്ല. ആരോടും പിണങ്ങിയില്ല. സിനിമയുടെ വെള്ളിവെളിച്ചത്തിലും അഹങ്കരിച്ചില്ല, ആരേയും അവഗണിച്ചില്ല. അതുകൊണ്ടുതന്നെ സിനിമാ ലോകത്തും മാമുക്കോയയെപ്പോലെ എന്ന് ഒരു മാതൃക പറയാനൊക്കെ സാധിക്കുമായിരുന്നു. മരക്കണക്കായിരുന്നു മാമുക്കോയയുടെ ജീവിതവൃത്തിയുടെ അടിത്തറ. മനക്കണക്കുണ്ടായിരുന്നു അഭിനയ ജീവിതത്തില്‍. രണ്ടും തെറ്റിയില്ല, തെറ്റിച്ചില്ല എന്നുതന്നെ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: