ജയേഷ് മുള്ളത്ത്
മലപ്പുറം: ഫുട്ബോളിനെ ഏറെ സ്നേഹിച്ചിരുന്ന നടന് മാമൂക്കോയ ഒടുവില്‍ നടന്നകന്നതും പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ മത്സരവേദിയില്‍ നിന്ന്.
താന്‍ ഫുട്ബോള്‍ ആരാധകന് മാത്രമല്ല കളിക്കാന്‍ ഇഷ്ടപ്പെടുന്ന ആളു കൂടിയാണെന്ന് പല വേദികളിലും മാമൂക്കോയ പറഞ്ഞിരുന്നു. മാത്രമല്ല പല പ്രദര്‍ശന മത്സരങ്ങളിലും പന്തുതട്ടാന്‍ ജഴ്സി ധരിച്ച് ഇറങ്ങിയിട്ടുമുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവില്‍ പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ മത്സത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മാമൂക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.
ഒരു ദുരന്തം ഉണ്ടായ മൈതാനത്തേക്ക് കാണികളെ ആകര്‍ഷിക്കാന്‍ ഒരു സെലിബ്രറ്റി അതിഥി വേണമെന്ന സംഘാടകരുടെ തീരുമാനമാണ് മാമൂക്കോയയില് എത്തിയത്. ഒന്‍പത് ലക്ഷത്തിലേറെ രൂപ മുടക്കി പൂര്‍ണമായും ഇരുമ്പ് കൊണ്ടുള്ള ഗ്യാലറി ഒരുക്കി.മത്സരത്തില്‍ മാമുക്കോയയുടെ സാന്നിധ്യമുണ്ടാവുമെന്ന് അറിഞ്ഞ് സ്ത്രീകളുടെയും കുട്ടികളുടെയും വലിയ തിരക്ക് മൈതാനത്ത് ഉണ്ടാക്കി.
ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായിരുന്ന മാമുക്കോയ അതെല്ലാം അവഗണിച്ചാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് എത്തിയത്. എട്ടരയ്ക്ക് തുടങ്ങാന്‍ നിശ്ചയിച്ച കളിക്ക് ഉദ്ഘാടകനായ മാമുക്കോയ 8.10ന് എത്തിയതടക്കം അദ്ദേഹത്തിന് ഫുട്ബോളിനോടുള്ള പ്രിയം വ്യക്തമാക്കുന്നതാണ്.
താര പരിവേഷ ജാഡകളില്ലാതെ തന്നെയാണ് മൈതാനത്തെത്തിയത്. തന്റെ ആരോഗ്യപരമായ കാരണം കൊണ്ട് കളി മുടങ്ങാതിരിക്കാന്‍ മാമുക്കോയ ശ്രദ്ധിച്ചു. പതിവിന് വിപരീതമായി മുഖത്ത് പ്രസന്നത പ്രകടമായിരുന്നില്ല. മത്സരത്തിന്റെ സംഘാടകരായ പൂങ്ങോട് ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ നല്കിയ സ്വീകരണം ഏറ്റുവാങ്ങുമ്പോഴും തന്റെ ശാരീരിക ബുദ്ധിമുട്ട് അദ്ദേഹം പുറത്തുകാണിച്ചില്ല. സംഘാടകര്‍ ക്ഷണിച്ച് കസേരയില്‍ ഇരുത്തി കുറച്ചുകഴിഞ്ഞ് ശാരീരിക അസ്വസ്ഥത തോന്നിയ അദ്ദേഹം ആരേയും അറിയിക്കാതെ മൈതാനത്തിന്റെ പിറകിലേക്ക് ഇറങ്ങുകയായിരുന്നു. അവിടെ നിന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ബ്രസീല്‍ ആരാധകനായിരുന്ന അദ്ദേഹം ഫുട്ബോളിനെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ആയിരം നാവായിരുന്നു. പല വേദികളിലും സുഹൃത്തുകളോടുള്ള സ്നേഹ സംഭാഷണത്തിലും അത് പ്രകടമായിരുന്നു. മാമൂക്കോയയുടെ അവാസാനത്തെ പൊതുപരിപാടിയും ഫുട്ബോള്‍ മൈതാനമായത് വിധിയുടെ നിയോഗമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: