അഹമ്മദാബാദ്: നൂര്‍ അഹമ്മദും റാഷിദ് ഖാനും മോഹിത് ശര്‍മയും തകര്‍ത്ത് ബൗള്‍ ചെയ്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 55 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ചൊവ്വാഴ്ച് രാത്രി നടന്ന പോരാട്ടത്തിലാണ് ഗുജറാത്ത് ഉജ്ജ്വല ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് ടോപ് സ്കോറര്‍. ടൈറ്റന്‍സിനായി നൂര്‍ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശര്‍മ്മയും രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.
ഗുജറാത്ത് ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് തുടങ്ങിയ മുംബൈയ്ക്ക് തുടക്കം മുതല്‍ പാളി. സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മയെ റിട്ടേണ്‍ ക്യാച്ചിലൂടെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. മറ്റൊരു ഓപ്പണറായ ഇഷാന് കിഷന് 21 പന്ത് നേരിട്ടെങ്കിലും 13 റണ്‍സ് മാത്രമെടുത്ത് റാഷിദ് ഖാന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം ഇതേ ഓവറില്‍ ഇംപാക്ട് പ്ലെയറായി എത്തിയ തിലക് വര്‍മ്മ 3 പന്തില്‍ 2 റണ്ണുമായി വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ക്രീസില്‍ നില്‍ക്കേ മുംബൈ സ്കോര്‍ 58-3. നൂര്‍ അഹമ്മദിന്റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ കാമറൂണ്‍ ഗ്രീനിന്റെ (26 പന്തില്‍ 33) കുറ്റി തെറിച്ചു. ഇതേ ഓവറിലെ നാലാം പന്തില്‍ ടിം ഡേവിഡ് (2 പന്തില്‍ 0) അഭിനവ് മനോഹറിന്റെ ക്യാച്ചില്‍ മടങ്ങി. പിന്നീട് സൂര്യകുമാര്‍ യാദവിനെ (12 പന്തില്‍ 23) റിട്ടേണ്‍ ക്യാച്ചിലൂടെയും നൂര്‍ മടക്കി.
പിന്നീട് പീയുഷ് ചൗളയും (12 പന്തില്‍ 18), നെഹാല്‍ വധേരയും (12 പന്തില്‍ 40) പൊരുതിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. മോഹിതിന്റെ അവസാന ഓവറില്‍ അര്ജുന് ടെന്‍ഡുല്‍ക്കറും (9 പന്തില്‍ 13) മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: