മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ നിലവനിലെ ചാമ്പ്യന്മാരും കരുത്തരുമായ റയല്‍ മാഡ്രിഡിന് നാണം കെട്ട തോല്‍വി. താരതമ്യേന ദുര്‍ബലരായ ജിറോണയാണ് ഹോം മത്സരത്തില്‍ റയലിനെ തകര്‍ത്തത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അവരുടെ വിജയം. ടാറ്റി കാസ്റ്റെല്ലനോസ് ഹാട്രിക്ക് അടക്കം നേടിയ നാല് ഗോളുകളാണ് ജിറോണയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. റയലിനായി വിനീഷ്യസ് ജൂനിയറും ലൂക്കാസ് വാസ്ക്വെസും ലക്ഷ്യം കണ്ടു.
റയല്‍ മാഡ്രിഡിനെതിരെ 75 വര്‍ഷത്തിന് ശേഷമാണ് ലാ ലിഗയിലെ ഒരു കളിയില്‍ എതിര് താരം നാല് ഗോള്‍ നേടുന്നത്. 1947ല്‍ റയല്‍ ഒവീഡിയോ താരമായിരുന്ന എസ്റ്റെബന് എച്ചാവാരിയ ആണ് റയലിനെതിരെ അഞ്ച് ഗോളടിച്ച് റെക്കോര്‍ഡിട്ടത്.
ജിറോണയില്‍ വായ്പാ അടിസ്ഥാനത്തിലാണ് കാസ്റ്റെല്ലനോസ് കളിക്കുന്നത്. താരം ന്യൂയോര്‍ക്ക് സിറ്റി എഫ്.സിയില്‍നിന്നാണ് ജിറോണയില്‍ വായ്പാ അടിസ്ഥാനത്തിലെത്തിയത്. അര്‍ജന്റീന താരമാണ് കാസ്റ്റെല്ലനോസ്.
തോല്‍വി കിരീടപ്പോരാട്ടത്തില്‍ റയലിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. നിലവില്‍ 31 മത്സരങ്ങളില്‍ നിന്ന് 65 പോയന്റുമായി പട്ടികയില്‍ രണ്ടാമതാണ് റയല്‍. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്സലോണ 76 പോയന്റുമായി മുന്നിലുണ്ട്. അടുത്ത മത്സരത്തില്‍ ബാഴ്സ വിജയിച്ചാല്‍ ഇരുടീമുകളും തമ്മിലുള്ള പോയന്റ് വ്യത്യാസം 14 ആയി ഉയരും. ഇനി വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് റയലിന് മുന്നിലുള്ളത്.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നത് റയല്‍ ആയിരുന്നെങ്കിലും സ്റ്റാര്‍ സ്ട്രൈക്കര്‍ കരിം ബെന്‍സേമയുടെ അഭാവം നിഴലിച്ചുനിന്നു. കളിയില്‍ 72 ശതമാനവും പന്ത് റയല്‍ താരങ്ങളുടെ കാലുകളിലായിരുന്നു. എന്നാല്‍ അതിവേഗ പ്രത്യാക്രമണങ്ങള്‍ക്കാണ് ജിറോണ തുനിഞ്ഞത്. ഈ തന്ത്രത്തിന് മുന്നിലാണ് റയലിന് കാലിടറിയത്.
മത്സരം തുടങ്ങി 12-ാം മിനിറ്റില്‍ തന്നെ കാസ്റ്റെല്ലനോസ് ആദ്യ വെടി പൊട്ടിച്ചു. മിഗ്വേല്‍ ഗ്വിറ്ററസിന്റെ ക്രോസ് ഹെഡ്ഡറിലൂടെ താരം വലയിലെത്തിച്ചു. പിന്നാലെ 24-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ കാസ്റ്റെല്ലനോസ് വീണ്ടും റയലിനെ ഞെട്ടിച്ചു. എന്നാല്‍ 34-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ഹെഡ്ഡറിലൂടെ റയലിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. മാര്‍കോ അസെന്‍സിയോയുടെ ക്രോസാണ് വിനീഷ്യസ് വലയിലെത്തിച്ചത്. ഇതോടെ ആദ്യ പകുതി 2-1 ന് ജിറോണ സ്വന്തമാക്കി.
രണ്ടാം പകുതിയിലും ജിറോണയുടെ കൗണ്ടര്‍ ആക്രമണങ്ങള്‍ക്ക് കുറവുണ്ടായില്ല. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ വീണ്ടും കാസ്റ്റെല്ലനോസ് റയലിനെ ഞെട്ടിച്ചു. താരത്തിന്റെ ഹാട്രിക്കും. 62-ാം മിനിറ്റില്‍ വീണ്ടും കാസ്റ്റെല്ലനോസ് ഹെഡ്ഡറിലൂടെ വലകുലുക്കിയതോടെ ജിറോണ വിജയം ഉറപ്പിച്ചു. താരത്തിന്റെ മത്സരത്തിലെ നാലാം ഗോളായിരുന്നു ഇത്. പിന്നീട് 85-ാം മിനിറ്റില്‍ ലൂക്കാസ് വാസ്ക്വെസ് റയലിനായി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പിന്നീട് രണ്ട് ഗോളുകള്‍ കൂടി അടിച്ച് സമനില പിടിക്കാനുള്ള സമയം ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ എന്നും ഓര്‍മിക്കാവുന്ന വിജയത്തിലൂടെ ജിറോണ മത്സരം സ്വന്തമാക്കി.
മറ്റ് മത്സരങ്ങളില്‍ ഒസാസുന 1-0ന് കാഡിസിനെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ ബെറ്റിസ്-റിയല്‍ സോസിഡാഡ് കളി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: