ന്യൂദല്‍ഹി: ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെയുള്ള ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയായി (ബഫര്‍ സോണ്‍) പ്രഖ്യാപിച്ച മുന്‍ ഉത്തരവിലാണ് സുപ്രീംകോടതി ഭേദഗതി കൊണ്ടുവന്നത്.
സുപ്രീംകോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഇളവ് വരുത്തുന്നുവെന്ന് കോടതി അറിയിച്ചത്. എന്നാൽ ഖനനം ഉൾപ്പടെ ഈ മേഖലകളിൽ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും.
2022 ജൂൺ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തം ഉള്‍പ്പടെ തടയുകയും ചെയ്തിരുന്നു. ഈ ഉത്തരവിലാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം കോടതി ഇളവ് വരുത്തിയിരിക്കുന്നത്. കേരളത്തിലെ 23 സംരക്ഷിത മേഖലകൾക്ക് ഇതോടെ ഇളവ് ലഭിക്കും.
കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ, സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്ക് കൂടി ഇളവ് അനുവദിച്ചു. ഇതിന് പുറമെ സംസ്ഥാന അതിര്‍ത്തികളിലുള്ള സംരക്ഷിത മേഖലകള്‍ക്കും നിയന്ത്രണത്തിന് ഇളവ് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: