കൊച്ചി: സിനിമ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന നടന്മാർക്ക് സംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് മുന്നോട്ട് പോകട്ടേയെന്ന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമ മേഖലയിലെ ലഹരി ഉപയോഗം ഞെട്ടലുണ്ടാക്കുന്നതാണെന്നും സർക്കാർ ഈ വിഷയം ഗൗരവത്തോടെ കാണുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. തെളിവ് സഹിതം സര്‍ക്കാരിന് രേഖാമൂലം അറിയിക്കണം. അങ്ങനെ ചെയ്താല്‍ ശക്തമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഷൂട്ടിംഗ് നടക്കുന്ന എല്ലായിടത്തും പോയി പരിശോധിക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള പരാതി രേഖാമൂലം ലഭിച്ചാല്‍ എക്സൈസ് മന്ത്രിയുമായും മുഖ്യമന്ത്രിയുമായും സംസാരിച്ച് ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
നിര്‍മാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നടന്മാരെക്കുറിച്ച് ധാരാളം പരാതി ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് സംഘടനകള്‍ ഈ നിലപാട് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഒരു ബൈലോയുണ്ട്. അതുപ്രകാരം പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം ഈ മേഖലയിലുള്ള എല്ലാവര്‍ക്കുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്കേർപ്പെടുത്തിയതായും ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നും വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ഇരുവർക്കുമെതിരെ നിരവധി പരാതികൾ ലഭിച്ചെന്നും ‘അമ്മ’ പ്രതിനിധികൾകൂടി ഉൾപ്പെട്ട യോഗത്തിലാണ് വിലക്കാൻ തീരുമാനിച്ചതെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: