ജിദ്ദ : ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ വിജയകരമായി തുടരുന്നു. മൂന്ന് സംഘങ്ങളിലായി 534 ഇന്ത്യക്കാരെ ഇതിനകം ജിദ്ദയിലെത്തിച്ചു. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നേരിട്ടെത്തിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് സുമേധ, വ്യോമസേനയുടെ സി130 വിമാനങ്ങള്‍ എന്നിവയിലാണ് രക്ഷാദൗത്യമായ ഓപ്പറേഷന് കാവേരി പുരോഗമിക്കുന്നത്. ജിദ്ദയില്‍ എത്തിയ ഇന്ത്യക്കാരുടെ സംഘത്തെ കേന്ദ്രമന്ത്രി വി. മുരളീധരന് സ്വീകരിച്ചു. ഇവരെ നിലവില്‍ വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ഇന്ത്യയിലേക്ക് ഉടന്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആദ്യസംഘത്തില്‍ 278 പേര് ഐഎന്‍എസ് സുമേധ വഴിയും രണ്ടും മൂന്നും സംഘങ്ങള്‍ വ്യോമസേനയുടെ വിമാനത്തിലുമാണ് പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലേക്ക് എത്തിയത്. ബാക്കിയുള്ളവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: