ആകാശവാണിയും ദൂരദര്‍ശനും തുടര്‍ച്ചയായി ശ്രവിക്കുകയും കാണുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന കാര്യം ആ മാധ്യമങ്ങളുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്നായറിയാവുന്നതാണ്. സ്വകാര്യ വാര്‍ത്താ ചാനലുകളേക്കാള്‍ ആകാശവാണിയും ദൂരദര്‍ശനും സംപ്രേഷണം ചെയ്യുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നതിനാണ് പ്രധാനമന്ത്രി വ്യക്തിപരമായി കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. സര്‍ക്കാറിന്റെ ഔദ്യോഗിക മാധ്യമങ്ങളെന്ന നിലയില്‍ ദൂരദര്‍ശനും ആകാശവാണിക്കും നഷ്ടപ്രതാപം തിരികെ നല്‍കുന്നതും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഈ നിരീക്ഷണം തന്നെയാണ്. ഔദ്യോഗിക വാര്‍ത്താ സംവിധാനങ്ങള്‍ എന്ന നിലയില്‍ വരും നാളുകളില്‍ ഈ രണ്ട് മാധ്യമങ്ങള്‍ക്കും വാര്‍ത്താ മേഖലയില്‍ കൂടുതല്‍ പ്രാധാന്യം കൈവരുന്ന തരത്തില്‍ വലിയ മാറ്റങ്ങളാണ് പ്രസാര്‍ഭാരതി തലത്തില്‍ വരുംനാളുകളില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതും. വരുന്ന ഏപ്രില്‍ 30ന് മന് കീ ബാത്തിന്റെ നൂറാം എപ്പിസോഡിലേക്ക് എത്തുന്ന ആകാശവാണിക്ക് കഴിഞ്ഞ എട്ടര വര്‍ഷം പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ പ്രഭാഷണം നല്കിയ മൈലേജ് വളരെ വലുതാണ്. രാജ്യത്ത് ഇതുവരെ മന്‍കീ ബാത്ത് ശ്രവിച്ചവരുടെ എണ്ണം നൂറു കോടി പിന്നിട്ടിരിക്കുന്നുവെന്നാണ് ഐഐഎം റോത്തക് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. രാജ്യത്തെ ജനസംഖ്യയില്‍ നൂറുകോടി ആളുകള്‍ ഒരുതവണയെങ്കിലും മന് കീ ബാത്ത് കേട്ടവരാണ് എന്നത് ചില്ലറ കാര്യമല്ല. മന് കീ ബാത്തിന്റെ സ്ഥിരം ശ്രോതാക്കള്‍ 23 കോടി ഉണ്ടെന്നും രാജ്യത്തെ 96 ശതമാനം ജനങ്ങള്‍ക്കും മന് കീ ബാത്ത് എന്ന പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ പ്രഭാഷണ പരിപാടിയെപ്പറ്റി അറിയാമെന്നും സര്‍വ്വേ കണ്ടെത്തി.
ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം ആകാശവാണിയെ ഇത്ര സമര്‍ത്ഥമായി ഉപയോഗിച്ച മറ്റൊരു പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. സ്വാതന്ത്ര്യലബ്ദിയുടെ കാലത്ത് ഏക വാര്‍ത്താ വിനിമയ മാര്‍ഗ്ഗം എന്ന നിലയിലാണ് നെഹ്റു ആകാശവാണിയെ ഉപയോഗിച്ചതെങ്കില്‍ നൂറുകണക്കിന് വാര്‍ത്താ ചാനലുകളുടേയും നവമാധ്യമങ്ങളുടേയും ആയിരക്കണക്കിന് വര്‍ത്തമാന പത്രങ്ങളുടേയും ഇടയില്‍ ആകാശവാണിയെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് മോദി. രാജ്യത്തെ 90 ശതമാനം ജനങ്ങളിലേക്കും എത്തിച്ചേരുന്ന വാര്‍ത്താ മാധ്യമമാണ് റേഡിയോ എന്നതും മോദിയുടെ പ്രതിമാസ പ്രഭാഷണത്തെ ആകര്‍ഷകമാക്കുന്നു.
അധികാരമേറ്റെടുത്ത് അഞ്ചാം മാസം ആരംഭിച്ച മന് കീ ബാത്ത് നൂറ് എപ്പിസോഡ് തികയ്ക്കുമ്പോള്‍ വലിയ പരിപാടികളോടെ ആഘോഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും തീരുമാനം. എല്ലാ ലോക ്സഭാ മണ്ഡലങ്ങളിലും നൂറു കേന്ദ്രങ്ങളില്‍ നൂറു വീതം പേര് സംഘമായിരുന്ന് മന് കീ ബാത്ത് കേള്‍ക്കുന്ന പരിപാടിയാണ് നൂറാം എപ്പിസോഡിനെ ശ്രദ്ധേയമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നൂറു രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും. മന് കീ ബാത്തിന്റെ നൂറാം എപ്പിസോഡ് ലോഗോയും മൈക്രോഫോണിന്റെ ചിത്രവും ഒരുവശത്ത് പ്രദര്‍ശിപ്പിക്കുന്ന നാണയമാണ് പുറത്തിറക്കുന്നത്. നാണയത്തിന്റെ അമ്പതു ശതമാനം വെള്ളിയിലാണ് തീര്‍ത്തിരിക്കുന്നത്.
രാജ്യത്തിന്റെ ഒരുമാസത്തെ സംഗ്രഹം എന്ന രീതിയിലാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം. 2014 ഒക്ടോബര്‍ 3നാണ് ആദ്യ സംപ്രേഷണം. എല്ലാ മാസത്തെയും അവസാന ഞായറാഴ്ച രാവിലെ 11 മണിക്കാണ് മന് കീ ബാത്തിലൂടെ മോദി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ മന് കീ ബാത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നു. പദ്ധതികളിലൂടെ കൈവരിച്ച നേട്ടങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നു. പുതിയ ലക്ഷ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു. മന് കീ ബാത്തിന്റെ കേള്‍വിക്കാരില്‍ 73 ശതമാനം പേര് രാജ്യം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്ന് ബോധ്യമുള്ളവരാണ്. അറുപത് ശതമാനം പേര്‍ക്കും രാഷ്ട്രനിര്‍മ്മാണമെന്ന വലിയ പ്രക്രിയയെപ്പറ്റി സങ്കല്‍പ്പമുണ്ടെന്നും ഐഐഎം നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി.
വിവിധ സംസ്ഥാനങ്ങളില്‍ അതാതിടത്തെ ഭാഷകളിലും മന് കീ ബാത്തിന്റെ സംപ്രേഷണമുണ്ട്. 11 വിദേശ ഭാഷകളിലും മന് കീ ബാത്ത് പരിഭാഷപ്പെടുത്തുന്നു. അമ്പതിലേറെ ഭാഷകളില്‍ മോദിയുടെ വാക്കുകള്‍ എത്തുന്നു. 22 ഇന്ത്യന്‍ ഭാഷകളിലും 29 ഭാഷാഭേദങ്ങളിലും ഇംഗ്ലീഷും ഫ്രഞ്ചും ചൈനീസും അടക്കമുള്ള 11 വിദേശ ഭാഷകളിലും മന് കീ ബാത്ത് സംപ്രേക്ഷണം ചെയ്യുന്നതായി പ്രസാര്‍ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി പറയുന്നു.
നവമാധ്യമ കാലത്ത് ആകാശവാണിയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാന്‍ പ്രധാനമന്ത്രിക്കായി. പത്തുസെക്കന്റ് പരസ്യത്തിന് 1,500 രൂപ മാത്രം ഈടാക്കിയിരുന്ന ആകാശവാണിക്ക് ഇപ്പോള്‍ പത്തുസെക്കന്റ് പരസ്യത്തിന് രണ്ടു ലക്ഷം രൂപയാണ് നിരക്ക്. ദൂരദര്‍ശനും സമാനമായ പ്രാധാന്യം പ്രധാനമന്ത്രി നല്‍കുന്നുണ്ട്. രാജ്യത്തെ ടിവി ചാനലുകള്‍ ആകാശവാണിയിലെ മന് കീ ബാത്ത് തല്‍സമയം സംപ്രേഷണം ചെയ്തു തുടങ്ങി. ദൂരദര്‍ശന്റെ 34 ചാനലുകള്‍ വഴിയും നൂറിലധികം സ്വകാര്യ വാര്‍ത്താ ചാനലുകള്‍ വഴിയും കോടിക്കണക്കിന് ജനങ്ങളിലേക്ക് മന് കീ ബാത്ത് എത്തുന്നു. മന് കീ ബാത്തിന്റെ പുസ്തകവും അതാതു മാസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. ഡിജിറ്റല്‍ രൂപത്തില്‍ ആറു കോടി പേരിലേക്കാണ് മന് കീ ബാത്ത് എത്തുന്നത്. രാജ്യമെങ്ങും ആളുകള്‍ കൂട്ടമായി ഇരുന്ന് മന്‍കീ ബാത്ത് കേള്‍ക്കുന്നു.
ഗ്രാമീണ ഭാരതത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് മന് കീ ബാത്താണ്. ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും കുളങ്ങളുടെ നവീകരണവും മന് കീ ബാത്തിന്റെ ആശയമായിരുന്നു. ജീവിക്കുന്ന സമൂഹത്തില്‍ വലിയ തോതിലുള്ള പരിഷ്ക്കരണങ്ങള്‍ വരുത്തിയ അസാധാരണക്കാരായ നൂറുകണക്കിന് സാധാരണക്കാരെ മോദി മന് കീ ബാത്തിലൂടെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി. പ്രധാനമന്ത്രി മോദിയുടെ പ്രഭാഷണങ്ങളില്‍ രാജ്യത്തിന്റെ എല്ലാ മേഖലകള്‍ക്കും തുല്യ പ്രധാന്യം നല്കി. മന് കീ ബാത്ത് 100 എപ്പിസോഡ് തികയ്ക്കുമ്പോള്‍ മോദിയുടെ പ്രഭാഷണങ്ങളില്‍ കേരളത്തിനും സവിശേഷ സ്ഥാനം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. മിക്ക പ്രതിമാസ പ്രഭാഷണങ്ങളിലും കേരളം മോദിയുടെ ഇഷ്ടവിഷയമായി. കേരളത്തിലെ ഗ്രാമീണ ജീവിതങ്ങളെ അദ്ദേഹം എടുത്തുകാട്ടി. 2018ലെ പ്രളയകാലത്ത് മോദി കേരളത്തിനായി മന് കീ ബാത്തിലൂടെ ആഹ്വാനം ചെയ്തു. രാജ്യം മുഴുവനും കേരളത്തിനൊപ്പമുണ്ടെന്ന മോദിയുടെ വാക്കുകള്‍ ജനങ്ങള്‍ക്ക് അശ്വാസമായി.
കുമരകം കായലില്‍ നിന്ന് പ്ലാസ്റ്റിക് പെറുക്കി മാറ്റി കായല്‍ സംരക്ഷണം ജീവിത വ്രതമാക്കി മാറ്റിയ ദിവ്യാംഗനായ രാജപ്പന് ചേട്ടനെ ലോക ശ്രദ്ധയില്‍ പെടുത്തിയത് മന് കീ ബാത്താണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പിന്നീട് കൈവന്ന അംഗീകാരങ്ങള്‍ നമുക്കുമുന്നിലുണ്ട്. ദല്‍ഹിയിലെ ഇന്ത്യന്‍ സൈന്‍ ലാംഗ്വേഷ് റിസര്‍ച്ച് ട്രെയിനിംഗ് സെന്ററിലെ മലയാളി വിദ്യാര്‍ത്ഥിനി എസ്.കെ മഞ്ജുവിനെ രാജ്യം ശ്രദ്ധിച്ചതും മന് കീ ബാത്ത് വഴിയാണ്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കുടിവെള്ളം നല്കുന്ന ആലുവ മുപ്പത്തടത്തെ നാരായണന്, പച്ചമരുന്നുകള്‍ തയ്യാറാക്കുന്നതിലെ വിദഗ്ധയായ ലക്ഷ്മിക്കുട്ടി എന്നിവരും മന് കീ ബാത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടി. മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രി പ്രസിദ്ധി സമ്മാനിച്ച നിരവധി പേര് പിന്നീട് പദ്മശ്രീ അവാര്‍ഡ് ജേതാക്കളായതും ശ്രദ്ധേയം.
രാജ്യത്തെ നിരവധി സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കും മന് കീ ബാത്ത് വഴിതുറന്നു. സ്വച്ഛ് ഭാരത് അഭിയാനും ബേഠീ ബച്ചാവോ ബേഠീ പഠാവോയും കൊവിഡ് വാക്സിനേഷനും ഹര്‍ഘര്‍ തിരംഗയും പോലുള്ള വലിയ മൂവ്മെന്റുകള്‍ക്ക് മന്‍കീ ബാത്ത് ഊര്‍ജ്ജം നല്കി. കായിക മേഖലയ്ക്ക് വലിയ ഉണര്‍വ്വ് നല്കാന് വിവിധ മന് കീ ബാത്ത് എപ്പിസോഡുകളിലൂടെ പ്രധാനമന്ത്രി പരിശ്രമിച്ചു. വലിയ നേട്ടങ്ങള്‍ കൈവരിച്ച കായിക താരങ്ങളെ മന് കീ ബാത്തിലൂടെ പ്രശംസിക്കുകയും കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കായികമേഖലയിലെ നേട്ടങ്ങളെപ്പറ്റിയും കായിക താരങ്ങളെപ്പറ്റിയും പ്രധാനമന്ത്രി തന്നെ നേരിട്ട് പറയുകയും നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഇതാദ്യമെന്ന് പ്രശസ്ത കായികതാരങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ശാസ്ത്ര നേട്ടങ്ങള്‍, സാമ്പത്തിക മേഖലയിലെ കുതിപ്പ്, ദേശീയപാതാ, റെയില്‍ തുടങ്ങി അടിസ്ഥാന സൗകര്യ മേഖലയിലെ വികസനങ്ങള്‍ എന്നിവയെല്ലാം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന പരിപാടിയാണ് മന് കീ ബാത്ത്. ഇനിയും ഏറെവര്‍ഷങ്ങള്‍ മന് കീ ബാത്ത് തുടരട്ടെ. മോദിയുടെ ആശയങ്ങള്‍ രാജ്യത്തെ 140 കോടി ജനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: