തിരുവനന്തപുരം: വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു ശ്രീചിത്രാ ഹോമിലെ അന്തേവാസിയായ രാഹുല്‍. ഫ്ളാഗ് ഓഫിന് മുന്നേ തന്നെ വന്ദേഭാരതിന് പച്ചക്കൊടി വീശുന്ന പ്രധാനമന്ത്രിയുടെ ചിത്രം രാഹുല്‍ തയ്യാറാക്കി. അതും മികവാര്‍ന്ന മനോഹരമായ രീതിയില്‍. 22 വയസ്സുകാരന് രാഹുലിന് സംസാരശേഷിയില്ല. രാഹുലിന്റെ ചിത്രം ഇനി പ്രധാനമന്ത്രിയുടെ ശേഖരത്തില്‍ ഇടംപിടിക്കും.
ചിത്രം ഏറെ ഇഷ്ടപ്പെട്ടതോടെ പ്രധാനമന്ത്രി വാങ്ങി പേഴ്സണല്‍ സ്റ്റാഫിനെ ഏല്പിച്ചു. രാഹുലിനെ ഹസ്തദാനം നല്കി മോദി അഭിനന്ദിച്ചു. മാത്രമല്ല രാഹുലിനെ സന്തോഷത്തോടെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. ചിത്രം തന്റെ ഓഫീസിലെ ചുവരില്‍ ഫ്രെയിംചെയ്ത വയ്ക്കുമെന്ന് ഉറപ്പും നല്കി.
കേള്‍വി, സംസാരം വൈകല്യമുള്ള രാഹുലിനെ മൂന്നാം വയസ്സില്‍ റെയില്‍വേ സ്റ്റേഷനില്‍ അച്ഛനും അമ്മയും 3 വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയപ്പോയതാണ്. പൊലീസാണു ശ്രീചിത്ര പുവര്‍ ഹോമിലെത്തിക്കുന്നത്. അന്നു മുതല്‍ മികവുള്ള മകനായി അവിടെ വളരുന്നു. വൈകല്യത്തെ മറികടന്നു പ്ലസ്ടു വരെ പഠിച്ചു. രാഹുലിന്റെ ചിത്ര പ്രദര്‍ശനം നടത്താനൊരുങ്ങുകയാണു ശ്രീചിത്ര പുവര്‍ ഹോം അധികൃതര്‍. ഇപ്പോള്‍ മാജിക് പ്ലാനറ്റില്‍ അപ്രന്റിസായി പോകുന്ന രാഹുലിനെ ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേര്‍ത്തു പഠിപ്പിക്കാനാണ് ആലോചിക്കുന്നത്.
വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫിനു പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ചു തലസ്ഥാനത്തെ സ്കൂളുകളില്‍ വന്ദേഭാരതിനെക്കുറിച്ചുള്ള ചിത്രരചനാ , ഉപന്യാസ മത്സരങ്ങള്‍ നടത്തി വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തിരുന്നു. അങ്ങനെയാണു മോദിയും വന്ദേഭാരതും ചേര്‍ന്നുള്ള ചിത്രം വരച്ച രാഹുലിനെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി ആദ്യമെത്തിയതു രാഹുലിന്റെ അടുത്താണ്. ശ്രീചിത്രയിലെ തന്നെ പ്ലസ്ടു വിദ്യാര്‍ഥി അഞ്ജലി, രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ പ്രധാനമന്ത്രിക്കു പരിഭാഷപ്പെടുത്തി നല്കി.
പ്രധാനമന്ത്രിയെ അടുത്ത് കാണാനും ചിത്രം സമ്മാനിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാഹുല്‍. മാത്രമല്ല വന്ദേഭാരത് എക്സ്പ്രസിനെ ആസ്പദമാക്കി നടത്തിയ മത്സരങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 43 വിദ്യാര്‍ഥികള്‍ വന്ദേഭാരതിന്റെ ആദ്യയാത്രയില്‍ പ്രത്യേക അതിഥികളുമായി.
20 മിനിട്ടോളം പ്രധാനമന്ത്രി കുട്ടികളുമായി സംസാരിച്ചു. കുട്ടികളുടെ കൂട്ടുകാരനെപ്പോലെയും മുത്തച്ഛനെപ്പോലെയുമൊക്കെയാണ് അവരോട് മോദി പെരുമാറിയത്. അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എന്തെന്നു പ്രധാനമന്ത്രി ചോദിച്ചു. വിദ്യാര്‍ഥികള്‍ കവിതയും ഗാനങ്ങളും ആലപിച്ചു. ഹിന്ദിയില്‍ സംസാരിച്ച് മോദിയെ അത്ഭുതപ്പെടുത്തിയവരും ഉണ്ട്. മോദിയുടെ ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ മറുപടി പറഞ്ഞും സ്വച്ഛ്ഭാരതിന്റെ സന്ദേശം പ്രസംഗരൂപേണ ഹിന്ദിയില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പ്ലാറ്റ്ഫോമൊക്കെ വൃത്തിയാണോ എന്ന് മോദി ചോദിച്ചപ്പോള്‍ വളരെ വൃത്തിയാണെന്നും വന്ദേഭാരത് വിമാനം പോലെയെന്നുമായിരുന്നു മറുപടി.
ഹിന്ദിയില്‍ തന്നെയുള്ള മറുപടിക്ക് മോദി തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലിചെയ്യാന്‍ ബാലവേല നിയമത്തില്‍ മാറ്റവരുത്തണമെന്ന അഭ്യര്‍ത്ഥനയും മിടുക്കികള്‍ മുന്നോട്ടുവച്ചു. പ്രധാനമന്ത്രി കയറിയ സി 1 കോച്ചില്‍ 43 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. എല്ലാവരുടെയും അടുത്തെത്തി സംസാരിച്ചു. കുട്ടികളുമായി സംസാരിക്കുന്നതിന്റെ വീഡിയോ മറക്കാനാകാത്ത അനുഭവമെന്ന തലക്കെട്ടോടെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: