തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ കഠിനാധ്വാനവും മര്യാദയും അവര്‍ക്ക് സവിശേഷമായ വ്യക്തിത്വം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ വിദ്യാഭ്യാസ, ബോധവല്‍ക്കരണ നിലവാരം മികച്ചതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ആഗോള സാഹചര്യം മനസ്സിലാക്കാന്‍ കഴിവുണ്ട്. . രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിനു തനതു സംസ്കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയില്‍ അന്തര്‍ലീനമായ സമൃദ്ധിയുടെ ഉറവിടവുമുണ്ട്. 3200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു
താന്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോഴെല്ലാം പ്രവാസി മലയാളികളെ കണ്ടുമുട്ടാറുണ്ട്. പ്രതിസന്ധിയുടെ സമയങ്ങളില്‍ ഇന്ത്യയെ വികസനത്തിന്റെ ഊര്‍ജസ്വലമായ സ്ഥലമായി കണക്കാക്കുന്നതിനെയും ഇന്ത്യയുടെ വികസനത്തിന്റെ വാഗ്ദാനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നതിനെയും കേരള ജനതയ്ക്ക് അഭിനന്ദിക്കാന്‍ കഴിയും. രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. കേരളത്തിനു തനതു സംസ്കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയില്‍ അന്തര്‍ലീനമായ സമൃദ്ധിയുടെ ഉറവിടവുമുണ്ട്. അടുത്തിടെ കുമരകത്ത് നടന്ന ജി 20 യോഗത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത്തരം പരിപാടികള്‍ കേരളത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കുമെന്നും വ്യക്തമാക്കി. മട്ടഅരി, നാളികേരം, റാഗി പുട്ട് പോലെയുള്ള കേരളത്തിലെ പ്രശസ്തമായ ശ്രീ അന്ന (ചെറുധാന്യം) വിഭവങ്ങള്‍ ആഗോളതലത്തില്‍ പ്രശസ്തമാണ്. പ്രാദേശിക ഉല്‍പ്പന്നങ്ങളെക്കുറിച്ച് ശബ്ദമുയര്‍ത്താന്‍ നമുക്കാവണം. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തുമ്പോള്‍, വികസിത ഭാരതത്തിന്റെ പാത കൂടുതല്‍ ശക്തമാകും. അദ്ദേഹം പറഞ്ഞു.
മറ്റു വിദേശരാജ്യങ്ങളിലെ സാമ്പത്തിക അവസ്ഥ പ്രവാസികള്‍ക്കറിയാം. ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയോടു കാണിക്കുന്ന വിശ്വാസത്തിന്റെ ഖ്യാതിക്കു കാരണം ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന കേന്ദ്രത്തിലെ സര്‍ക്കാരിനാണ്. ശക്തമായ സര്‍ക്കാര്‍ രാജ്യത്തിന്റെ ക്ഷേമത്തിനായി വേഗത്തിലും ദൃഢമായും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
റെയില്‍വെയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കഴിഞ്ഞ 9 വര്‍ഷമായി നടത്തിയ വികസനങ്ങളിലേക്കും പ്രധാനമന്ത്രി വെളിച്ചം വീശി. ഗേജ് പരിവര്‍ത്തനം, ഇരട്ടിപ്പിക്കല്‍, റെയില്‍വേ ട്രാക്കുകളുടെ വൈദ്യുതവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ബഹുതല ഗതാഗത കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ‘വന്ദേ ഭാരത് എക്സ്പ്രസ് വികസനത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്’ ഇത്തരം അര്‍ധ അതിവേഗ ട്രെയിനുകള്‍ അനായാസം ഓടിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ റെയില്‍ ശൃംഖലയുടെ പരിവര്‍ത്തനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
‘കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ വടക്കന്‍ കേരളത്തെ തെക്കന്‍ കേരളവുമായി ബന്ധിപ്പിക്കും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഈ ട്രെയിന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം-ഷൊര്‍ണൂര്‍ പാത അര്‍ധ അതിവേഗ ട്രെയിനുകള്‍ക്കായി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പൂര്‍ത്തിയാകുമ്പോള്‍, തിരുവനന്തപുരം മുതല്‍ മംഗളൂരുവരെ അര്‍ധ അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി വാട്ടര്‍ മെട്രോ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ പദ്ധതിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതിനായി തുറമുഖങ്ങള്‍ വികസിപ്പിച്ചതിന് കൊച്ചി കപ്പല്‍ശാലയെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിയുടെ സമീപ ദ്വീപുകളില്‍ താമസിക്കുന്നവര്‍ക്ക് ആധുനികവും ചെലവുകുറഞ്ഞതുമായ ഗതാഗത മാര്‍ഗങ്ങള്‍ ലഭ്യമാക്കുമെന്നും ബസ് ടെര്‍മിനലും മെട്രോ ശൃംഖലയും തമ്മില്‍ ഇന്റര്‍മോഡല്‍ സമ്പര്‍ക്കസൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം സംസ്ഥാനത്തെ കായല്‍ വിനോദസഞ്ചാരത്തിനും ഇത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: