കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ഫൈനല്‍ ഇന്ന്. രാത്രി 7ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി ആദ്യ ഫൈനലിനിറങ്ങുന്ന ഒഡീഷ എഫ്സിയെ നേരിടും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബെംഗളൂരുവിന്റേത് രണ്ടാം ഫൈനലാണിത്. 2018ലെ ആദ്യ ടൂര്‍ണമെന്റില്‍ ഈസ്റ്റ് ബംഗാളിനെ 4-1ന് പരാജയപ്പെടുത്തി അവര്‍ ചാമ്പ്യന്മാരുമായി. ഇത്തവണ രണ്ടാം കിരീടമാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്. ഒഡീഷ ആദ്യമായാണ് ഫൈനല്‍ കളിക്കാനിറങ്ങുന്നത്. അവരും ലക്ഷ്യമിട്ുന്നത് കിരീടം തന്നെ.
ജംഷഡ്പൂര്‍ എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഒഡീഷയാകട്ടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തും.
നിര്‍ണ്ണായക സമയങ്ങളില്‍ അവസരത്തിനൊത്തുയരുന്ന താരങ്ങളും നിര്‍ണായക മത്സരങ്ങള്‍ വിജയിക്കാനുമുള്ള കഴിവുമാണ് ബെംഗളൂരുവിന്റെ കരുത്ത്. സുനില്‍ ഛേത്രിയും റോയ് കൃഷ്ണയും ഉദാന്ത സിങ്ങുമടങ്ങുന്ന മുന്നേറ്റനിരയും സന്ദേശ് ജിങ്കന് നയിക്കുന്ന പ്രതിരോധവും ബെംഗളൂരുവിന്റെ കരുത്ത്. മികച്ച് മധ്യനിരയും അവര്‍ക്കുണ്ട്. ഹാവി ഹെര്‍ണാണ്ടസും ബ്രൂണോ എഡ്ഗാര്‍ അല്‍മേയ്ഡയും രോഹിത് കുമാറും അടങ്ങുന്ന താരനിര മധ്യനിരയില്‍ കളിമെനയാന്‍ കെല്പുള്ളവരാണ്.
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ മോശം പ്രകടനം നടത്തിയ ഒഡീഷ എഫ്സി സൂപ്പര്‍ കപ്പില്‍ മികച്ച പ്രകടനം നടത്തിയാണ് ഫൈനല്‍വരെ എത്തിയിരിക്കുന്നത്്. ഡീഗോ മൗറീഷ്യോയാണ് അവരുടെ കരുത്ത്. വിക്ടര്‍ റോഡ്രിഗസ്, പെഡ്രോ, നന്ദകുമാര്‍, ജെറി തുടങ്ങിയവരും തങ്ങളുടേതായ ദിവസം കളി മാറ്റിമറിയ്ക്കാന്‍ കെല്‍പ്പുള്ളവരാണ്. ടൂര്‍ണമെന്റില്‍ നാല് ഗോളടിച്ച നന്ദകുമാറും മൂന്നെണ്ണം നേടിയ ഡീഗോ മൗറീഷ്യോയും ഇന്നും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ബെംഗളൂരു വിയര്‍ക്കുമെന്ന് ഉറപ്പ്. രണ്ടാം കിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും ആദ്യ കിരീടം സ്വപ്നം കണ്ട് ഒഡീഷ എഫ്സിയും ഇറങ്ങുമ്പോള്‍ ആവേശകരമായ മത്സരമായിരിക്കും ഇന്ന് അരങ്ങേറുക എന്ന് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: