ഇന്‍ഡ്യന്‍ സര്‍ക്കസിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച മഹത് വ്യക്തിത്വമാണ് ഇന്നലെ വിടപറഞ്ഞ തലശ്ശേരി സ്വദേശി മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്(എം.വി. ശങ്കരന്) എന്ന ജെമിനി ശങ്കരന്. ജീവിതാവസനം വരെ സര്‍ക്കസിനെ നെഞ്ചോട് ചേര്‍ത്ത് വെച്ച് സ്നേഹിച്ചു. കഠിനാധ്വാനവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ജീവിതത്തില്‍ ആഗ്രഹിച്ചത് എന്തും നേടിയെടുക്കാമെന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ തെളിയിച്ച വ്യക്തിത്വമായിരുന്നു ആധുനിക സര്‍ക്കസിന്റെ കുലപതിയായിരുന്ന അദ്ദേഹം. സര്‍ക്കസിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന തലശ്ശേരിക്കടുത്ത കൊളശ്ശേരിയില്‍ ജനിച്ച് തമ്പുകളില്‍ നിന്നും തമ്പുകളിലേക്ക് സഞ്ചരിച്ച് ലോകമറിയുന്ന സര്‍ക്കസ് കലാകാരനും ഉടമയുമായി മാറുകയായിരുന്നു ജെമിനി ശങ്കരന്. ഒരേ സമയം മനുഷ്യസ്നേഹിയും മൃഗ സ്നേഹിയുമായിരുന്ന അദ്ദേഹം നാല്‍പ്പത് വര്‍ഷക്കാലത്തെ തന്റെ സര്‍ക്കസ് ജീവിതത്തിലുടനീളം തമ്പിലെ സഹജീവികളോടെല്ലാവരോടും ഒരു പോലെ വലുപ്പചെറുപ്പമില്ലാതെ പെരുമാറി. അവരുടെ സുഖദുഃഖങ്ങള്‍ ചോദിച്ചറിഞ്ഞ് അവരിലൊരാളായി ജീവിക്കുകയായിരുന്നു. ജീവിതത്തിന്റെ അവസാന കാലത്ത് തമ്പുകളില്‍ സ്ഥിരം സാന്നിധ്യമാവാന്‍ സാധിച്ചില്ലെങ്കിലും സ്വന്തം മക്കളില്‍ നിന്ന് തമ്പിലെ ജീവിതങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ് സര്‍ക്കസ് താരങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ ഒരു ബുദ്ധിമുട്ടുവരാതെ നോക്കാന്‍ ഉപദേശിക്കാറുണ്ടായിരുന്നു. എല്ലാറ്റിലുമുപരിയായി കഴിഞ്ഞ കാലങ്ങളിലെല്ലാം രാജ്യത്തും വിദേശത്തുമുളള ഉന്നതരുമായി സൂക്ഷിച്ചിരുന്ന ഊഷമളമായ ബന്ധം ജെമിനി ശങ്കരന്റെ യശസ്സ് വിളിച്ചോതുന്നതായിരുന്നു. ഒരു കാലത്ത് തന്റെ മൂന്ന് സര്‍ക്കസ് കമ്പനികളുടെ തമ്പുകളിലൂടെ ഒരേ സമയം ലോകത്തിന്റെ വിവിധ കോണുകളിലെ ആളുകളെ വിസ്മയത്തിന്റെയും ആകാംക്ഷയുടേയും പരകോടിയില്‍ നിര്‍ത്തി ലോക ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. വരുന്ന ജൂണ്‍ 13ന് നൂറാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേയാണ് നാട്ടുകാരെല്ലാം ശങ്കരേട്ടനെന്ന് വിളിക്കുന്ന ജെമിനി ശങ്കരന് യാത്രയായത്.
നന്നേ ചെറുപ്പത്തില്‍ തലശ്ശേരി കൊളശ്ശേരി ബോര്‍ഡ് സ്ക്കൂളില്‍ പഠിക്കുന്ന കാലത്താണ് സര്‍ക്കസെന്ന സ്വപ്നം തന്റെ മനസ്സിലേക്ക് കടന്നു വന്നതെന്ന് പില്ക്കാലത്ത് അദ്ദേഹം തന്നെ പറയുകയുണ്ടായി. വീടിനടുത്തുളള കുഞ്ഞമ്പു ഗുരുക്കളുടെ കീഴില്‍ കളരി അഭ്യസിക്കുന്ന കാലമായിരുന്നു അത്. ഇതിനിടയില്‍ ആയോധനകലാ പരിശീലകനും പിന്നീട് അറിയപ്പെടുന്ന സര്‍ക്കസ് പരിശീലകനുമായി മാറിയ കീലേരി കുഞ്ഞിക്കണ്ണന്റെ ശിക്ഷണത്തില്‍ സര്‍ക്കസ് പരിശീലിക്കുകയും ലോകം അറിയപ്പെടുന്ന സര്‍ക്കസ് കലാകാരനായും സര്‍ക്കസ് കമ്പനികളുടെ ഉടമയുമായി മാറുകയായിരുന്നു. ഇടക്കാലത്ത് നാലു വര്‍ഷക്കാലം പട്ടാളത്തില്‍ ജോലി ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് വിരമിച്ചു. കീലേരി മരിച്ചതോടെ എം.കെ. രാമന്റെ കീഴില്‍ തുടര്‍ പരിശീലനം. രണ്ട് വര്‍ഷക്കാലം പലചരക്ക് കച്ചവടം. ഒടുവില്‍ വീണ്ടും തന്റെ ലാവണം സര്‍ക്കസാണെന്ന് തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ സജീവമാവുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് സര്‍ക്കസ് കലാകാരനായി രണ്ട് വര്‍ഷക്കാലത്തിന് ശേഷം കൊല്‍ക്കത്തിയിലെത്തി. ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പിസ് കലാകാരനായി ചേര്‍ന്നു. ഇതിനിടെ നാഷണല്‍, റെയ്മാന് എന്നീ സര്‍ക്കസുകളുടെ ഭാഗമാവുകയുമുണ്ടായി. ഹൊറിസോണ്ടല്‍ ബാര്‍, ഫഌയിങ് ട്രപ്പീസ് എന്നീ ഇനങ്ങളില്‍ വിദഗ്ധനായിരുന്നു. റോപ് ഡാന്‍സ്, ജീപ്പ് തംബ്, മോട്ടോര്‍ സൈക്കിള്‍ ജംബ്, സ്പ്രിംഗ് നെറ്റ്, പലതരം ട്രപ്പീസുകള്‍ എന്നിങ്ങനെ ആസ്വാദകരെ ഏറെ ആകര്‍ഷിച്ച പുതിയ നിരവധി ഇനങ്ങള്‍ ജെമിനിയുടെ തമ്പുകളില്‍ ശങ്കരന്റെ പ്രതിഭയിലൂടെ സര്‍ക്കസെന്ന കലയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടു.
1951ല്‍ ബോംബെയിലെ വിജയ സര്‍ക്കസ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വിവരം അറിഞ്ഞ ശങ്കരന് കമ്പനി വിലയ്ക്ക് വാങ്ങുകയും അതിന് തന്റെ ജന്മരാശിയായ ജെമിനിയെന്ന പേരിടുകയുമായിരുന്നു. അവിടുന്നിങ്ങോട്ട് സര്‍ക്കസ് കമ്പനിയുടെ ഉടമയായി മാറി. അതേ വര്‍ഷം ആഗസ്ത് 15ന് ഗുജറാത്തിലെ ബില്ലിമോറയറിലായിരുന്നു ആദ്യ പ്രദര്‍ശനം. തുടര്‍ന്നുളള കാലങ്ങളില്‍ കര്‍മ്മയോഗിയെ പോലെ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ജീവിതം അടിക്കടി ഉയര്‍ച്ചയിലേക്ക് നീങ്ങി, സര്‍ക്കസിന്റെ ആഴങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ച് തന്റെ പ്രതിഭ ഉപയോഗിച്ച് സാഹസിക കലയെ ലോകത്തിന് മുന്നില്‍ വാനോളമുയര്‍ത്തി. പിന്നീട് ജംബോ, ഗ്രേറ്റ് റോയല്‍ എന്നീ സര്‍ക്കസ് കമ്പനികളും സ്വന്തമായി ആരംഭിച്ചു.
‘മലക്കം മറിയുന്ന ജീവിതം’ എന്ന ആത്മകഥ രചിച്ചിട്ടുളള അദ്ദേഹത്തിന്റെ ഉപജീവന മേഖല മലക്കം മറിച്ചലുകളുടെ, സാഹസിക കലയുടെ ഭാഗമായിരുന്നുവെങ്കിലും അവസാന കാലം വരെ അദ്ദേഹം അനുഷ്ഠിച്ച സത്യസന്ധവും സ്നേഹമസൃണവുമായ ജീവിതം മാതൃകാപരവും, അടുക്കും ചിട്ടയും നിറഞ്ഞതുമായിരുന്നു. ഏതാനും നാളുകള്‍ മുമ്പ് വരെ പുലര്‍ക്കാല ശുഭമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ഒരു മണിക്കൂറോളം നീളുന്ന വ്യായാമങ്ങള്‍ ദിനചര്യയായി പരിപാലിച്ച് പോന്നിരുന്നു. യോഗയടക്കമുളള വ്യായാമങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു. 99ന്റെ നിറവിലും പറയത്തക്ക രോഗങ്ങളൊന്നും ഇല്ലാതിരുന്ന അദ്ദേഹം കണ്ണൂര്‍ പയ്യാമ്പലത്തുളള സ്വന്തം ഉടമസ്ഥതയിലുളള പാംഗ്രൂവ് ഹെറിറ്റേജ് ഹോട്ടലിലെത്തി വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കാറുണ്ടായിരുന്നു. തന്റെ സര്‍ക്കസ് കൂടാരങ്ങള്‍ സിനിമാ ഷൂട്ടിങ്ങിന് വിട്ടു നല്കി സര്‍ക്കസെന്ന കലയ്ക്ക് സിനിമയിലും നിരവധി തവണ ഇടം നല്‍കിയിട്ടുണ്ട്. രാജ്കപൂറിന്റെ മേരാനാം ജോക്കര്‍, കമല്‍ഹാസന്റെ അപൂര്‍വ്വ സഹോദരങ്ങള്‍ തുടങ്ങിയ സിനിമകള്‍ ജെമിനിയുടെ തമ്പിലൂടെ പൂര്‍ണ്ണമായും ചിത്രീകരിക്കപ്പെട്ട സിനിമകളില്‍ ചിലതാണ്. പി. ഭാസ്ക്കരനുമായി ചേര്‍ന്ന് ശ്രീമദ്ഭഗവദ്ഗീതയെന്ന സിനിമയും അദ്ദേഹം മുന്‍കയ്യെടുത്ത് പുറത്തിറക്കുകയുണ്ടായി. സര്‍ക്കാരിന്റെ കീഴില്‍ സര്‍ക്കസ് കലാകാരന്മാരെ വളര്‍ത്തിയെടുക്കാനായി തലശ്ശേരിയില്‍ ആരംഭിച്ച സര്‍ക്കസ് അക്കാദമി വേണ്ട രീതിയില്‍ വിജയിക്കാതിരുന്നതില്‍ തീര്‍ത്തും നിരാശനായിരുന്നു സര്‍ക്കസെന്ന കലയെ ജീവനോളം സ്നേഹിച്ച ജെമിനി ശങ്കരന്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യഗണങ്ങള്‍ക്ക് ഉടമയാണ് അദ്ദേഹം.
അച്ഛന് നയിച്ച വഴിയിലൂടെ, നല്കിയ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ട് മക്കളായ അജയ്ശേഖരും അശോക് ശേഖരും ജംബോ, ജെമിനി സര്‍ക്കസുകളെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുകയാണ്. കാഞ്ഞങ്ങാടും ബാംഗ്ലൂരുമായി പ്രദര്‍ശനം പുരോഗമിക്കുന്നതിനിടയിലാണ് മാര്‍ഗ്ഗദര്‍ശിയായ ദീപം അണഞ്ഞിരിക്കുന്നത്. സര്‍ക്കസെന്ന സാഹസികത നിറഞ്ഞ വലിയ കലാ മേഖലയ്ക്ക് നികത്താനാവാത്ത വിടവാണ് പട്ടാളക്കാരനായും സര്‍ക്കസ് കലാകാരനായും ഉടമയായും ലോകം ചുറ്റിയ ജെമിനി ശങ്കരന്റെ വേര്‍പാട് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: