ഭോപ്പാല്‍: 2014ന് ശേഷം പഞ്ചായത്തുകള്‍ക്കായി അനുവദിച്ച ബജറ്റ് വിഹിതം രണ്ട് ലക്ഷം കോടി രൂപയായി ഉയര്‍ത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പ് 70,000 കോടി രൂപയില്‍ താഴെയായിരുന്നു ബജറ്റ് വിഹിതം.
രാജ്യത്തെ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പഞ്ചായത്തിരാജ് ദിനാചരണത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ രേവയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ ഇന്ത്യയുടെ ജീവിതം സുഗമമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുളള പദ്ധതികളെല്ലാം പഞ്ചായത്തുകള്‍ പൂര്‍ണമായും സാക്ഷാത്കരിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. 2014 ന് മുമ്പ് 6000 പഞ്ചായത്ത് ഓഫീസുകള്‍ നിര്‍മ്മിച്ചിരുന്നു എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 30,000 പുതിയ പഞ്ചായത്ത് ഓഫീസുകള്‍ നിര്‍മ്മിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ആവാസ് യോജനയുടെ 4 ലക്ഷത്തി 11 ആയിരം ഗുണഭോക്താക്കള്‍ക്ക് വീട് നല്കുന്ന ചടങ്ങിലും അദ്ദേഹം ഓണ്‍ലൈനായി പങ്കെടുത്തു.
17,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
പഞ്ചായത്ത് തലത്തില്‍ പൊതു സംഭരണത്തിനായി സംയോജിത ഇഗ്രാം സ്വരാജും ജിഇഎം പോര്‍ട്ടലും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജിഇഎം വഴി പഞ്ചായത്തുകള്‍ക്ക് ചരക്കുകളും സേവനങ്ങളും വിപണനം ചെയ്യാനാകും.
35 ലക്ഷത്തോളം സ്വാമിത്വ ഭൂരേഖാ കാര്‍ഡുകളും പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറി.ഇതോടെ രാജ്യത്ത് ഏകദേശം 1 കോടി 25 ലക്ഷം സ്വാമിത്വ ഭൂരേഖാ കാര്‍ഡുകള്‍ ഈ പദ്ധതി പ്രകാരം വിതരണം ചെയ്തു.
രണ്ടായിരത്തി മുന്നൂറ് കോടി രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഏഴായിരത്തി 853 കോടി രൂപയുടെ ജല്‍ ജീവന് മിഷന്റെ അഞ്ച് പദ്ധതികള്‍ക്കാണ് മോദി തറക്കല്ലിട്ടത്. നാലായിരത്തിലധികം ഗ്രാമങ്ങളിലെ 9.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കും.
മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിങ്, നിരവധി കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: