ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വിഭാഗത്തിന്റെ പരിശോധന. ചെന്നെയും കോയമ്പത്തൂരുമടക്കം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. കമ്പനിയില്‍ സ്റ്റാലിന്റെ മരുമകന് ബിനാമി നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ കെ. അണ്ണാമല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടക്കുന്നത്.
സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഡിഎംകെ നേതാക്കള്‍ നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ ചില രേഖകളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പുറത്തുവിട്ടിരുന്നു. സ്റ്റാലിന് ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ കമ്പനിക്ക് വേണ്ടി വഴിവിട്ട സഹായം ചെയ്തുകൊടുത്തെന്നായിരുന്നു ആക്ഷേപം. സ്റ്റാലിന്റെ മരുമകന് ശബരീഷും മകനും ഇപ്പോഴത്തെ കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കഴിഞ്ഞ വര്‍ഷം വരവിലേറെ സ്വത്ത് സമ്പാദിച്ചതായും ബിജെപി ആരോപണമുന്നയിച്ചിരുന്നു.
ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്ന ടെലഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: