പി. ശ്യാംരാജ്
യുവമോര്‍ച്ച ദേശീയ സെക്രട്ടറി
ഇക്കഴിഞ്ഞ ദിവസമാണ് ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നത്. UNFPA (United Nation’s Population Fund) റിപ്പോര്‍ട്ട് പ്രകാരം 142.86 കോടിയുമായി നാമിപ്പോള്‍ ഒന്നാം സ്ഥാനത്താണ്. അതില്‍തന്നെ 66 ശതമാനത്തോളം യുവാക്കളാണ്. ഏകദേശം 90 കോടിയിലധികം ചെറുപ്പക്കാര്‍! ലോകത്തിലെ ഏറ്റവും വലിയരാജ്യമായ റഷ്യയുടെ മൊത്തം ജനസംഖ്യ 15 കോടിയും, അമേരിക്കയുടേത് 33 കോടിയുമാണെന്നറിയുമ്പോഴാണ് നമ്മുടെ കയ്യിലുള്ള മനുഷ്യസമ്പത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാവുക. ഇന്ത്യയുടെ ഡെമോഗ്രാഫിക് ഡിവിഡന്റ് (ജനസംഖ്യാപരമായ ലാഭവിഹിതം) 2055 വരെ ഉയര്‍ന്നുനില്‍ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ജോലി ചെയ്യുന്നവരുടെ അനുപാതം ആശ്രിതരായവരുടെ അനുപാതത്തേക്കാള്‍ ഉയര്ന്നുനില്ക്കുന്ന അവസ്ഥയാണിത്. ഇക്കാലയളവിനെ ഫലപ്രദമായി ഉപയോഗിച്ചാല്‍, അഥവാ നമ്മുടെ യുവാക്കള്‍ക്ക് ശരിയായ തൊഴില്‍ നൈപുണ്യം ലഭിച്ചാല്‍ ഇന്ത്യയ്ക്ക് ഭാവിയില്‍ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച നേടാനും ഒരു വികസിത രാജ്യമായി മാറാനും സാധിക്കും.
പൊതുവേ ഇന്ത്യന്‍ ജനത അധ്വാനശീലരാണെങ്കിലും തൊഴില്‍ നൈപുണ്യത്തിലേറെ മുന്നോട്ടുപോകുവാനുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് ഗ്രാമീണ നഗരപ്രദേശങ്ങളിലെ ഇന്ത്യന്‍ യുവാക്കളെ തൊഴിലിന് പ്രാപ്തരാക്കുന്നതിനും, വിവിധ മേഖലകളില്‍ ജോലി ലഭിക്കുന്നതിനാവശ്യമായ വൈദഗ്ധ്യവും പരിശീലനവും നല്കുന്നതിനുമായി സ്കില്‍ ഇന്ത്യ മിഷന് എന്ന ബ്രഹദ്പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. നിലവില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 പ്രകാരം 3 വര്‍ഷത്തിനുള്ളില്‍ 47 ലക്ഷം യുവാക്കള്‍ക്കാണ് സ്റ്റൈപ്പന്റിനോടൊപ്പം തൊഴില്‍ നൈപുണ്യപരിശീലനം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആധുനിക ലോകത്തെ തൊഴില്‍ സാധ്യതകള്‍ക്കനുസൃതമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, മെക്കാട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം ആരംഭിക്കുന്നതും. അതോടൊപ്പം യുവാക്കള്‍ക്ക് അന്തര്‍ദേശീയ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനായി 30 സ്കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കേന്ദ്രങ്ങളും സ്ഥാപിക്കപ്പെടും.
അങ്ങനെ കുതിയ്ക്കാനൊരുങ്ങുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ ചിറകുകള്‍ക്ക് ശക്തിപകരുവാനും അവരോട് ‘യുവം’ പരിപാടിയിലൂടെ സംവദിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തുന്നത്. Vibrant youth for Modifying Kerala (VYMK) ആണ് കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുമുള്ള ക്രിയാത്മകമായി ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി ‘യുവം’ സംഘടിപ്പിക്കുന്നത്. 2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെ ഇന്ത്യ ജി20 കൂട്ടായ്മയുടെ അധ്യക്ഷപദം അലങ്കരിക്കുകയാണ്. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും, ലോക ജിഡിപിയുടെ 85 ശതമാനവും ജി20 രാജ്യങ്ങളില്‍ നിന്നുമാണ്. വൈ20 (യൂത്ത്20), വിമല്‍20, അര്‍ബാന്‍20, തിങ്ക്20, സ്റ്റാര്‍ട്ട്അപ്പ്20, സായ്20, സിവില്‍20, ലേബര്‍20, പാര്‍ലിമെന്റ്20, സയന്‍സ്20 തുടങ്ങിയ എന്‍ഗേജ്മെന്റ് ഗ്രൂപ്പുകളും ജി20നു കീഴിലുണ്ട്. അതില്‍ വൈ20യുടെ ഭാഗമായി രാജ്യവ്യാപകമായി നിരവധി യൂത്ത് കോണ്‍ക്ലേവുകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ വൈ20യുടെ ആഭിമുഖ്യത്തില്‍ തന്നെയാണ്, യവം സംഘടിപ്പിച്ചിരിക്കുന്നതും.
2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. രാജ്യത്തെ ചെറുപ്പക്കാരില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ ജോലിയോ മറ്റെന്തെങ്കിലും സ്ഥാപനങ്ങളിലെ ജോലിയോ മാത്രം സ്വപ്നം കണ്ടിരുന്നൊരു സമയമുണ്ടായിരുന്നു. ആ ചെറുപ്പക്കാരോടാണ് ജോലി വാങ്ങുന്നവരായി നിലകൊള്ളുന്നതിനുപകരം, ജോലി നല്കുന്നവരായി മാറാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മുദ്രയോജന, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ നിരവധി പദ്ധതികളും മുന്നോട്ടുവച്ചു. തല്‍ഫലമായി 84,000 പുതിയ സ്റ്റാര്‍ട്ടപ്പുകളാണ് കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വന്നത്. സ്റ്റാര്‍ട്ടപ്പ് സൗഹൃദരാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയും ചെയ്തു.
സ്വയം തൊഴില്‍ തുടങ്ങുവാനായി 41 കോടി മുദ്രാലോണുകളാണ് കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. അതില്‍ 23 കോടി വനിതാ സംരംഭകരും. നവയുഗ വിപ്ലവം എന്നല്ലാതെ മറ്റെന്തുപേരിട്ടാണ് ഈ മാറ്റങ്ങളെ വിളിക്കാനാവുക? ഇക്കാലയളവില്‍ തന്നെ 2013 അവസാനത്തോടുകൂടി 10 ലക്ഷം സര്‍ക്കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് ലഭിക്കാന്‍ പോകുന്നതും. വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചുചാട്ടം തന്നെയാണ് കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. കഠിനാധ്വാനം ചെയ്യുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ ഒരുപാട് നമുക്കുണ്ടായിരുന്നുവെങ്കിലും, ഒരു പ്രധാനപ്രശ്നം ആവശ്യമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 2014 വരെയുള്ള 67 വര്‍ഷക്കാലയളവില്‍ ഇന്ത്യയിലെ ആകെ ഐഐടികളുടെ എണ്ണം 16 ആയിരുന്നുവെങ്കില്‍, വെറും 9 വര്‍ഷങ്ങള്‍ക്കുശേഷം അത് 23 ആയിമാറി. 2014 വരെ 13 ഐഐഎമ്മുകള്‍ ആയിരുന്നുവെങ്കില്‍ ഇപ്പോഴിത് 20 ആയിമാറി.
മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരിക്കുന്നത് വിപ്ലവകരമായ മാറ്റമാണ്. 2014 വരെ രാജ്യത്ത് വെറും 7 എയിംസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 22 ആയി. മൂന്നിരട്ടിയിലധികം. രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 387 ല്‍ നിന്നും 606 ആയി. ട്രൈബല്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും 90ല്‍ നിന്നും 500 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വരുന്നതിന് മുന്‍പ്, കളര്‍ ടിവികള്‍ പ്രചാരത്തിലാവുന്നതിനും മുന്‍പ്, 37 വര്‍ഷം മുന്‍പ് 1986ല്‍ നിലവില്‍ വന്ന വിദ്യാഭ്യാസ നയത്തിലൂന്നിയായിരുന്നു ഇത്രയും കാലം നമ്മുടെ കുട്ടികള്‍ അധ്യയനം നടത്തിയിരുന്നത്. അവര്‍ എത്രയോ വര്‍ഷം പിന്നിലായിരുന്നുവെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. 2020ല്‍ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കപ്പെട്ടു.
ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുമ്പോഴൊക്കെ നമ്മുടെ വേവലാതിയായിരുന്നു 100 കോടി ജനസംഖ്യ ഉണ്ടായിട്ടും മെഡല്‍ പട്ടികയില്‍ നാം എന്തുകൊണ്ട് അവസാനമായി മാറുന്നുവെന്നത്. ചെറുപ്പകാലം മുതല്‍ കായികശീലനം ഉണ്ടാക്കിയെടുക്കുകയും മികച്ചതും പ്രൊഫഷണലുമായ പരിശീലനങ്ങളില്‍ കൂടിയും മാത്രമേ അത്രയ്ക്കും മെഡല്‍ സാധ്യതകള്‍ ഉണ്ടാവുകയുള്ളൂ. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യമൊട്ടാകെ ട്രാക്കുകളും സ്റ്റേഡിയങ്ങളും നിര്‍മ്മിച്ചുവരുന്നു. ഖേലോ ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ കായികമേളകളില്‍ നിന്നും എല്ലാ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷം രൂപ വീതം എട്ടുവര്‍ഷത്തെ സ്കോളര്‍ഷിപ്പ് ലഭിക്കുന്നു. ആ സ്കോളര്‍ഷിപ്പ് അവരുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള പരിശീലനത്തിനും മറ്റും ഉപയോഗിക്കാവുന്നതാണ്. ഇതിനെല്ലാം അപ്പുറം ആരോഗ്യവുമുള്ളൊരു ജനതയ്ക്ക് വേണ്ടി മികച്ച കായിക സംസ്കാരം ഉണ്ടായേ തീരൂ. ഐഎന്‍എസ് വിക്രാന്ത്, കേരളം നിലവില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വന്ദേഭാരത് തീവണ്ടി, പ്രചണ്ഡ് തുടങ്ങി നിരവധി അനവധി മേക്ക് ഇന്‍ ഇന്ത്യ പ്രോജക്ടുകളും ഇക്കാലയളവില്‍ നിലവില്‍വന്നു.
കേരളത്തിലെ ഒരു ക്യാമ്പസില്‍ അസിസ്റ്റ് പ്രൊഫസര്‍ ആവാനുള്ള അടിസ്ഥാന യോഗ്യത, ഏതെങ്കിലും ഇടതു നേതാവിന്റെ ഭാര്യയോ ബന്ധുവോ ആയിരിക്കണം ഉദ്യോഗാര്‍ത്ഥി എന്നതാണ്. വിസി ആകണമെങ്കില്‍ ഏതെങ്കിലുമൊരുകാലത്ത് ഇടതുപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരിക്കണം. അല്ലാതെ യുജിസി മാനദണ്ഡങ്ങളല്ല. ചെറുപ്പക്കാര്‍ ലക്ഷങ്ങള്‍ മുടക്കി മികച്ച വിദ്യാഭ്യാസത്തിനായി മാറ്റുരാജ്യങ്ങളിലേക്ക് ചേക്കേറി. അങ്ങനെ കേരളത്തിന്റെ അഭിമാനമായിരുന്ന വിദ്യാഭ്യാസരംഗത്തിന്റെ അടിവേരിളക്കി. കടംവാങ്ങിയും, ലോണെടുത്തും, എങ്ങനെയും സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ ആരെങ്കിലുമൊരു സംരംഭം തുടങ്ങിയാല്‍ അവനെ ബൂര്‍ഷ്വയെന്ന് വിളിച്ചും അതിന് മുന്നില്‍ കൊടികുത്തിയും കേരളത്തിന്റെ വ്യാവസായികരംഗം തകര്‍ത്തു. അന്ധമായ രാഷ്ട്രീയ ഇടപെടലുകള്‍മൂലം ഇന്ത്യയിലെ മികച്ച പൊതുഗതാത സംവിധാനങ്ങളില്‍ ഒന്നായിരുന്ന കെഎസ്ആര്‍ടിസിക്ക് മരണവാറണ്ട് വിധിച്ചു. പെട്രോള്‍, ഡീസല്‍, ഇലക്ട്രിസിറ്റി, ജലം തുടങ്ങി കേരളത്തില്‍ സര്‍ക്കാരൊഴികെ മറ്റെല്ലാത്തിനും വിലകൂട്ടി. ആകെയുല്‍പ്പാദനം ലോട്ടറിയും മദ്യവും മാത്രം. നെല്ലില്‍ നിന്നും കശുമാങ്ങയില്‍ നിന്നും തുടങ്ങി, കാടിവെള്ളത്തില്‍ നിന്നുവരെ മദ്യമുണ്ടാക്കുന്നതിന് മാത്രം താല്പര്യമുള്ളൊരു സര്‍ക്കാര്‍. യഥാര്‍ഥത്തില്‍ നാമിത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ ക്രിയാത്മകമായി സമീപിക്കുന്നതിനുപകരം, എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്ന ചില ഇടതു യുവജനസംഘടനകളുടെ നിലപാടുകള്‍ അപഹാസ്യമാണ്.
2020 ല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച അസന്‍ഡ് കേരള നിക്ഷേപക സംഗമത്തില്‍ പ്രഖ്യാപിച്ച 15,386 കോടി രൂപയുടെ പദ്ധതികളാണ് കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് ഉപേക്ഷിച്ചത്. അയല്‍ സംസ്ഥാനങ്ങളെല്ലാം വിദേശരാജ്യങ്ങളെപ്പോലും അതിശയിപ്പിക്കുന്ന രീതിയില്‍ ഐടി പാര്‍ക്കുകള്‍ നിര്‍മിച്ചെടുക്കുമ്പോള്‍, ഇവിടെ കേരളത്തില്‍ ചോദിച്ച സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ പോലും സര്‍ക്കാരിനാവുന്നില്ല. ജനങ്ങളോട് മുണ്ടുമുറിക്കിയുടുക്കാന്‍ പറഞ്ഞിട്ട് അതേ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വിദേശയാത്രകള്‍ നടത്തുന്ന മന്ത്രിമാര്‍ ആദ്യം പോയിക്കാണേണ്ടയിടങ്ങള്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലെ ഇലക്ട്രോണിക് സിറ്റിയും തെലങ്കാനയിലെ ഹൈടെക് സിറ്റിയും ഒക്കെയാണ്.
2022 ല്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കര്‍ണാടകം 60,000 കോടിയുടെയും, മഹാരാഷ്ട്ര 30,000 കോടിയുടെയും, തെലങ്കാന 4200 കോടിയുടെയും കരാര്‍ ഒപ്പുവച്ചപ്പോള്‍ കേരളം അതില്‍ പങ്കെടുത്തതുപോലുമില്ല. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ മരുന്നുവിറ്റഴിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം. പ്രതിവര്‍ഷം 10,000 കോടിരൂപയുടെ മരുന്നാണ് നാം വാങ്ങി ഉപയോഗിക്കുന്നത്. എന്നിട്ടും മരുന്ന് നിര്‍മാണത്തിനാവശ്യമായ രാസവസ്തുക്കളും, ചേരുവകളും നിര്‍മിക്കുന്ന ഒരു ബള്‍ക്ക് ഫാര്‍മസിപ്ലാന്റ് പോലും കേരളത്തിനില്ല. അതേ സമയം ഇത്തരത്തിലുള്ള 115 പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. എന്തിനേറെ പറയുന്നു, ഉന്നതവിദ്യാഭ്യാസ നിലവാരത്തിന് പേരുകേട്ട കേരളത്തില്‍ ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പോലും കേരളം മാറിമാറിഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് സാധിച്ചിട്ടില്ല. രാജ്യം മുന്നോട്ട് പോകുമ്പോള്‍ അതിനെതിരെ പുറംതിരിഞ്ഞുനില്‍ക്കുകയും, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോള്‍ അതിനെ അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നിലപാടുകളും ഇവിടുത്തെ ചെറുപ്പക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ടതിന് പകരം പ്രധാനമന്ത്രിക്കെതിരെ കാട്ടിക്കൂട്ടുന്ന ഈ പ്രതിഷേധങ്ങളൊക്കെ അപഹാസ്യമാണ്. സ്വന്തം കഴിവുകേടുകള്‍ മറച്ചുവയ്ക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന അത്തരം അനാവശ്യപ്രതിഷേധങ്ങളെ പരിധിയിലധികം പരിഗണിക്കേണ്ടത് പോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്തായാലും ഈ രാജ്യത്തെ പരം വൈഭവത്തിലേക്കെത്തിക്കാന്‍ പ്രതിജ്ഞ ചെയ്തൊരു പ്രധാനമന്ത്രിയും സര്‍ക്കാരും ഉള്ളിടത്തോളം കാലം ഇവിടെ ക്രിയാത്മകവും സകാരാത്മകവുമായ ചര്‍ച്ചകളും അവയുടെ പ്രായോഗികവല്ക്കരണവും തുടരുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: