സുരേഷ് മണ്ണാറശാല
കേരളത്തിലെ ക്ഷേത്രകലകളില്‍ വളരെയേറെ പ്രാധാന്യമുള്ളതാണ് കൂത്ത്. ഇവ വളരെ പഴയകാലം മുതല്‍ ക്ഷേത്രങ്ങളോട് ചേര്‍ന്ന കൂത്തുതറകളിലോ, കൂത്തമ്പലങ്ങളിലോ ആയിരുന്നു നടത്തിയിരുന്നത്. ഇതിഹാസങ്ങളിലേയും പുരാണങ്ങളിലെയുമൊക്കെ കഥകള്‍ സമകാലിക സംഭവങ്ങളുമായി ഇഴചേര്‍ന്ന് ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന കലാരൂപമാണ് ചാക്യാര്‍കൂത്ത്.
ഇതിന്റെ വകഭേദമായ നങ്ങ്യാര്‍കൂത്ത് ചാക്യാര്‍ സമുദായത്തിലെ സ്ത്രീകളായ നങ്ങ്യാര്‍മാരാണ് അവതരിപ്പിക്കുന്നത്. ശ്രീകൃഷ്ണ കഥകളാണ് ഇതില്‍ പ്രധാനമായി തെരഞ്ഞെടുത്ത് അരങ്ങേറുന്നത്. ഭാവാഭിനയവും അംഗാഭിനയവും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. നങ്ങ്യാര്‍കൂത്തിന്റെ മുദ്രകളില്‍ ഭൂരിഭാഗവും കൂടിയാട്ടത്തിനോട് സാദ്യശ്യമുള്ളതായി പറയപ്പെടുന്നു. കൂത്തമ്പലങ്ങളിലവതരിപ്പിക്കുന്ന മറ്റൊരു കലാരൂപമാണ് കൂടിയാട്ടം. കേരളത്തിലെ അതി പ്രാചീനമായ അഭിനയരീതികളും സംസ്‌കൃത നാടകവും കൂടിച്ചേര്‍ന്ന ദൃശ്യകലയാണിത്. നായകനും നായികയും കൂടി രംഗപ്രവേശനം നടത്തുന്നതുകൊണ്ടായിരിക്കാം ഈ കലാരൂപത്തിന് ഈ പേര് വന്നത്. ലോകപൈതൃക കലകളില്‍ ഭാരതത്തിലെ ആദ്യത്തെ നൃത്തരൂപമായി ഇതിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന് ആയിരത്തോളം വര്‍ഷങ്ങളുടെ ചരിത്രമാണ് പറയാനുള്ളത്. കേരളത്തിലെ ഏറ്റവും പഴയ രംഗകലയായി ഇതിനെ വിശേഷിപ്പിക്കുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തോളം പഴക്കമുള്ള ഇത് കാലാകാലങ്ങളില്‍ നവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. വിദൂഷകന്‍ എന്ന കഥാപാത്രമാണ് ഏറെ ജനകീയമായിട്ടുള്ളത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം എന്നിവിടങ്ങളിലെ കൂത്തമ്പലത്തിലുള്ളതുപോലെ ഹരിപ്പാട് കൂത്തമ്പലത്തിലും ഇത് അവതരിപ്പിച്ചുപോരുന്നുണ്ട്.
ഹരിപ്പാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രകലകളില്‍ മിക്കവയും അവതരിപ്പിച്ചിരുന്നത് കൂത്തമ്പലത്തിലാണ്. കേരളത്തിലെ ഇതര കൂത്തമ്പലങ്ങളോടൊപ്പം ശില്‍പ്പ ചാരുതകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നതാണിത്. മേല്‍ക്കൂരയിലും അകത്തുള്ള മണ്ഡപത്തിലും തടിയിലുള്ള കൊത്തുപണികള്‍ എല്ലാവരെയും ആകര്‍ഷിക്കുന്നവയാണ്. കൂത്തമ്പലത്തിലെ കലാവതരണം മണ്ഡപത്തിലാണ് അരങ്ങേറുന്നത്. പടിഞ്ഞാട്ടുദര്‍ശനമായ കൂത്തമ്പലത്തിന്റെ മണ്ഡപത്തിന് പിന്നില്‍ തടികൊണ്ട് നിര്‍മ്മിതമായ അണിയറയുമുണ്ട്. കലാകാരന്മാര്‍ക്ക് അകത്തേക്ക് കയറുന്നതിനായി തെക്കുകിഴക്കേ മൂലക്കുകൂടി ഒരു ചെറിയ വാതിലുണ്ട്. അണിയറയില്‍ നിന്നും അവതരണ മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടതുവശത്തും വലതുവശത്തുമായി രണ്ട് വാതിലുകളുണ്ട്. മണ്ഡപത്തിന്റെ മുകള്‍ഭാഗം കൊത്തുപണിയാല്‍ അലങ്കരിച്ചിരിക്കുന്നു. കുത്തനെയുള്ള മേല്‍ക്കൂരയില്‍ ശ്രീകൃഷ്ണ ലീലകളും ദശാവതാര കഥകളും കൊണ്ട് ശില്‍പ്പവേല ചെയ്തിരിക്കുന്നു.
മണ്ഡപത്തിന് മുകളിലുള്ള ദാരുശില്‍പ്പകലയാണ് ഏറെ ആകര്‍ഷകമായുള്ളത്. ബ്രഹ്മാവും അഷ്ടദിക് പാലകരുമടങ്ങുന്ന ശില്‍പ്പവേല അതിസൂക്ഷ്മതയോടെയാണ് ചെയ്തിരിക്കുന്നത്. മധ്യത്തില്‍ സ്വയംഭൂവാണ്. പഴയകാലത്ത് ബ്രഹ്മാവിനെ ക്ഷേത്രത്തില്‍ ആരാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മാനസ സങ്കല്‍പ്പത്തില്‍നിന്നുമുണ്ടായ പത്ത് പ്രജാപതിമാരാണ് അത്രി, അംഗരസ്, പുലസ്ത്യന്‍, പുലഹന്‍, ക്രതു, ഭൃഗു, മരീചി, വസിഷ്ഠന്‍, ദക്ഷന്‍, കര്‍ദ്ദമന്‍ എന്നിവര്‍. ഇവരുടെ പുത്രന്മാരാണ് ദേവന്മാര്‍, അസുരന്മാര്‍, യക്ഷകിന്നര ഗന്ധര്‍വ്വന്മാര്‍ തുടങ്ങിയവര്‍. പിതാമഹനായ ബ്രഹ്മദേവനെ മധ്യത്തിലും ഈശാനന്‍, ഇന്ദ്രന്‍, അഗ്നി, യമന്‍, നിര്യതി, വരുണന്‍, വായു, കുബേരന്‍ എന്നിവരെ അഷ്ടദിക്കിനനുസരിച്ച് പണിതൊരുക്കിയുമാണ് മുകള്‍ഭാഗം അലങ്കരിച്ചിരിക്കുന്നത്. കിഴക്ക് ഇന്ദ്രന്‍, തെക്കുകിഴക്ക് അഗ്നി, തെക്ക് യമന്‍, തെക്കുപടിഞ്ഞാറ് നിര്യതി, പടിഞ്ഞാറ് വരുണന്‍, വടക്കുപടിഞ്ഞാറ് വായു, വടക്ക് കുബേരന്‍, വടക്കുകിഴക്ക് ഈശാനന്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. കലാവതരണത്തിന് പരിപൂര്‍ണ്ണത കൈവരിക്കണമെങ്കില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്റെയും അഷ്ടദിക്പാലകരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന വിശ്വാസത്തിലാണിങ്ങനെ ശില്‍പ്പവേല നടത്തിയിരിക്കുന്നത്.
മണ്ഡപത്തിന് ചുറ്റുമുള്ള ശിലാസ്തംഭങ്ങളിലും മനോഹരമായ ശില്‍പ്പവേലകള്‍ നടത്തിയിട്ടുണ്ട്. കൃഷ്ണശിലയിലാണിത് സ്ഥാപിച്ചിട്ടുള്ളത്.
കേരളത്തിലെ കൂത്തമ്പലങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഹരിപ്പാടിനുള്ളത്. വലിപ്പങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലമാണ്. രണ്ടാംസ്ഥാനം ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലേതിനാണ്. പതിനഞ്ചര മീറ്റര്‍ നീളവും പതിനൊന്ന് മീറ്റര്‍ വീതിയുമുള്ള ഹരിപ്പാട് ക്ഷേത്രത്തിലെ കൂത്തമ്പലത്തിനാണ് മൂന്നാം സ്ഥാനം. ശില്പവേലകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഈ കൂത്തമ്പലം അപൂര്‍വ്വരീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 1769 ഫെബ്രുവരി 19-നാണ് ഈ കൂത്തമ്പലത്തിന് പുനര്‍നിര്‍മ്മാണം നടത്തിയിട്ടുള്ളതായി രേഖകള്‍ സൂചിപ്പിക്കുന്നത്. കൊല്ലവര്‍ഷം 944 മീനമാസം 8-ാം തീയതി പുണര്‍തം നാളില്‍ ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്തി സമര്‍പ്പിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ്. അതിന് മുമ്പ് ശതാബ്ദങ്ങളായി നിലനിന്നിരുന്ന കൂത്തമ്പലം അഗ്നിക്കിരയായി നശിച്ചുപോയതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൂത്തമ്പലത്തിന്റെ അധിഷ്ഠാനത്തിലുള്ള ശിലാ ലിഖിതങ്ങളൊക്കെ വികൃതമാക്കി മറച്ചുകൊണ്ട് വര്‍ഷങ്ങളായി നടത്തിവരുന്ന പെയിന്റിംഗ് ഇതിന്റെയൊക്കെ സ്വാഭാവികത നഷ്ടപ്പെടുത്തിയിരിക്കുന്നു.
കൂത്തമ്പലത്തിനുള്ളില്‍ അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ശില്‍പ്പവേലകളുമുണ്ട്. തെക്കുപടിഞ്ഞാറ് മൂലയില്‍ മേല്‍ക്കൂടിനുള്ളില്‍ ശ്രീമദ് ഭാഗവത കഥാസന്ദര്‍ഭങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. ഗോമാതാവിന്റെ രൂപത്തിലുള്ള ഭൂമിദേവി മറ്റു ദേവന്മാരോടൊപ്പം വൈകുണ്ഠത്തില്‍ അനന്തശായിയായിട്ടുള്ള മഹാവിഷ്ണുവിന് മുന്നില്‍ സങ്കടമുണര്‍ത്തിക്കുന്ന രംഗം വളരെ ശ്രദ്ധേയമാണ്. ഇവയോടൊപ്പം ഭാഗവതത്തിലെ ദശമസ്‌കന്ദത്തിലെ സന്ദര്‍ഭങ്ങളില്‍പ്പെടുന്ന ശ്രീകൃഷ്ണലീല, കംസവധം എന്നിവയും വിസ്തരിച്ച് ചിത്രീകരിച്ചിരിക്കുന്നു. കൂടാതെ ദശാവതാര കഥകളും ആലേഖനം ചെയ്തിട്ടുണ്ട്. ഇവയ്‌ക്ക് മുകളിലായി 2000 വര്‍ഷം മുന്‍പ് ബോധായനന്‍ എഴുതിയ ഭഗവതജ്ജുകീയം സംസ്‌കൃത നാടകം 16 വലിയ ദാരുശില്‍പ്പങ്ങളിലായി ചിത്രീകരിച്ചിരിക്കുന്നു. ഈ കൂടിയാട്ട കഥ വളരെ പ്രശസ്തമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: