കൊച്ചി: പ്രധാനമന്ത്രിയ്ക്ക് ഭീഷണി കത്ത് എഴുതിയ കേസിൽ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിലായി. രണ്ട് പേര് തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കത്തിന് പിന്നിലെന്ന് കൊച്ചി കമ്മീഷണര്‍ കെ സേതുരാമന് പറഞ്ഞു. കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുന്‍പാണ് ബിജെപി സംസ്ഥാന കാര്യാലയത്തിൽ കിട്ടിയത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പോലീസിനോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്.
ജോണിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സേവ്യറിനെ നേരത്തേ പോലീസ് ചോദ്യം ചെയ്തിരുന്നു. ആരോപണം ഇയാൾ നിഷേധിച്ചതിനെ തുടർന്നാണ് കൈയ്യെഴുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിൽ സേവ്യർ കുടുങ്ങുകയായിരുന്നു. പ്രധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു ഊമക്കത്തിലെ ഭീഷണി സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: