കോട്ടയം: ഭാരതീയ ചിന്താധാരകള്‍ ഭ്രാതൃസങ്കല്പത്തില് ഊന്നിനില്ക്കുന്ന ആത്മീയതയാണെന്നും അവിടെ സ്വാര്‍ത്ഥ ചിന്തകള്‍ക്ക് സ്ഥാനമില്ലെന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വിസി. ഡോ. സിറിയക് തോമസ്. ബാലഗോകുലത്തിന്റെ 48-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ പ്രാര്‍ത്ഥന എന്താണെന്ന് താന്‍ മനസ്സിലാക്കിയത് 61-ാം വയസ്സിലാണ്, പഠിപ്പിച്ചത് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. ‘ലോകാ സമസ്താ സുഖിനോ ഭവന്തു:’ എന്ന മന്ത്രമായിരുന്നു അത്. ഇതാണ് ലോകത്തിലെ ഏറ്റവും മഹത്തായ പ്രാര്‍ത്ഥന.
മീനച്ചില്‍ കര്‍ത്താക്കളാണ് ക്രിസ്ത്യാനികള്‍ക്ക് പാലായില്‍ പള്ളി പണിയാന്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത്. ഭരണഘടന നിലവില്‍ വരുന്നതിനും ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പെ ഇവിടെ മതസൗഹാര്‍ദ്ദം നിലനിന്നിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയ 20 പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുവാന്‍ ആഗ്രഹിച്ചെങ്കിലും ഭാരത പ്രധാനമന്ത്രിക്കും അമേരിക്കന്‍ പ്രസിഡന്റിനും മാത്രമാണ് അദ്ദേഹം അനുമതി നല്‍കിയത്. മാര്‍പാപ്പ പ്രോട്ടോക്കോള്‍ മാറ്റിവച്ച് ഇറങ്ങി വന്ന് മോദിയെ ആശ്ലേഷിച്ചാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ ആത്മീയ നേതാവായാണ് മാര്‍പാപ്പ കണ്ടത്. ഇന്ത്യയിലേയ്ക്ക് മാര്‍പാപ്പയെ മോദി ക്ഷണിക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.
ബാലഗോകുലം കോട്ടയം മേഖലാ അധ്യക്ഷന്‍ സി.എസ്. മധുസൂദനന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആര്. പ്രസന്നകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാര്‍ സ്വാഗത സംഘ പ്രഖ്യാപനം നടത്തി. അനില്‍കുമാര്‍, മനുകൃഷ്ണ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: