പ്രകാശ് കുറുമാപ്പള്ളി
മലയാളികള്‍ സുരേഷ് കെ. നായരെന്ന ചെര്‍പ്പുളശ്ശേരിക്കാരന്‍ മ്യൂറല്‍ ചിത്രകാരനെ കേള്‍ക്കാതിരി ക്കാനിടയില്ല. സ്വത്വവും സ്വഭാവവും തനിമയും കൈവിടാതെ ചുമര്‍ചിത്രകലയെ, വിസ്തൃതമായ ഇതര ക്യാന്‍വാസുകളിലേക്കും ശൈലീസമ്പ്രദായങ്ങളിലേക്കും വ്യാപരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാവനാധനനായ ചിത്രകാരന്… തൊണ്ണൂറുകളുടെ തുടക്കത്തില്‍ കഥകളിയരങ്ങുകളില്‍ സ്ഥാനംപിടിച്ച് അരങ്ങിലാടുന്ന വേഷങ്ങളെ വരകളിലൂടെ കൈവശമുള്ള കടലാസിലേക്ക് പകര്‍ത്തി, അവിടെത്തന്നെ വിതരണം ചെയ്ത് മടങ്ങിക്കൊണ്ടിരുന്ന, എന്തൊക്കെയോ പ്രത്യേകതയുള്ളയാള്‍. പിന്നീട് 1994 ല്‍ ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായി ചേരുകയാണ്. ബനാറസ് ഹിന്ദുസര്‍വ്വകലാശാലയില്‍ ദൃശ്യകലാവിഭാഗം (വിഷ്വല്ആര്ട്ട്സ്) അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് സുരേഷ് ജോലിയെടുക്കുന്നു. പാകിസ്ഥാന് അതിര്‍ത്തിയിലെ അഠാരയില് (വാഗ ബോര്‍ഡര്‍) 2014 ല്‍, ഒരു വലിയ സ്ഥാപനത്തിനായി ചെയ്ത,. പത്തടി ഉയരവും നൂറ്റമ്പതടി നീളവുമുള്ള ചുമര്‍ചിത്രവും 2019 ല്‍ ചെര്‍പ്പുളശേരി ഗവ.ഹൈസ്കൂളിലെ 7000 സ്ക്വയര്‍ ഫീറ്റ് മതിലല്‍ 25 പാനലുകളിലായി പണിത ശാന്തിയുടെ മതിലും സംഗീതത്തിനൊപ്പം നൃത്തമാടി വരയ്ക്കുന്ന ചിത്രകാരനും ഏറെ ജനശ്രദ്ധനേടി.
2014 ല്‍, ബനാറസ്സിലെ വൃത്തിഹീനമായ വഴിയോരങ്ങളില്‍ ദേവീദേവന്മാരെ ചിത്രണം ചെയ്ത് അവിടെ അഴുക്കുകൊണ്ടിടുന്നതും മൂത്രവിസര്‍ജ്ജനം ചെയ്തുവന്നതും തടഞ്ഞ് മാലിന്യമുക്തമാക്കുവാന്‍ സ്വയം മുന്നിട്ടിറങ്ങി സാധ്യമാക്കിയ ചുമര്‍ചിത്രകാരന്‍!
തന്റെ പ്രവൃത്തികളുടെ വിശാലതകള്‍ കൊണ്ടു തന്നെ വ്യത്യസ്തനാകുകയാണ് സുരേഷ്. ഇന്നദ്ദേഹം വീണ്ടും ശ്രദ്ധപിടിച്ചുപറ്റിയത് 2023 സപ്തംബര്‍ 9,10 തിയ്യതികളിലായി ഭാരതം ആതിഥ്യമരുളുന്ന g 20 യില്‍ പങ്കെടുക്കുവാനെത്തുന്ന വിദേശിയരടക്കമുള്ള യാത്രികരെ സ്വാഗതംചെയ്യുന്ന വരണാസി ബാബത്പൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്രവിമാനത്താവളത്തിലെ ചുമര്ചിത്രത്തിലൂടെയാണ്.
ഭാരതം ആതിഥ്യമരുളുന്ന ലോകസമ്മേളനമാണിത്. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലായിരുന്നു 20 രാജ്യങ്ങളുടെ (Group 20 ) ഈ സമ്മേളനം നടന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവലിംഗവും വലിയ ചുമര്ചിത്രങ്ങളിലൊന്നുമായിരിക്കും ഇത്. 20ഃ30 അടി വലുപ്പത്തിലുള്ള ഈ പ്രവൃത്തിയില്‍ നടുക്ക് കണ്ണാടിയിലാണ് ശിവലിംഗം ചെയ്തിട്ടുള്ളത്. അഹം ബ്രഹ്മാസ്മിയും തത്വമസിയും ദര്‍ശനത്തിലൂടെ സാധ്യമാക്കുന്ന വലിയൊരു ക്യാന്‍വാസില്‍ ചെയ്ത ചിത്രം! ശിവലിംഗത്തിലൂടെ സ്വന്തം മുഖം തന്നെയാകുമല്ലോ പ്രതിഫലിച്ചുകാണുക. സുരേഷ് കെ. നായരെന്ന അരുമ അദ്ധ്യാപകന് പൂര്‍ണ്ണപിന്തുണ നല്കി, അദ്ദേഹത്തിന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിയ്ക്കുന്ന, കൂട്ടുകാരെപ്പോലെ സദാ കൂടെനില്‍ക്കുന്ന ശിഷ്യഗണങ്ങള്‍ ഈ കാശീവിശ്വനാഥചിത്ര സാക്ഷാത്ക്കാരത്തിനായി തോള് ചേരുന്നു.
ചിത്രരചന അവസാനഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍ ഒരു ദിവസം വിമാനത്താവളത്തിലെത്തിയ പാരീസ് ചിത്രകാരി ലാറിസ്സാനൗറി സുരേഷിനും സംഘത്തി നുമൊപ്പം ചേരുകയുണ്ടായി. ഒന്നു രണ്ടു വരകള്‍ അവരുടേതായി സമര്‍പ്പിക്കുകയും ചെയ്തു. ”അദ്വിതീയമായ ചുമര് ചിത്രം! ഈ ചിത്രമെന്നെ ധ്യാനാവസ്ഥയിലേക്ക് ഞാനറിയാതെ നയിക്കുന്നു.”- അവര്‍ തുറന്നുപറഞ്ഞു.
താന്‍ തേടുന്ന വ്യത്യസ്തതകളും ചെയ്തു കൊണ്ടിരിക്കുന്ന കാശിയിലെ എയര്‍പോര്‍ട്ട് ചിത്രവും അവയിലേക്ക് നയിച്ച സാഹചര്യങ്ങളേയും സുരേഷ് വിവരിയ്ക്കുന്നു. ”94 ല്‍ ശാന്തിനികേതനില്‍ പഠിച്ചുവരവേ, അവസാന വര്‍ഷ പ്രൊജക്റ്റിന്റെ ഭാഗമായി അദ്ധ്യാപകന് നന്ദോത്ത് ലാല്‍ മുഖര്‍ജി ഒരു ചുമര് തന്ന് അതില്‍ മനോധര്മ്മത്തിനനുസൃതമായി വരയ്ക്കുവാന്‍ ആവശ്യപ്പെട്ടു. പലരും പ്രവൃത്തി തുടങ്ങി. എന്നാല്‍ ഒരു ആശയവും ഉള്ളില്‍ രൂപപ്പെട്ടു വരാത്തതിനാല്‍ കുറച്ചുദിവസം എനിക്കൊന്നും ചെയ്യാനായില്ല. വേനല്ക്കാലാവധിയായി. ആ സമയം വെറും ഇളനീര് വെള്ളം മാത്രം കുടിച്ച് ഒരു മാസത്തോളം ഉപവാസമനുഷ്ഠിച്ചു. ആയിടയ്ക്ക് ഒരു വിഷയം മനസ്സില്‍ തെളിഞ്ഞു. ചിത്രകാരന് സ്വയം ശ്രീബുദ്ധന്റെ ഛായയില്‍ നില്ക്കുന്നതായ കണ്ണാടിയില്‍ ചെയ്ത ചിത്രമാണ് ഞാനന്ന് ലേഖനം ചെയ്തത്. പലരും വ്യത്യസ്തമായാണ് ഈ ചിത്രത്തെ സമീപിച്ചത്. കേരളീയര്‍ ശ്രീനാരായണ ഗുരുവായും ഗുജറാത്തി ഗാന്ധിജിയായും നേപ്പാളി ബുദ്ധനായും ശാന്തിനികേതനിലുള്ളവര് ടാഗോറായും ചിത്രത്തെ വിലയിരുത്തി. രണ്ടായിരം വര്‍ഷംമുമ്പ് ഇതിനു സമാനമായ ഒന്ന് ലോഹത്തിന്റെ ക്യാന്‍വാസില്‍ പ്രഭാമണ്ഡലമായി എവിടേയോ ചെയ്തിട്ടുണ്ടെന്ന് പിന്നീടറിഞ്ഞു. അനന്തസാധ്യതകളും ആശയങ്ങളും അര്‍ത്ഥസമ്പുഷ്ടിയും നല്കുന്നുവെന്നതിനാല് കണ്ണാടി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ക്ക് ഞാന്‍ പ്രാധാന്യം നല്‍കിത്തുടങ്ങി. ഒരുപക്ഷേ ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയതില്‍നിന്നും ലഭിച്ച ഊര്ജ്ജമായിരിയ്ക്കാം ഒരു കാരണം.
കഴിഞ്ഞവര്‍ഷം കോട്ടയത്ത് ഒരു മ്യൂറല്ക്യാമ്പ് നടന്നിരുന്നു. ക്യാന്‍വാസില്‍ കണ്ണാടി ശിവലിംഗമായി രുന്നു ഞാന്‍ ചെയ്തത്. പൊതുവെ ചിത്രം എല്ലാര്ക്കും ഇഷ്ടമായി. ഞാനത് എന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. അത് കണ്ടാണ് വാരാണസി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അവിടെ നവീകരണത്തിന്റെ ഭാഗമായി. ഇതുപോലൊരു ചുമര്‍ചിത്രം ചെയ്യുവാന്‍ എന്നോടാവശ്യപ്പെടുന്നത്. നിശ്ചയിക്കപ്പെട്ട ചുമര് അനുയോജ്യമല്ലായിരുന്നു.
മറ്റൊരു ഭാഗം ഞാന്‍ തന്നെ കണ്ടെത്തുകയായിരുന്നു. രണ്ടുമാസത്തെ കലാസപര്യയില്‍ പന്ത്രണ്ട് കുട്ടികള്‍ അവരുടെ പാഠ്യപരിശീലനമായി എന്നോടൊപ്പമുണ്ട്. ഞാന്‍ വരയ്ക്കുന്നു. അവര്‍ നിറം കൊടുക്കുന്നു. ക്ലാസ്സ് മുറിയ്ക്കു പുറത്ത് അവര്‍ക്കിത് വലിയൊരു അനുഭവം തന്നയായിരിക്കുമെന്നതില് സംശയമില്ല. പത്താംനാള്‍ ശിവലിഗ സ്ഥാനത്ത് ഞാന്‍ കണ്ണാടി പ്രതിഷ്ഠിച്ചു.
പ്രൊഫസര്‍ സുരേഷ് കെ. നായരും കുട്ടികളും ചേര്‍ന്ന് കാശിയിലെ ഈ വിമാനത്താവളത്തില്‍ ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ കാശിയിലെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും വലിയൊരനുഭവമാകുമെന്നതില് തര്‍ക്കമില്ല. നയന മനോഹരമായ ഈ ചിത്രമെഴുതിത്തന്ന സുരേഷ് നായര്‍ക്കും ശിഷ്യര്‍ക്കും ഞങ്ങളുടെ അകമഴിഞ്ഞ സന്തോഷവും സംതൃപ്തിയും കൃതജ്ഞതയും അറിയിയ്ക്കുന്നു.” – വിമാനത്താവള ത്തിന്റെ ഡയറക്ടര്‍ ആര്യമ സന്യാല്‍ ഒരഭിമുഖത്തില്‍ പറയുന്നു.
കലാലോകങ്ങളിലെ അപാരതകളിലേക്ക് ഒരാനന്ദമായി അറിയപ്പെടാന്‍ പോകുന്ന ചുമര്‍ചിത്രം അതിന്റെ അവസാന മിനുക്കുപണികളിലാണിപ്പോള്‍! പൂര്‍ണ്ണമായും കേരളീയ ചുമര്‍ചിത്രശൈലി ഇതിനവകാശപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: