േഡാ. എ എം ഉണ്ണിക്കൃഷ്ണന്
തിരുവനന്തപുരം കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട്ടു ഭവനത്തില്‍ 1029 ചിങ്ങം 11-നു (1853 ആഗസ്റ്റ് 25) ജനിച്ച ചട്ടമ്പിസ്വാമികള്‍ക്ക് ഔപചാരികവിദ്യാഭ്യാസം നേടാനായില്ല. കടുത്ത ദാരിദ്ര്യത്തില്‍ വലഞ്ഞ മാതാപിതാക്കള്‍ക്ക് മകനെ പണം മുടക്കി പഠിപ്പിക്കാന്‍ നിവൃത്തിയില്ലായിരുന്നുവെങ്കിലും ജ്ഞാനോപാസകനായ കുഞ്ഞന്‍ (കുഞ്ഞന്‍ പിള്ള-അതായിരുന്നു ചട്ടമ്പിസ്വാമികളുടെ ഔദ്യോഗികനാമം. വീട്ടുകാര്‍ അയ്യപ്പന് എന്നു വിളിച്ചു) വിജ്ഞാനാവുകതന്നെ ചെയ്തു.
വീട്ടിനടുത്ത് കൊല്ലൂര്‍മഠത്തില്‍ ശാസ്ത്രികള്‍ ബ്രാഹ്മണബാലന്മാരെ പഠിപ്പിക്കുന്ന പാഠശാലയില്‍ കുഞ്ഞനു പ്രവേശനം കിട്ടിയ കഥ കേട്ടാല്‍ ആരും അത്ഭുതപ്പെടും. തലേന്നു പഠിപ്പിച്ച പാഠത്തില്‍നിന്നു കുട്ടികളോടു ചോദ്യം ചോദിക്കുകയായിരുന്നു ശാസ്ത്രികള്‍. തന്റെ മുന്നിലിരിക്കുന്ന അവരാരും ഉത്തരം പറഞ്ഞില്ല. അപ്പോള്‍ അതാ കേള്‍ക്കുന്നു ശരിയുത്തരം. ശാസ്ത്രിക്ക് അതൊരു അശരീരി പോലെ തോന്നി. അദ്ദേഹം പുറത്തിറങ്ങി നോക്കി. പുരയോടു ചേര്‍ന്ന് വിനയാന്വിതനായി ഒരു കുട്ടി ഒതുങ്ങിനില്ക്കുന്നു. അത് കുഞ്ഞനായിരുന്നു. പാഠശാലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്ത കുഞ്ഞന്‍ അവിടെ ഒളിഞ്ഞുനിന്നു പഠിക്കുക പതിവായിരുന്നു. അതു കേട്ട ശാസ്ത്രികള്‍ അവനെ സാകൂതം നിരീക്ഷിച്ചു. പഠിക്കാനുള്ള അവന്റെ താത്പര്യം അദ്ദേഹത്തെ സന്തോഷിപ്പിച്ചു. തന്റെ മുന്നിലുള്ള കുട്ടികളിലാരിലും കാണാത്ത ബുദ്ധിശക്തിയും ഗ്രഹണശേഷിയും അദ്ദേഹം അവനില്‍ ദര്‍ശിച്ചു. ആ ഗുരുനാഥന്റെ ഔദാര്യത്തില്‍ കുഞ്ഞന്‍പിള്ളയ്ക്ക് വിദ്യാലയത്തില്‍ പ്രവേശം ലഭിച്ചു, ഫീസു കൊടുക്കാതെ പഠിക്കാനുള്ള അനുവാദത്തോടെ.
പിന്നീട് പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ കുടിപ്പള്ളിക്കൂടത്തില്‍ ചേര്‍ന്ന കുഞ്ഞന്‍ ഒട്ടും വൈകാതെ ക്ലാസ്സിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥി താനാണെന്നു തെളിയിച്ചു. അദ്ധ്യാപകനില്ലാത്തപ്പോള്‍ സതീര്‍ത്ഥ്യരെ പഠിപ്പിക്കാനും ക്ലാസ്സ് നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്വം തുടര്‍ന്ന് കുഞ്ഞനില്‍ വന്നുചേര്‍ന്നു. ക്ലാസ്സിലെ ഈ ചട്ടമ്പിസ്ഥാനത്തിന്മേലാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്. മലയാളം, കണക്ക് എന്നീ വിഷയങ്ങള്‍ക്കു പുറമെ ശാസ്ത്രം, തര്‍ക്കം, വേദാന്തം എന്നിവയും കുഞ്ഞന്‍പിള്ള അഭ്യസിച്ചു. തമിഴിലും സംസ്കൃതത്തിലും വ്യുത്പന്നനായി. പകല്‍വേളയില്‍ പഠനവും രാത്രിയില്‍ സമീപത്തെ ദേവീക്ഷേത്രത്തില്‍ ധ്യാനവുമായി ദിവസങ്ങള്‍ കഴിച്ചുകൂട്ടി. വൈകാതെ രാമന്പിള്ളയാശാന് നടത്തിവന്ന ജ്ഞാനപ്രജാഗരം എന്ന വേദാന്തസഭയിലും ശ്രദ്ധേയനായി. ഇതിനിടെ ഒരജ്ഞാതസംന്യാസിക്കു ശിഷ്യപ്പെട്ടു ഷണ്മുഖദാസന് എന്ന പേരു സ്വീകരിച്ചു.
വീട്ടിലെ സാമ്പത്തികക്ലേശം കാരണം ചെറുപ്പത്തില്‍ പല ജോലികള്‍ ചെയ്യേണ്ടിവന്നു കുഞ്ഞന്‍പിള്ളയ്ക്ക്. അവയില്‍ കൊല്ലൂര്‍മഠത്തിലെ കണക്കെഴുത്ത്, ഹജ്ജൂര്‍കച്ചേരി (ഗവണ്മെന്റ് സെക്രട്ടേറിയറ്റ്) നിര്‍മ്മിക്കാന്‍ മണ്ണുചുമക്കല്‍, ഭൂതപ്പാണ്ടിയിലും നെയ്യാറ്റിന്‍കരയിലും ആധാരമെഴുത്ത്, സെക്രട്ടേറിയറ്റില്‍ കണക്കപ്പിള്ള (അക്കൗണ്ടന്റ്) എന്നിവയുള്‍പ്പെടുന്നു. ജ്ഞാനപ്രജാഗരത്തില്‍വച്ചു പരിചയപ്പെട്ട സ്വാമിനാഥദേശികനില്‍നിന്നു തത്ത്വചിന്തയും തൈക്കാട് അയ്യാഗുരുവില്‍നിന്നു ഹഠയോഗവും പഠിക്കാന്‍ സാധിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ അദ്ധ്യാപകനായിരുന്ന സുന്ദരംപിള്ളയില്‍നിന്ന് പാശ്ചാത്യദര്‍ശനങ്ങളും ഉള്‍ക്കൊണ്ടു. സംഗീതം, ചിത്രകല, ശില്പവിദ്യ മുതലായവയും അഭ്യസിക്കാനായി. കൂടാതെ ഗുസ്തി, മര്‍മ്മവിദ്യ എന്നിവയും സ്വാധീനമാക്കി. ദ്രുതകവനം, അക്ഷരശ്ലോകം, സമസ്യാപൂരണം എന്നിവയായിരുന്നു ഇഷ്ടവിനോദങ്ങള്‍.
ഒരു നവരാത്രിയാഘോഷത്തിന് കല്ലടക്കുറിച്ചിയില്‍നിന്നു വന്ന സുബ്ബ ജടാപാഠികളെ പരിചയപ്പെടാനായത് കുഞ്ഞന്‍പിള്ളയുടെ വലിയ ഭാഗ്യമായി. കുഞ്ഞന്‍പിള്ളയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായ ആ മഹാപണ്ഡിതന് നാട്ടിലേക്കു മടങ്ങിപ്പോകുമ്പോള്‍ ആ യുവാവിനെ കൂടെക്കൂട്ടി. തമിഴകത്തെത്തിയ കുഞ്ഞന്‍പിള്ള ഗുരുവിന്നും ഗുരുപത്നിക്കും സ്വന്തം മകന് തന്നെയായി. പകല്‍ മുഴുവന്‍ ആ മഹാബ്രാഹ്മണന്‍ തന്റെ അബ്രാഹ്മണശിഷ്യനെ പല വിദ്യകളും അഭ്യസിപ്പിച്ചു. രാത്രികളില്‍ ശിഷ്യന് ഗ്രന്ഥപാരായണത്തില്‍ മുഴുകി മറ്റു വിജ്ഞാനങ്ങള്‍ സ്വയം സമാര്‍ജ്ജിച്ചു. തമിഴ്നാട്ടിലെ വാസത്തിനിടയില്‍, അടിതട, വടിപ്പയറ്റ്, മര്‍മ്മചികിത്സ, ചെണ്ട-തകില്‍വാദനം, ഒറ്റമൂലിചികിത്സ, ആയുര്‍വേദം മുതലായ വിദ്യകള്‍ മറ്റു ഗുരുക്കന്മാരില്നിന്നു വശത്താക്കി. ഒരു ഇസ്ലാമികപണ്ഡിതനെ സംസ്കൃതം പഠിപ്പിക്കുകയും പകരം അദ്ദേഹത്തില്‍നിന്ന് അറബിയും ഖുര്‍ ആനും പഠിക്കുകയും ചെയ്തു. ബൈബിളില്‍ അദ്ഭുതാവഹമായ അവഗാഹം നേടിയതും ഇക്കാലത്തുതന്നെ. ഏതാണ്ടു നാലുവര്‍ഷക്കാലം നീണ്ട തമിഴിനാട്ടിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങിവരുംവഴി മരുത്വാമലയിലെ ഒരു ഗുഹയില്‍ കുഞ്ഞന്‍പള്ള തപസ്സനുഷ്ഠിച്ചു. അവിടെനിന്നു വരുന്നതിനിടയില്‍ ഒരജ്ഞാതയോഗി അദ്ദേഹത്തിന് അഗസ്ത്യയോഗമാര്‍ഗ്ഗവും ആന്തരാവയവങ്ങള്‍ പുറത്തെടുത്തു ശുദ്ധീകരിക്കുന്ന വിദ്യയും ജലസ്തംഭം, വായുസ്തംഭം എന്നിവയും, മറ്റനേകം അസാധാരണമുറകളും പകര്‍ന്നുനല്‍കുകയുണ്ടായി. നാട്ടില്‍ മടങ്ങിയെത്തുംമുന്‍പ് രാജയോഗത്തിലും കുഞ്ഞന്‍പിള്ള പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു.
നാഗര്‍കോവിലിനടുത്ത് വടിവീശ്വരം എന്ന ഗ്രാമത്തിലെ ഒരു വിവാഹപ്പന്തലിനുപുറത്തെ എച്ചില്‍ക്കൂനയില്‍ക്കണ്ട ഒരു പ്രാകൃതമനുഷ്യന് കുഞ്ഞന്‍പിള്ളയുടെ ജീവിതത്തെ മാറ്റിമറിച്ചു. താന്‍ ശ്രദ്ധിക്കുന്നതു മനസ്സിലാക്കി എഴുന്നേറ്റു നടക്കാനും ഓടാനും തുടങ്ങിയ ആ മനുഷ്യനെ കുഞ്ഞന്‍പിള്ള പിന്തുടര്ന്നു. ഒടുവില്‍ ഒരു വിജനസ്ഥലത്തുവച്ച് അദ്ദേഹം കുഞ്ഞന്‍പിള്ളയുടെ മാറില്‍ കൈകൊണ്ടു തൊട്ട് ചെവിയില്‍ ദിവ്യമന്ത്രോപദേശം നല്കി. അതോടെ കുഞ്ഞന്‍പിള്ള അറിയേണ്ടതറിഞ്ഞു. തുടര്‍ന്ന് അഖണ്ഡമായ സച്ചിദാനന്ദഘനാനുഭൂതിധന്യതയിലായിത്തീര്‍ന്നു കുഞ്ഞന്‍പിള്ളയുടെ ശിഷ്ടജീവിതം. തനിക്കു ഗുരുവായിബ്ഭവിച്ച ആ മനുഷ്യരൂപി സാക്ഷാത് ശ്രീപരമേശ്വരനായിരുന്നുവത്രേ!
ഇതിനുശേഷം കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമികള്‍ എന്നറിയപ്പെട്ടു. അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. ശങ്കരാചാര്യരുടെ മടക്കയാത്രയ്ക്കു സമാനമായിരുന്നു ആ മടക്കം. ഇരുവരും ചരമശയ്യയിലായ അമ്മയെ ശുശ്രൂഷിക്കാനാണു മടങ്ങിവന്നത്. അമ്മയുടെ മരണത്തോടെ ലൗകികബന്ധങ്ങളെല്ലാം അറ്റ ചട്ടമ്പിസ്വാമികള്‍ സര്‍വതന്ത്രസ്വതന്ത്രനായി.
അതില്‍ പിന്നീട് 1099 മേടം23 (1924 മേയ്5)ന് മഹാസമാധി പ്രാപിക്കുന്നതുവരെയുള്ള നാല്പത്തിമൂന്നു വര്‍ഷക്കാലം ശ്രീകൃഷ്ണപരമാത്മാവിനെപ്പോലെ അദ്ഭുതലീലകള്‍കൊണ്ട് കേരളത്തെ സമുദ്ധരിക്കുകയാണു ചട്ടമ്പിസ്വാമികള്‍ ചെയ്തത്. കുട്ടികള്‍ക്ക് കളിക്കൂട്ടുകാരനും കുടുംബിനിമാര്‍ക്ക് പാചകവും ഗൃഹചികിത്സയും പകര്‍ന്നുകൊടുക്കുന്ന ഗുരുനാഥനും വീട്ടുകാര്‍ക്കു കാരണവരും പണ്ഡിതന്മാര്ക്കിടയില് പണ്ഡിതാഗ്രേസരനും സംന്യാസിസംഘത്തില്‍ താപസശ്രേഷ്ഠനും ഒക്കെയായി. ഏതു ഭാവത്തില്‍ സമീപിക്കുന്നവര്‍ക്കും അതേ ഭാവത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്ന ബഹുമുഖസിദ്ധനായി ആ മഹാനുഭാവന് വിരാജിച്ചു. സ്നേഹത്തിന്റെ പ്രതീകവും അറിവിന്റെ അവതാരവും അഹിംസയുടെ മാതൃകയും മറ്റുമായിരുന്നു സകലകലാവല്ലഭനും സംന്യാസവേഷം ധരിക്കാത്ത മഹര്‍ഷീശ്വരനുമായ ചട്ടമ്പിസ്വാമികള്‍.
(കേരളസര്‍വകലാശാലയിലെ കേരളപഠനവിഭാഗത്തില്‍ സീനിയര്‍ പ്രൊഫസറാണു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: