തൃശ്ശൂര്‍: തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ചും സിപിഎമ്മിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചും തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’.
‘സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ’ എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തിലാണ് വിമര്‍ശനം. തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളെ ഇളക്കിമറിച്ചിരിക്കുന്നു. എല്ലാവരുടെയും ലക്ഷ്യം വോട്ടുകള്‍ മറുപക്ഷത്തേക്ക് ഒഴുകാതിരിക്കുകയെന്നതാണ്. എന്നാല്‍ ബിഷപ്പ് ഉയര്‍ത്തിയ കര്‍ഷക പ്രശ്നം അജണ്ടയായില്ല. പകരം വിവാദത്തിലേക്കാണ് പോയത്.
അധികാരത്തിലെത്തുമ്പോള്‍ ചിലര്‍ തങ്ങള്‍ക്ക് സര്വാധിപത്യമാകാമെന്നും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നും കരുതുന്നു. ‘ഇക്കൂട്ടര്‍’ സൃഷ്ടിച്ചെടുക്കുന്ന നവകേരളത്തില്‍ നിന്നും യുവജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതും നാട് സര്‍വത്ര കടം കയറി മുടിയുന്നതും കാണുമ്പോള്‍ വിമോചന സമരം നടന്നില്ലായിരുന്നുവെങ്കില്‍ ഈ ദുരവസ്ഥ എത്ര നേരത്തെ സംഭവിച്ചിരുന്നേനെയെന്ന് മുഖലേഖനം ചൂണ്ടിക്കാട്ടുന്നു. കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിനാണ് സംസാരിച്ചതെന്ന് ബിഷപ്പ് തന്നെ വിശദീകരിച്ചതാണ്. ബിഷപ്പിന്റെ പ്രസ്താവന അനങ്ങാപ്പാറ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയായി.
പ്രസ്താവന വന്ന് ഒരാഴ്ചയ്ക്കകം നാല് മാസമായി മുടങ്ങിക്കിടന്ന റബര്‍ കര്‍ഷകര്‍ക്കുള്ള സബ്സിഡി അനുവദിച്ചു. മയക്കുമരുന്ന് വിപത്തിനെ കുറിച്ച് നേരത്തെ പാലാ ബിഷപ്പ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചപ്പോള്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ബിഷപ്പിനെതിരെ തിരിഞ്ഞു.
ബിഷപ്പ് ചൂണ്ടിക്കാണിച്ച വിപത്ത് യാഥാര്‍ഥ്യമാണെന്ന് പിന്നീട് പല സംഭവങ്ങളും അടിവരയിട്ടുവെന്നും മുഖലേഖനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: