മ്യൂണിക്ക്: ആദ്യ പാദത്തിലെ തകര്‍പ്പന്‍ ജയങ്ങളുടെ കരുത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ കരുത്തര്‍ ഇന്റര്‍ മിലാനും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ സെമിയില്‍. ബയേണ്‍ മ്യൂണിക്കിനോട് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ സമനില (1-1) വഴങ്ങിയെങ്കിലും ആകെ 4-1 ജയത്തോടെ സിറ്റി മുന്നേറി. ബെനഫിക്കയോട് കുരുങ്ങിയ (3-3) മിലാന് ആകെ 5-3 ജയത്തോടെ അവസാന നാലിലൊന്നായി.
തട്ടകമായ അലിയന്‍സ് അരീനയില്‍ ആദ്യ പാദത്തിലെ 3-0 കമ്മി മറികടക്കാന്‍ ബയേണ്‍ കടുത്ത പോരാട്ടം കാഴ്ചവച്ചു. വിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ കിങ്സ്ലി കോമാന് സിറ്റി പ്രതിരോധത്തെ പലപ്പോഴും സമ്മര്‍ദത്തിലാക്കി. അതിനിടെ, 37-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി എര്‍ലിങ് ഹാളണ്ട് പാഴാക്കി. ബോക്സിനുള്ളില്‍ വച്ച് ഉപമെക്കാനൊയുടെ കൈയില്‍ പന്ത് കൊണ്ടതിനാണ് സിറ്റിക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. ഈ നഷ്ടം 57-ാം മിനിറ്റില്‍ ഗോളിലൂടെ ഹാളണ്ട് മറികടന്നു. കെവിന് ഡി ബ്ര്യുന് നല്കിയ പാസില്‍ ഗോളില്‍. ഇതോടെ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി ഹാളണ്ടിന് നാല്‍പ്പത്തിയെട്ടാം ഗോളായി. രണ്ടാം പാദത്തിലും ജയമെന്ന സിറ്റിയുടെ മോഹങ്ങള്‍ ജോഷ്വ കിമ്മിച്ചിന്റെ പെനല്‍റ്റി ഗോളില്‍ നഷ്ടം. ബോക്സിനുള്ളില്‍ സിറ്റിയുടെ മാനുവല്‍ അകഞ്ചിയുടെ കൈയില്‍ പന്ത് തട്ടിയതിന് പെനല്‍റ്റി. ബയേണിന്റെ അപ്പീലില്‍ വാറിലൂടെയാണ് റഫറി പെനല്‍റ്റി വിധിച്ചത്.
തോല്‍ക്കാതെ 15 മത്സരം പൂര്‍ത്തിയാക്കിയ സിറ്റി സെമിയില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനെ നേരിടും. മെയ് ഒമ്പതിനാണ് മത്സരം. ചാമ്പ്യന്‍സ് ലീഗിലും പുറത്തായതോടെ ബയേണിന് ഇനി ബുണ്ടസ് ലിഗയില്‍ മാത്രം കിരീട പോരാട്ടം. അതിനിടെ, പരിശീലകന് തോമസ് ടുച്ചലിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നതും ബയേണിന് തിരിച്ചടിയായി.
വിറപ്പിച്ച് ബെനഫിക്ക
ഇന്റര്‍ മിലാനെ അവരുടെ തട്ടകത്തില്‍ വിറപ്പിച്ച ശേഷമാണ് ബെനഫിക്ക മൈതാനം വിട്ടത്. രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം കളി തീരാന്‍ നാലു മിനിറ്റ് ശേഷിക്കെയും ഇഞ്ചുറി ടൈമിലും ഓരോ ഗോള്‍ നേടിയാണ് പോര്‍ച്ചുഗീസ് ടീം ഇന്ററിനെ പിടിച്ചുകെട്ടിയത്.
പതിനാലാം മിനിറ്റില്‍ നിക്കോളൊ ബാരെല്ലെയിലൂടെ ആദ്യം മുന്നിലെത്തിയത് ഇന്റര്‍. 38-ാം മിനിറ്റില്‍ ഫ്രെഡ്രിക് ആഴ്സെന്സ് ബെനഫിക്കയെ ഒപ്പമെത്തിച്ചു. 1-1 സ്കോറില്‍ ഇടവേളയ്ക്കു പിരിഞ്ഞു. മടങ്ങിയെത്തിയ ശേഷം 65-ാം മിനിറ്റില്‍ ലൗട്ടാരൊ മാര്‍ട്ടിനെസും 78-ാം മിനിറ്റില്‍ ജൊവാക്വിന്‍ കൊറയയും നേടിയ ഗോളില്‍ ഇന്റര്‍ 3-1ന് ലീഡെടുത്തു. മത്സരം ഇറ്റാലിയന്‍ ടീം കൈപ്പിടിയിലൊതുക്കിയെന്ന ഘട്ടത്തിലാണ് 86-ാം മിനിറ്റില്‍ അന്റോണിയൊ സില്‍വ പോര്‍ച്ചുഗീസ് ടീമിനായി ഒരു ഗോള്‍ മടക്കിയത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ പീറ്റര്‍ മൂസ സമനില ഗോളും സമ്മാനിച്ചു. സ്വന്തം മൈതാനത്തെ 2-0 തോല്‍വിയാണ് ബെനഫിക്കയ്ക്ക് തിരിച്ചടിയായത്.
2010നു ശേഷമാണ് ഇന്റര്‍ ടൂര്‍ണമെന്റില്‍ സെമിയിലെത്തുന്നത്. അന്നവര്‍ കിരീടവുമായി മടങ്ങി. അതിനു ശേഷം ഇറ്റലിയിലേക്ക് ട്രോഫി എത്തിയിട്ടില്ല. ഇത്തവണ ഇറ്റാലിയന്‍ ടീമുകളുടെ സെമിഫൈനലിനും കളമൊരുങ്ങി. മെയ് ഒമ്പതിനുള്ള സെമിയില്‍ മിലാന് നാട്ടങ്കത്തില്‍ എസി മിലാനാണ് എതിരാളി. ആറ് വര്‍ഷത്തിനു ശേഷം ഒരു ഇറ്റാലിയന്‍ ടീം ഫൈനലിലെത്തുമെന്നും ഉറപ്പായി. 2015ലും 2017ലും യുവന്റസാണ് അവസാനം ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: