ഭോപ്പാല്‍: ജാതിവിവേചനം പരിപൂര്‍ണമായും അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമാജം മുഴുകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഗുരുക്കന്മാരെയും ആചാര്യന്മാരെയും ജാതിയുടെ പേരില്‍ കെട്ടിയിടരുത്. അവര്‍ മനുഷ്യകുലത്തിന് വേണ്ടിയാണ് സംസാരിച്ചത്. നമ്മുടെ ഈശ്വരാവതാരങ്ങളിലൊന്നില് പോലും ജാതിവിവേചനം അംഗീകരിച്ചിട്ടില്ല. തൊട്ടുകൂടായ്മ രോഗമാണെന്നും അതിനെതിരെ ഐക്യത്തോടെ പോരാടി ഭാരതത്തെ ലോകഗുരുസ്ഥാനത്ത് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭോപാലിലെ മാനസഭവനില് ജഗദ്ഗുരു രാമാനന്ദാചാര്യരുടെ 723-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമരസതാ വ്യാഖ്യാനമാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ശാസ്ത്രങ്ങള്‍ ഉപദേശിക്കുന്നതും ഏകാത്മകതയാണ്. ഈ രാഷ്ട്രം നമ്മുടേതാണ്, ഈ സമാജം നമ്മുടേതാണ്. പവിത്രമായ ഹിന്ദുധര്‍മ്മവും സംസ്കാരവും അതിന്റെ ആധാരം. ജാതിഭിന്നത അടക്കമുള്ള എല്ലാ രോഗങ്ങളില്‍ നിന്നും രാഷ്ട്രത്തെയും സമാജത്തെയും മുക്തമാക്കുന്ന ഉത്തരവാദിത്തം നമുക്കോരോരുത്തര്ക്കുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആചാര്യന്മാരെ ഏതെങ്കിലും ജാതിയുടെ പേരില്‍ ബന്ധിക്കരുത്. അവര്‍ എല്ലാവരുടേതുമാണ്. മനുഷ്യരെ ജാതി തിരിച്ച് പരിഗണിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാകണം. രാഷ്ട്രത്തിന്റെ മുന്നേറ്റത്തിന് സാമാജിക ഏകതയുടെയും സമരസതയുടെയും കാലം അനിവാര്യമാണ്. രാഷ്ട്രത്തെ നിന്ദിക്കുകയും സമാജിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ കരുതിയിരിക്കണം, സര്‍സംഘചാലക് പറഞ്ഞു.
ധര്‍മ്മം സമാജത്തെ ഒന്നിപ്പിക്കുന്നു. ഇന്ത്യക്ക് പുറത്ത് ധര്‍മ്മം എന്ന വാക്ക് തന്നെ ഇല്ല. ഒരുതരത്തിലുള്ള വിവേചനത്തെയും പിന്തുണയ്ക്കാതിരിക്കുക എന്ന വിവേകം സമാജം ആര്‍ജിക്കണം. ആത്മീയത ഭിന്നതയെ പിന്തുണയ്ക്കുന്നില്ല, സര്‍സംഘചാലക് പറഞ്ഞു. പരിപാടിയില്‍ സ്വാമി രാഘവ് ദേവാചാര്യ അനുഗ്രഹഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: