തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ കരടിയെ കണ്ടെത്തിയ കരടിയെ മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെത്തിച്ചു. വെള്ളനാട് സ്വദേശിയായ അരവിന്ദിന്റ വീട്ടിലെ കിണറ്റിലാണ് കരടിയെ കണ്ടെത്തിയത്. രാത്രിയാണ് കരടി കിണറ്റില്‍ വീണത്. മയക്കുവെടിവെച്ച ശേഷമാണ് രക്ഷപ്പെടുത്തിയത്.
എന്നാല്‍ മയക്കുവെടിയേറ്റ കരടി സജ്ജീകരിച്ച നെറ്റിലേക്ക് വീഴാതെ അതിനിടയില്‍ കൂടി മയങ്ങി കിണറ്റിലെ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഇതോടെ മോട്ടോര്‍ വച്ച് വെള്ളംവറ്റിക്കാനുള്ള ശ്രമവും നടത്തി. ഒപ്പം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി മയങ്ങിയ കരടിയെ മുകളിലേക്ക് എത്തിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് കരടിയെ ഫയര്‍ഫോഴ്സ് വനം വകുപ്പ് സംഘം പുറത്തെച്ചിച്ചത്. ഇതിനെ കുട്ടിലേക്ക് മാറ്റി, പരിശോധനകള്‍ക്കായി കൊണ്ടുപോകും.
അതേസമയം വെള്ളത്തിലായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞതിനാല്‍ അതിന്റെ ജീവനിലും ആശങ്കയുണ്ട്. കൂടാതെ കിണറിന്റെ വലിപ്പം കുറവായതിനാല്‍ ഉള്ളില്‍ ഓക്സിജന്റെ അളവും കുറവാണ്. കരടിയെ പുറത്തെത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങിയെങ്കിലും ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് തിരികെ കയറി. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കരടി ആയതിനാല്‍ അതിന് ഭാരമുള്ളതാണ് വീണ്ടും പ്രശ്നമായത്.
പ്രഭാകരന്റെ വീടിന്റെ സമീപത്തായി കോഴികളുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു.
ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാരാണ് കരടിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. പുലര്‍ച്ചെയോടെ വനംവകുപ്പ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കിണറ്റില്‍ വീണ് ഏറെനേരമായ കരടി അവശനായിരുന്നു. കരടിയെ പുറത്ത് എത്തിക്കുന്ന സാഹചര്യത്തില്‍ അക്രമാസക്തനാകുമോ എന്ന ഭയംമൂലമാണ് മയക്കുവെടി വെച്ചത്. തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ അലക്സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലാണ് കരടിയെ മയക്കുവെടി വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: