ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഇന്നു മുതല്‍ കണ്‍തുറക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത് കണക്കിലെടുത്ത് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. മൊത്തം 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ ഏറെയും ഹെല്‍മെറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹനയാത്ര, സീറ്റ് ബല്‍റ്റ് ഉപയോഗിക്കാതെയുള്ള കാര്‍ യാത്ര എന്നിവ കണ്ടുപിടിക്കാനാണ്. അപകടമുണ്ടാക്കിയശേഷം കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടുന്നതിനും അമിതവേഗം കണ്ടുപിടിക്കുന്നതിനും ട്രാഫിക് സിഗ്നലുകള്‍ അവഗണിച്ചു പോകുന്നവരെ പിടികൂടുന്നതിനും മറ്റുമാണ് ബാക്കിയുള്ള ക്യാമറകള്‍ ഉപയോഗിക്കുക. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കുറ്റമറ്റ സംവിധാനമാണ് പുതിയ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. നിയമ ലംഘകര്‍ക്ക് പിന്നീട് തര്‍ക്കം ഉണ്ടാക്കാന്‍ കഴിയില്ല. കാരണം അത്യാധുനിക ക്യാമറകളില്‍ പതിയുന്നത് വ്യക്തമായ ചിത്രങ്ങളായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ക്യാമറകള്‍ ആണെന്നതിനാല്‍ അവയില്‍ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോര്‍ വാഹനവകുപ്പ്, പോലീസ്, ജിഎസ്ടി വകുപ്പ് എന്നിവയ്ക്ക് കൈമാറാനാണ് തീരുമാനം. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ പണം ഉപയോഗിച്ച് കെല്‍ട്രോണ്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിരത്തിലെ അപകടമരണങ്ങള്‍ ഇരുപത് ശതമാനം കുറയ്ക്കുകയെന്നതാണ് പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യമെന്നാണ് അധികൃതര്‍ പറയുന്നത്.
ട്രാഫിക് നിയമ ലംഘനങ്ങള്‍ വളരെ ലാഘവബുദ്ധിയോടെ കാണുന്ന രീതിയാണ് പൊതുജനങ്ങളുടേത്. കരുതിക്കൂട്ടി നിയമലംഘനങ്ങള്‍ നടത്തുകയും പിഴയൊടുക്കുന്നതില് വിമുഖത കാണിക്കുകയും ചെയ്യുന്നവര്‍ ഏറെയാണ്. നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നവരുടെ ഭാഗത്തുനിന്ന് അതിക്രമങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് മറ്റൊരു കാര്യം. എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇവയൊക്കെ വലിയ തോതില്‍ അവസാനിക്കുമെന്ന് കരുതാം. ക്യാമറകള്‍ വഴി കണ്ടുപിടിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ വിവരം വാഹന ഉടമകളുടെ മൊബൈല്‍ ഫോണുകളിലേക്ക് അപ്പോള്‍ തന്നെ മെസ്സേജായി ലഭിക്കും. അനധികൃത പാര്‍ക്കിങ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കല്‍, അമിത വേഗം, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്, ആംബുലന്‍സ്, ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ മുതലായവയ്ക്ക് വഴി നല്കാതിരിക്കല് എന്നിവയ്ക്കൊക്കെ കോടതി കയറേണ്ടിവരും. നിശ്ചിത തുക പിഴയൊടുക്കി രക്ഷപ്പെടാനാവില്ല. ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്. മൂന്നാമത്തെയാള്‍ കുട്ടിയാണെങ്കിലും പിഴയൊടുക്കണം. പിഴ ഒടുക്കാത്ത പക്ഷം ടാക്സ് അടയ്ക്കാന്‍ പോകുമ്പോഴോ വാഹനം മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുമ്പോഴോ പിടിവീഴും. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ നല്ലൊരു തുക പിഴയും നല്‍കേണ്ടിവരും. തുടര്‍ച്ചയായി പിഴ അടയ്ക്കാതെ മുങ്ങി നടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണത്രേ തീരുമാനം. നിരത്തുകളിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുക എഐ ക്യാമറകളുടെ ലക്ഷ്യമല്ലെന്നും, നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങളാണ് ക്യാമറകളില്‍ പതിയുകയെന്നും അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പിനാണ് നിയമലംഘനത്തിന് നോട്ടീസ് നല്‍കുന്നതിനും പിഴയീടാക്കുന്നതിനുമുള്ള ചുമതല.
ട്രാഫിക് നിയമലംഘനങ്ങള്‍ വഴി ഓരോ ദിവസവും നിരത്തുകളില്‍ പൊലിയുന്ന ജീവിതങ്ങള്‍ നിരവധിയാണ്. നിയമം അറിയാവുന്നവര്‍ തന്നെയാണ് പലപ്പോഴും അത് ലംഘിക്കുന്നത്. നിയമലംഘനം സാഹസിക കൃത്യമായി കാണുന്ന മനോഭാവം പോലും വാഹനം ഓടിക്കുന്നവരിലുണ്ട്. പരിശോധിക്കുന്നവരുടെ കണ്ണുവെട്ടിച്ച് കടന്നുപോകുന്നവര്‍ ഏറെയാണ്. ഇതിനൊക്കെ അറുതിവരുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കുന്നതുവഴി കഴിയുമായിരിക്കും. എന്നാല്‍ ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങളും അവ്യക്തതയും ആശങ്കകളും വളരെയധികമാണ്. വേഗപരിധിയുടെ കാര്യം തന്നെ എടുത്താല്‍ കേന്ദ്രം 2018 ല്‍ കൊണ്ടുവന്ന പരിധിയല്ല, 2014 ലെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പരിധിയാണ് ബാധകമാവുക. ഇക്കാര്യത്തില്‍ ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. ഒരേ കുറ്റം ഒന്നിലധികം ക്യാമറകളില്‍ തെളിഞ്ഞാല്‍ അതിനൊക്കെ പിഴ അടയ്ക്കേണ്ടിവരുമെന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ധാരണയില്ല. ഇങ്ങനെ നിയമം ലംഘിക്കുന്നവരെ പതിവു കുറ്റവാളിയായാണ് കാണുക. നഗരങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാതെ അനധികൃത പാര്‍ക്കിങ്ങിന് പിഴയീടാക്കുന്നത് ജനങ്ങളെ കരുതിക്കൂട്ടി ചൂഷണം ചെയ്യുന്നതിന് തുല്യമായിരിക്കും. നമ്മുടെ നാട്ടില്‍ വാഹനനിയമം ലംഘിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഒരു വിഭാഗം വിഐപികളാണ്. മന്ത്രിമാരും മറ്റും അടങ്ങുന്ന ഇവര്‍ക്ക് പുതിയ സംവിധാനപ്രകാരം ഇളവനുവദിക്കുന്നത് ജനങ്ങളില്‍ അമര്‍ഷം നിറയ്ക്കും. 1000 കോടി രൂപ അധിക വരുമാനം ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ തിടുക്കത്തില്‍ ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന വിമര്‍ശനം തള്ളിക്കളായാനാവില്ല. വിഭവസമാഹരണത്തിന് ജനങ്ങളെ പിഴിയുകയെന്ന മാര്‍ഗം മാത്രമാണ് ഇടതുമുന്നണി സര്‍ക്കാര്‍ അവലംബിക്കുന്നത്. എഐ ക്യാമറകള്‍ സ്ഥാപിച്ച് ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ ജനരോഷം ക്ഷണിച്ചുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: