കൊച്ചി : ബ്രഹ്മപുരത്തെ തീപിടിത്തം കൊച്ചി കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ഫയര്‍ ഫോഴ്സ്. പ്രദേശത്ത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവര്‍ത്തിച്ച് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടതാണ്. എന്നിട്ടും വീഴ്ച വരുത്തുകയാണ് ഉണ്ടായതെന്നും രൂക്ഷ വിമര്‍ശനം. ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
2019ലും, 2020ലും ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനൊന്നും കോര്പ്പറേഷന് നടപടി കൈക്കൊണ്ടില്ല. തീപിടിത്തമുണ്ടായതില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണം. അസ്വാഭാവിക തീപിടിത്തില്‍ സമഗ്ര പോലീസ് അന്വേഷണം വേണം, പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ബി. സന്ധ്യയുടെ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
മാര്‍ച്ച് രണ്ടിനാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാക്കുന്നത് 12 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 14നാണ് തീ അണച്ചത്. തീപിടിത്തത്തിന് പിന്നാലെയാണ് ബ്രഹ്മപുരം ബയോമൈനിങ്ങിനായി കരാറെടുത്ത സോണ്ട ഇന്‍ഫ്രാടെക്കുമായി ബന്ധപ്പെട്ടുള്ള ഗുരുതരവീഴ്ചകളും പുറത്തുവരുന്നത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനയിലും ബയോമൈനിങ്ങില്‍ വിഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ജൈവമാലിന്യം കൃത്യമായി സംസ്കരിക്കാത്തത് കാരണം മീഥെയ്ന്‍ രൂപപ്പെട്ടതാണ് തീപിടുത്തം വ്യാപിക്കാനുള്ള പ്രധാന കാരണം. സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നെങ്കിലും തീ പിടിത്തമുണ്ടായത് സ്വാഭാവികമാണെന്നായിരുന്നു നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: