ന്യൂദല്‍ഹി : ഐഎന്‍എക്സ് മീഡിയ കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കര്‍ണാടക കൂര്‍ഗിലേത് അടക്കം 11.04 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് പി. ചിദംബരം മന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കാര്‍ത്തി കള്ളപ്പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണ നിരോധന നിയമ പ്രകാരം കാര്ത്തിക്കതിരെ ക്രിമിനല്‍ കുറ്റമാണ് എന്‍ഫോഴ്സ്മെന്റ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വിദേശത്തു നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം കോഴവാങ്ങി വഴിവിട്ട സഹായം ചെയ്തതായ് സിബിഐയും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കാര്‍ത്തി ചിദംബരത്തിന്റെ വസതിയില്‍ നടത്തിയ തെരച്ചിലില്‍ ഐഎന്‍എക്സ് മീഡിയ കമ്പനിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയതിന്റെ വൗചര്‍ സിബിഐക്ക് ലഭിച്ചിരുന്നു. ഈ ഇടപാടില്‍ മൂന്നുകോടിയിലധികം രൂപയുടെ നേട്ടം ഈ ഇടപാടില്‍ കാര്‍ത്തി ചിദംബരത്തിന് ഉണ്ടായെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 2019ല്‍ ഈ കേസുമായി ബന്ധപ്പെട്ട് പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട് 65.88 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി ആരോപിക്കുന്നത്. 2018ലും കാര്‍ത്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 54 കോടി രൂപയുടെ സ്വത്തുക്കളാണ് അന്ന് ഇഡി കണ്ടുകെട്ടിയത്.
പി. ചിദംബരം ധനമന്ത്രിയായിരിക്കെ എഫ്ഐപിബി ഐഎന്‍എക്സ് മീഡിയക്ക് 4 കോടി 62 ലക്ഷം രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ കാര്‍ത്തി ചിദംബരത്തിന്റെ പിന്തുണയില്‍ 305 കോടി ഐഎന്‍എക്സ് വിദേശനിക്ഷേപമായി സ്വീകരിച്ചു. കൂടാതെ കമ്പനി ഓഹരി വിലയിലും കൃത്രിമം കാട്ടി. ഇടപാടുകള്‍ക്ക് കാര്‍ത്തി കോഴ വാങ്ങിയതായും സിബിഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടാന്‍ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: