ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം രാഷ്ടീയകേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. 5 വര്‍ഷത്തേക്ക് വില വര്‍ദ്ധനയില്ലെന്നായിരുന്നു അത്. കേരളത്തിലങ്ങോളമിങ്ങോളം സഖാക്കള്‍ അത് വേണ്ടുവോളം കൊണ്ടാടി. എന്നാല്‍ വാഗ്ദാനലംഘനങ്ങളുടെ ഘോഷയാത്രയായി മാറിയ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വിലക്കയറ്റ വിരുദ്ധ മുദ്രാവാക്യം നിര്‍ലജ്ജം കാറ്റില്‍പ്പറത്തി. സര്‍വ സ്പര്‍ശിയായ വികസനമെന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ സര്‍വ സ്പര്‍ശിയായ നിരക്കു വര്‍ദ്ധനയെന്ന് ആദ്യമായി കേള്‍ക്കുകയാണ്. ഭൂമിയുടെ ന്യായവിലയും കെട്ടിട നികുതിയും വാഹന നികുതിയും റോഡ് സുരക്ഷാ സെസ്സുമെന്നുവേണ്ട വര്‍ദ്ധനയുടെ കടന്നാക്രമണത്തിന് വിധേയമാവാത്ത ഒരു മേഖലയും ബാക്കിയായില്ല. ജീവന് രക്ഷാമരുന്നുവരെ വര്‍ദ്ധനയുടെ കടന്നുകയറ്റത്തിനിരയായി. ഈ വര്‍ദ്ധനയിലൂടെ, ക്ഷണിച്ചു വരുത്തിയ വിലക്കയറ്റത്തിന്റെ വേലിയേറ്റത്തില്‍ ജനങ്ങള്‍ മൂങ്ങിത്താഴുകയാണ്. വിഷുവും പെരുന്നാളും ഈസ്റ്ററും ഒരുമിച്ചുവന്ന കാലയളവില്‍ തൊട്ടതിനെല്ലാം തീവിലയായതോടെ കുടുംബ ബജറ്റിന്റെ താളം തെറ്റിയ സാധാരണക്കാരന് വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയിലായി.
വിലക്കയറ്റത്തിന് വഴിമരുന്നിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ പെട്രോളിനും ഡീസലിനും സെസ്സ് ചുമത്തിയ നടപടിയാണ്. സമസ്ത മേഖലകളിലും വില കയറാനതുകാരണമായി. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ സകലവിധ സാധനങ്ങളും ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായതുകൊണ്ടു പ്രത്യേകിച്ചും. ഈ വര്‍ദ്ധനയിലൂടെ ഒരു ലിറ്റര്‍ പെട്രോളിന് മാത്രം വര്‍ദ്ധന 24.56 പൈസയാണ്. ദിനംപ്രതി ഈയിനത്തില്‍ കോടികളാണ് സര്‍ക്കാരിന്റെ ഖജനാവില്‍ വന്നു വീഴുന്നത്. മാസങ്ങള്‍ക്കു മുമ്പ് കേന്ദ്രം വാറ്റ് നികുതി വെട്ടിക്കുറച്ചപ്പോള്‍ അതേ മാതൃക സംസ്ഥാനങ്ങളും പിന്തുടരണമെന്ന ആവശ്യമുയര്‍ന്നിരുന്നു. 10 സംസ്ഥാനങ്ങള്‍ അതിനു തയ്യാറായി. എന്നാല്‍ ഒരു ചില്ലിക്കാശും കുറയ്ക്കില്ലെന്ന് കട്ടായം പറഞ്ഞവര്‍ ഇപ്പോള്‍ യാതൊരു തത്വദീക്ഷയും കൂടാതെ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. മദ്യവും ചൂതാട്ടവും (ലോട്ടറി) പിന്നെ ഇത്തരം പിടിച്ചുപറിയുമായി സര്‍ക്കാരിന് എത്ര കാലം മുന്നോട്ടു പോകാനാവും. ഇതാണ് സഖാക്കള്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം.
വിപണി ഉണരുന്ന അപൂര്‍വമായ അവസരമാണുണ്ടായിരുന്നത്. വിവിധ മതവിഭാഗങ്ങളുടെ ആഘോഷകാലം. വിപണിയിലിടപെട്ട് വിലനിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഇതുവരെ ഏതെങ്കിലും ഇടപെടലുണ്ടായതായി അറിവില്ല. പൂഴ്ത്തിവപ്പും കരിഞ്ചന്തയും റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയില്ല. ഒരുദാഹരണം മാത്രം; മലയാളികളുടെ മുഖ്യാഹാരമായ അരിയുടെ വില 30 ശതമാനം ഉയര്‍ന്ന് 44 രൂപയായി. നിത്യോപയോഗസാധനങ്ങള്‍ക്ക് 80% വരെ വില വര്‍ദ്ധിച്ചു. പഴത്തിനും പച്ചക്കറിക്കും വര്‍ദ്ധന സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചിരിക്കുന്നു. ഭക്ഷ്യോത്പാദന മേഖല സ്വയം പര്യാപ്തമാക്കുമെന്ന് വീമ്പു പറഞ്ഞവര്‍ അപ്പോഴും മൗനികളാണ്. വില നിയന്ത്രിക്കാന്‍ 2000 കോടി മാറ്റിവച്ചുവെന്ന
ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കാച്ചിക്കുറുക്കിയ നുണയാണെന്ന് വിപണി വിളിച്ചു പറയുന്നുണ്ട്. പൊതു വിപണിയിയെ വിലക്കയറ്റം ബാധിച്ചിട്ടില്ലെന്നാണ് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ കണ്ടെത്തല്‍. എന്നാല്‍ അത്യാവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിച്ചുവെന്ന് അടുത്തദിവസം തന്നെ മന്ത്രിക്ക് സമ്മതിക്കേണ്ടി വന്ന വാര്‍ത്തയും നാം വായിച്ചു. സാധനങ്ങള്‍ വില കുറച്ച് സപ്ലൈകോ വഴി നല്‍കുന്നുവെന്നായി ന്യായം. 92.88 ലക്ഷം കാര്‍ഡുടമകളില്‍ 10% ത്തിനുപോലും ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന യാഥാര്‍ഥ്യം നിലനില്ക്കുമ്പോള് സര്‍ക്കാര്‍ ആരെയാണ് വിഡ്ഡികളാക്കുന്നത്.
സാധാരണ ഗതിയില്‍ പുതിയനികുതി നിര്‍ദ്ദേശങ്ങള്‍ ബജറ്റിന്റെ ഭാഗമായാണ് നിലവില്‍ വരുന്നത്. ജനാധിപത്യ സംവിധാനത്തില്‍ തുടര്‍ന്നു പോരുന്ന പതിവ് കീഴ്വഴക്കമതാണ്. എന്നാല്‍ ഇടതു ഭരണത്തില്‍ ബജറ്റിനു മുമ്പു തന്നെ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന നികുതി നിരക്കുകള്‍ നിരന്തരം അടിച്ചേല്‍പ്പിക്കുന്നത് പതിവായിക്കഴിഞ്ഞു. മൂന്നു മാസം മുമ്പാണ് പാല്, വൈദ്യുതി, പരീക്ഷാ ഫീസ് തുടങ്ങി പലതിനും നിരക്ക് കുത്തനെ ഉയര്‍ത്തിയത്. കുടിവെള്ളം പോലും അന്ന് വര്‍ദ്ധനവില്‍ നിന്ന് ഒഴിവായില്ല. അശാസ്ത്രീയമായ സ്ലാബ് സംവിധാനത്തിന്റെ പേരിലുള്ള വൈദ്യുതിനിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന ന്യായമായ ആവശ്യം പോലും വകുപ്പുമന്ത്രി പരിഹസിച്ച് തള്ളുകയാണുണ്ടായത്. ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ എപ്പോള്‍ വേണമെങ്കിലും നികുതി അടിച്ചേല്‍പ്പിക്കാമെങ്കില്‍ എന്തിനാണ് ബജറ്റ്? സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ ആധാരശിലയായി മാറേണ്ട ബജറ്റ് ഇടതുഭരണത്തില്‍ നോക്കുകുത്തിയായി. സഭയ്ക്കകത്തും പുറത്തും നടക്കുന്ന കണ്ണില്‍ ചോരയില്ലാത്ത ഇത്തരം കയ്യേറ്റങ്ങള്‍ പാവപ്പെട്ടവന്റെ നടുവൊടിക്കുന്നു.
ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ മുന്നൊരുക്കം പൂര്‍ണ പരാജയമായിരുന്നുവെന്നു കാണാം. ആഗസ്തില്‍ മില്ലുടമകളുമായി കരാറുണ്ടാക്കാനായിരുന്നു തീരുമാനം. പക്ഷെ കെടുകാര്യസ്ഥത മൂലം നടന്നില്ല. ഒക്ടോബര്‍വരെ അതു നീണ്ടു. അതിനിടയില്‍ മഴ നനഞ്ഞ് നെല്ല് മുളച്ച് കേടു വരുകയും ചെയ്തു. മുന്‍കാലങ്ങളില്‍ കര്‍ഷകരില്‍ നിന്നു മൂന്ന് ടണ്‍ വരെ നെല്ല് എടുത്തിരുന്നത് ഇടതുമുന്നണി അധികാരത്തില്‍ വന്നതോടെ രണ്ട് ടണ്‍ ആയി വെട്ടിക്കുറച്ചു. സംഭരിച്ച നാമമാത്രമായ നെല്ലിന് കൊടുക്കാനുള്ള തുക യഥാസമയം കൊടുത്തതുമില്ല. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കേണ്ട സര്‍ക്കാര്‍ ഇപ്പോഴും കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ ബാക്കിയാണ്. കേന്ദ്രം അനുവദിച്ച 280 കോടി പോലും എത്തേണ്ടിടത്തെത്തിയില്ല. കാലാവസ്ഥാ വ്യതിയാനവും കീടശല്ല്യവും കാരണം കൃഷിനാശമുണ്ടായവര്‍ക്ക് കേന്ദ്രം നല്കുന്ന ആനുകൂല്ല്യങ്ങളും വ്യഥാവിലായി. സംഭരണത്തിലും വിതരണത്തിലുമെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഇടതുഭരണത്തില്‍ ആധിപത്യമുറപ്പിച്ച ഇടനിലക്കാര്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
വീട് എല്ലാവരുടെയും സ്വപ്നമാണ്. തല ചായ്ക്കാനിടം ആഗ്രഹിക്കാത്ത ആരുമില്ല. മോദിസര്‍ക്കാര്‍ എല്ലാവര്ക്കും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നോക്കുമ്പോള്‍ ഇടതു ഭരണത്തില്‍ വീട് ദുഃസ്വപ്നമായി മാറുകയാണ്. പെര്‍മിറ്റ് അപേക്ഷാ നിരക്ക് വര്‍ദ്ധനവിലൂടെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത നികുതി നിരക്കാണ് ഇത്തവണ അടിച്ചേല്‍പ്പിക്കുന്നത്. പത്തിരട്ടി! പഞ്ചായത്തില്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീട് വെക്കാന്‍ അപേക്ഷ പെര്‍മിറ്റ് ഫീസ് മുമ്പ് 555 രൂപയായിരുന്നെങ്കില്‍ ഇന്ന് 8500 രൂപ മുടക്കണം. നഗരസഭയിലാണെങ്കില്‍ അത് 11500 രൂപയായി ഉയരും. കോര്‍പ്പറേഷനിലാണെങ്കില്‍ നിലവിലുള്ള 800 രൂപയില്‍ നിന്ന് 16000 രൂപയായി ഉയരും. വര്‍ദ്ധനയുടെ ശതമാനമെത്രയെന്ന് നോക്കുക. മിതമായ ഭാഷയില്‍പ്പറഞ്ഞാല്‍ തീവെട്ടിക്കൊള്ള. ഇതിനെല്ലാം പുറമെയാണ് ഭൂമിയുടെ ന്യായവിലയില്‍ വന്ന വര്‍ദ്ധന. 20 ശതമാനം വരെ. സാധാരണക്കാരന്റെ നടുവൊടിക്കുന്ന കയറ്റം. ഇതെല്ലാം നിര്‍മ്മാണ മേഖലയെ നിശ്ചലമാക്കിയിരിക്കുന്നു. കയര്‍, കശുവണ്ടി, കൈത്തറി മേഖലകളുടെ മരണമണി മുഴങ്ങിയിട്ട് കാലമേറെയായി. കെഎസ്ആര്‍ടിസി ജീവനക്കാരും പെരുവഴിയിലാണ്. ശമ്പളം നല്കാന് ബാദ്ധ്യതയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ മൊഴി നല്കിയിരിക്കുന്നു. എങ്കില്‍പ്പിന്നെ എന്തിനാണ് ജനങ്ങളുടെ ചെലവില്‍ ഒരു മന്ത്രി? എന്തിനാണ് സര്‍ക്കാര്‍ എംഡിയെ നിയമിച്ചത്? പിഎസ്സി വഴി ജീവനക്കാരെ നിയമിച്ചത്?
അപ്പോഴും അറുപതു കാറുകളുടെ അകമ്പടിയോടെ മന്ത്രിമുഖ്യന് ഊരുചുറ്റുകയാണ്. ജനങ്ങളുടെ വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തെ വരെ വെല്ലുവിളിച്ച്. ആളോഹരി കടബാദ്ധ്യത മലവെള്ളം കണക്കെ ഉയര്‍ന്നതും വിലനിലവാരം മാനംമുട്ടിയതും മുഖ്യനറിഞ്ഞിട്ടില്ല. അദ്ദേഹം രണ്ടാം വാര്‍ഷികാഘോഷത്തിന്റെ തിരക്കിലാണ്. ഊതിവീര്‍പ്പിച്ച നേട്ടങ്ങളുടെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ കോടികളാണ് ചെലവാക്കുന്നത്. ഖജനാവില്‍ പൂച്ചപെറ്റു കിടക്കുമ്പോഴാണ് ഈ ധൂര്‍ത്ത് എന്നോര്‍ക്കണം. ത്രിപുരയില്‍ കൊടി കൂട്ടിക്കെട്ടിയതോടെ സഭയില്‍ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടായിരുന്ന പ്രതികരണ ശേഷിയും നഷ്ടമായി. ഇരുവരും ഒരേ തൂവല്പക്ഷികള്. ഇരുപക്ഷവും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പരസ്പരം പഴിചാരി ഒഴിഞ്ഞു മാറുമ്പോള്‍ ജനങ്ങള്‍ ദുരിതത്തിന്റെ നിലയില്ലാക്കയത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്.
(ബിജെപി ദേശീയ സമിതി അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: