കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് സിയിലെ അവസാന മത്സരവും തോറ്റ് ഗോകുലം കേരള എഫ്സി. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജംഷദ്പൂര്‍ എഫ്സിയാണ് ഗോകുലത്തെ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍ ഒരു പോയിന്റ് പോലും നേടാന്‍ കഴിയാതെയാണ് ഗോകുലം മടങ്ങുന്നത്. ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു ഗോകുലത്തിന്റെ തോല്‍വി. ജംഷദ്പൂരിനായി ഹാരിസണ്‍ സ്വയറും ഫാറൂഖ് ചൗധരിയും ഇഷാന് പണ്ഡിതയും ഗോള്‍ നേടിയപ്പോള്‍ ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ഘാന താരം സാമുവല്‍ മെന്‍സ കോന്നെ.
ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. ഇതോടെ കളി വിരസം. ഇടയ്ക്ക് ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും പരസ്പര ധാരണക്കുറവ് രണ്ട് ടീമുകള്‍ക്കും തിരിച്ചടിയായി. 33-ാം മിനിറ്റില്‍ ഗോകുലം ലീഡ് നേടി. മൂന്ന് താരങ്ങളെ മറി കടന്ന് മലയാളി താരം സൗരവ് നല്കിയ പാസ്സിലായിരുന്നു ഗോള്‍.
സൗരവ് നല്കിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ സാമുവല്‍ കോമള്‍ തട്ടാലിനെയും മറികടന്ന് നിറയൊഴിച്ചപ്പോള്‍ ജംഷദ്പൂര്‍ എഫ്സി ഗോളി വിശാല്‍ ശാദവിന് ഒന്നും ചെയ്യാനായില്ല. ലീഡ് നേടിയതിന്റെ ആഹ്ലാദം നാല് മിനിറ്റ് മാത്രമാണ് നീണ്ടത്. 40-ാം മിനിറ്റില്‍ ഹാരിസണ്‍ സ്വയറിന്റെ നല്ലൊരു ഷോട്ട് ഗോകുലം ഗോളി ഷിബിന്‍ രാജിനെ കീഴടക്കി വലയില്‍ കയറി. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് പരിക്കേറ്റ ഗോകുലം ഗോളി ഷിബിന്‍രാജിനെ പിന്‍വലിച്ച് ബിലാല്‍ ഖാനെയും തൊട്ടുപിന്നാലെ ജംഷദ്പൂര്‍ എഫ്സി ക്യാപ്റ്റന്‍ പ്രണോയ് ഹാള്‍ഡറെ പിന്‍വലിച്ച് പ്രതിക് ചൗധരിയെയും കളത്തിലിറക്കി.
രണ്ടാം പകുതിയില്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനമാണ് ഇരുടീമുകളും നടത്തിയത്. 50-ാം മിനിറ്റില്‍ സ്വയറിന്റെ നല്ലൊരു ഷോട്ട് ഗോകുലം ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. പിന്നാലെ ഗോകുലത്തിനും ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. ആറ് മിനിറ്റിനുശേഷം രണ്ട് തവണ ഗോകുലം ഗോളിയുടെ മികച്ച രക്ഷപ്പെടുത്തല്‍ ജംഷഡ്പൂരിനെ ലീഡ് നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ആദ്യം സ്വയറിന്റെ ഷോട്ട് ബിലാല്‍ ഖാന് വീണ് കിടന്നുരക്ഷപ്പെടുത്തി. റീബൗണ്ട് പന്ത് കിട്ടിയത് ഇഷാന് പണ്ഡിതയുടെ കാലുകളില്‍. പക്ഷേ ഇഷാന് തൊടുത്ത ഷോട്ടിനും ബിലാല്‍ ഖാനെ കീഴടക്കാനായില്ല. തൊട്ടുപിന്നാലെ ജംഷഡ്പൂരിന്റെ ഫാറൂഖ് ചൗധരി എടുത്ത ഫ്രീകിക്കും ബിലാല്‍ ഖാന് രക്ഷപ്പെടുത്തി. പിന്നാലെ ജംഷഡ്പൂര്‍ ലീഡ് നേടി. ഫാറൂഖ് ചൗധരിയാണ് ലക്ഷ്യം കണ്ടത്. ചൗധരിയുടെ ഷോട്ട് ഗോള്‍ലൈന്‍ സേവിലൂടെ ഒഴിവാക്കാന്‍ ഗോകുലം താരം ശ്രമിച്ചെങ്കിലും കാലില്‍ത്തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു.
63-ാം മിനിറ്റില്‍ ഗോകുലം സമനില നേടി. വികാസും ശ്രീക്കുട്ടനും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ശ്രീക്കുട്ടന് ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ട് ജംഷദ്പൂര്‍ താരത്തിന്റെ കാലില്ത്തടി തെറിച്ചത് കിട്ടിയത് സാമുവലിന്. പന്ത് കിട്ടിയ സാമുവല്‍ അനായാസം ജംഷദ്പൂര്‍ വലയില്‍ പന്തെത്തിച്ചു. 69-ാം മിനിറ്റില്‍ ജംഷദ്പൂര്‍ വീണ്ടും ലീഡ് നേടി. ഇത്തവണ ഇഷാന് പണ്ഡിതയാണ് ലക്ഷ്യം കണ്ടത്. നാല് മിനിറ്റിനുശേഷം പണ്ഡിത പായിച്ച ബുള്ളറ്റ് ഷോട്ട് ഗോകുലം ഗോളി പറന്ന് കുത്തിയകറ്റി. പിന്നീട് സമനില ഗോളിനായി ഗോകുലത്തിന്റെ ശ്രമം. ഇതിനായി സൗരവിനെ പിന്‍വലിച്ച് നൗഫലിനെയും ശ്രീക്കുട്ടനെ തിരിച്ചുവിളിച്ച് താഹിര്‍ സമാനെയും സാമുവലിനെയും ഷില്‍ട്ടണ്‍ ഡിസില്‍വയെയും പിന്‍വലിച്ച് ജോബി ജസ്റ്റിനെയും അബ്ദുള്‍ ഹക്കുവിനെയും മൈതാനത്ത് ഇറക്കിയെങ്കിലും ജംഷദ്പൂര്‍ പ്രതിരോധം തകര്‍ത്ത് വല കുലുക്കാനായില്ല.
കളി പരിക്ക് സമയത്തിലേക്ക് കടന്നപ്പോള്‍ ബോക്സിന് പുറത്തുനിന്ന് നൗഫല്‍ പായിച്ച കിടിലന്‍ ഷോട്ട് ജംഷദ്പൂര്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തിയതോടെ കേരള ക്ലബ്ബിന്റെ തോല്‍വി പൂര്‍ണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: