തിരുവനന്തപുരം: നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. ക്യാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമ ലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് അപ്പോള്‍ത്തന്നെ മെസേജായി കിട്ടും. ആര്‍ക്കും തര്‍ക്കിക്കാനാകാത്ത വിധം വ്യക്തമായ ചിത്രങ്ങളാണ് രാത്രിയില്‍പ്പോലും ക്യാമറകള്‍ പകര്‍ത്തുന്നത്.
ആകെ 726 ക്യാമറകളില്‍ 675 എണ്ണം ഹെല്‍മറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള കാര്‍ യാത്ര, അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ എന്നിവ പിടികൂടാനാണ്.
അനധികൃത പാര്‍ക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും അമിത വേഗം കണ്ടുപിടിക്കുന്നതിനു നാലു ഫിക്സഡ് ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാന്‍ 18 ക്യാമറകളുമുണ്ടാകും. ഇതിന്റെ ഏകോപനത്തിനായി 14 ജില്ലകളിലും കണ്ട്രോള് റൂമുകളും തുറക്കും.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരുന്നാല്‍ 500 രൂപ, അമിത വേഗത്തിന് 1500, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000, അനധികൃത പാര്‍ക്കിങ്ങിന് 250 രൂപ എന്നിങ്ങനെയാണ് പിഴ. ആംബുലന്‍സ്, ഫയര്‍ സര്‍വീസ് വാഹനങ്ങള്‍, മള്‍ട്ടി കളര്‍ ലൈറ്റുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി കൊടുത്തില്ലെങ്കിലും ക്യാമറകള്‍ പിടികൂടും. അനധികൃത പാര്‍ക്കിങ്ങിനു കോടതി കയറേണ്ടി വരും.
കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ച് കെല്‍ട്രോണ്‍ വഴിയാണ് എഐ പദ്ധതി നടപ്പാക്കുന്നത്. ക്യാമറയില്‍ ചിത്രങ്ങള്‍ പതിഞ്ഞാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സംസ്ഥാന, ജില്ലാ കണ്ട്രോള് റൂമുകളിലാണ് നിയന്ത്രണം. മുഖ്യമന്ത്രി പിണറായി വിജയന് നാളെ വൈകിട്ട് മൂന്നിന് മാസ്കറ്റ് ഹോട്ടലില്‍ ക്യാമറകളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: