ന്യൂദല്‍ഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഓടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മികച്ച സ്പീഡ് പ്രതിനിധാനം ചെയ്യുന്ന ട്രെയിനാണ് വന്ദേഭാരത്. എന്നാല്‍ കേരളത്തിലെ റെയില്‍പാതകളില്‍ വളവുകള്‍ കാരണം ഇതിന്റെ പൂര്‍ണ്ണ സ്പീഡ് എടുക്കാന്‍ സാധിക്കില്ല. ഇത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ അദേഹം പറഞ്ഞു.
രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നടത്തിയത് പോലെതന്നെ ട്രാക്ക് നവീകരണം ഉടന്‍ കേരളത്തിലും നടപ്പിലാക്കും. ഇത് രണ്ടു ഘട്ടങ്ങളിലാകും പൂര്‍ണ്ണതയില്‍ എത്തിക്കുക. നിലവില്‍ കേരളത്തില്‍ പലയിടത്തെ ട്രക്കുകളിലും കൈവരിക്കാന്‍ കഴിയുന്ന പരമാവതി വേഗത 70-80 കി.മീ. ആണ്. ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ട്രക്കുകളില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന തരത്തിലേക്കാക്കും. ഇതിനായി സര്‍ക്കാര്‍ 381 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മൂന്നുഭാഗങ്ങളിലാക്കും ട്രാക്ക് അപഗ്രേഡ് നടക്കുക. ആദ്യം പാളത്തിന്റെയും പാതയുടെയും അവസ്ഥ മനസ്സിലാക്കി അത് നവീകരിക്കും. രണ്ടാം ഭാഗത്തില്‍ ഡബില്‍ ഡിസ്റ്റെന്റ് സിഗിനല്‍ നടപ്പിലാക്കും. ഇത് ലോക്കൊ പൈലറ്റിന് എതിരേ വരുന്ന ട്രെയിനുകളെ കുറിച്ച് വളരെ ദൂരത്ത് നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. മൂന്നാം ഭാഗത്തില്‍ കവജ് ഉള്‍പ്പെടെയുള്ള സുരക്ഷ സിഗിനല്‍ സംവിധാനങ്ങളും നടപ്പിലാക്കും. ഇത് ഒരു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും.
രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പാതയുടെ വേഗം 130 കി.മീയിലേക്ക് ഉയര്‍ത്തും. ഇതിനായി പലയിടത്തും വളലുകള് മാറ്റേണ്ടി വരും. ഇതിനായി കുറച്ച് സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമാണ്. അതിനാല്‍ ഈ ഘട്ടം ഏകദേശം മൂന്നരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കും. എന്നാല്‍ ഇതിനൊപ്പം തന്നെ വേഗത 160 കി.മീ ആകാനും പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. മികച്ച സര്‍വീസുകള്‍ കേരളത്തിന് ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തമായ നിര്‍ദേശവും ഇതുസംബന്ധിച്ചുണ്ടെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
തിരുവനന്തപുരം വളരെ പ്രത്യേകതകളുള്ള ഒരു നഗരമാണ്. അതിന്റെ വികസനവും പ്രധാനമാണ്. സംസ്ഥാനത്തിന്റെ സമഗ്രമായ വിസനമാണ് ലക്ഷ്യം വയ്ക്കേണ്ടത്. ഇതിനായി 156 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ തിരുവനന്തപുരം, കൊച്ചുവേളി സ്റ്റേഷനുകള്‍ വികസനവും ഇതിന്റെ ഭാഗമായി നടക്കും. നഗരത്തിന്റെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നത് പ്രത്യേക പഠനങ്ങളും നടത്തിയിട്ടുണ്ട്. ഇതിനു പുറമെ ശിവഗിരി തീര്‍ത്ഥടനം കണക്കിലെടുത്ത് വര്‍ക്കല സ്റ്റേഷന് നവീകരണത്തിനായി 350 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: