ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ‘സംഗതന്‍ സേ സമൃദ്ധി’ പരിപാടിക്ക് തുടക്കമായി. കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.
യോഗ്യരായ എല്ലാ ഗ്രാമീണ സ്ത്രീകളെയും സ്വയം സഹായ സംഘങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗ്രാമീണ കുടുംബങ്ങളെ ്ശാക്തീകരിക്കാന് ഇത് സഹായകമാണ് . നിലവിലെ ഒമ്പത് കോടിയില്‍ നിന്ന് 10 കോടി സ്ത്രീകളെ സ്വയം സഹായ സംഘങ്ങളുടെ പരിധിയില്‍ കൊണ്ടുവരുമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു.
2014 മേയില്‍ കേവലം 2.35 കോടി മാത്രമായിരുന്ന സ്വയം സഹായ സംഘം അംഗങ്ങളുടെ എണ്ണം ഇപ്പോള്‍ ഒമ്പത് കോടി കടന്നതില്‍ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട ഓരോ സ്ത്രീക്കും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിയണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്ത്രീകള്‍ ചെറുധാന്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യയില്‍ 65 ശതമാനവും ഗ്രാമങ്ങളിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ 5 ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാന്‍ ഗ്രാമീണ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനായി എല്ലാ അവസരങ്ങളും നല്‍കേണ്ടതുണ്ട്. സ്വയം സഹായ സംഘങ്ങളിലെ പത്ത് കോടി അംഗങ്ങള്‍ ലക്ഷാധിപതികളാകുമ്പോള് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലും അത് പ്രതിഫലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: