തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുന്നു. സാധാരണയെക്കാള്‍ ഉയര്‍ന്ന ചൂട് വരും ദിവസങ്ങളില്‍ അനുഭവപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ കനത്ത് ചൂടായിരിക്കുമെന്നും ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ഇത്തവണ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെല്‍ഷ്യസ്. മറ്റ് ജില്ലകളില്‍ സാധാരണ താപനിലയില്‍ നിന്ന് രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ട്. ഒരാഴ്ചയ്‌ക്കുള്ളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ വേനല്‍ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പെയ്യാനും സാധ്യതയുണ്ട്. വ്യാഴ്ചയോടെ മഴ മെച്ചപ്പെട്ടേക്കും.
അതേസമയം രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. പശ്ചിമ ബംഗാള്‍, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അപകടകരമായ തോതില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുക. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കൂടാതെ സിക്കിം, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഹരിയാനയിലും പഞ്ചാബിലും ഇന്നലെ ഉഷ്ണ തരംഗത്തിന് സമാന സാഹചര്യമായിരുന്നു. ഇന്നും ഇത് തുടരും. ഈ സംസ്ഥാനങ്ങളില്‍ ചൂട് 45 ഡിഗ്രിയില്‍ എത്തുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ പടിഞ്ഞാറന്‍ ന്യൂന മര്‍ദ്ദം കാരണം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ മഴക്കു സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക