കോഴിക്കോട് : പ്രവാസിയെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലി. കാണാതായ മുഹമ്മദ് ഷാഫി നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗള്‍ഫില്‍ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവര്‍ ശരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ സഹോദരനെതിരെ പറയിച്ചതെന്നും ഷാഫിയുടെ മൊഴിയില്‍ പറയുന്നുണ്ട്.
തട്ടിക്കൊണ്ടുപോയ ഷാഫിയെ തിങ്കളാഴ്ച വൈകിട്ടോടെയാണ് കണ്ടെത്തിയത്. ഷാഫിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയതോടെ കര്‍ണാടകയിലെ അജ്ഞാത കേന്ദ്രത്തിലായിരുന്ന ഇയാളെ സംഘം മോചിപ്പിക്കുകയായിരുന്നു. ഷാഫിയെ ക്വട്ടേഷന്‍സംഘം മൈസൂരുവിലേക്ക് ബസ് കയറ്റിവിടുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ മൈസൂരുവിലെത്തിയ മുഹമ്മദ് ഷാഫിയെ ബന്ധുക്കള്‍ അവിടെയെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. രാവിലെ പത്തുമണിയോടെ താമരശ്ശേരിയിലെത്തി. ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഷാഫിയുടെ മൊഴിയെടുത്തു. പിന്നീട് താമരശ്ശേരിയിലെ ബന്ധുവീട്ടിലേക്ക്പോയ ഷാഫിയെ വൈകീട്ടോടെ വടകരയിലുള്ള കോഴിക്കോട് റൂറല്‍ എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തി.
തിങ്കളാഴ്ച രാത്രി പത്തരയോടെ താമരശ്ശേരി ജെഎഫ്സിഎം കോടതി മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ഏപ്രില്‍ ഏഴിന് രാത്രി ഒമ്പതേപത്തിനാണ് നാലംഗസംഘം മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വര്‍ണം താനും സഹോദരനും ചേര്‍ന്ന് കടത്തിക്കൊണ്ടുവന്നതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകലെന്ന് വെളിപ്പെടുത്തിയുള്ള വീഡിയോ സന്ദേശവും മറ്റൊരു ഓഡിയോ സന്ദേശവും കഴിഞ്ഞദിവസം ഷാഫിയുടേതായി പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മോചനം.
അന്വേഷണം തങ്ങളിലേക്കെത്തുമെന്ന ഘട്ടമായപ്പോഴാണ് ക്വട്ടേഷന്‍സംഘം ഷാഫിയെ വിട്ടയച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഷാഫിയെ തട്ടിക്കൊണ്ടുപോയ കാറും കേസിലുള്‍പ്പെട്ട നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ നാലുപേരുടെയും അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമുള്ള മൂന്നു യുവാക്കളെയും സംഘത്തിന് കാര്‍ വാടകയ്ക്ക് കൈമാറിയ വ്യക്തിയെയുമാണ് അറസ്റ്റുചെയ്തത്. കര്‍ണാടക ദക്ഷിണ കന്നഡ കല്യാണ സ്വദേശികളായ മണ്ടിയൂര്‍ മുഹമ്മദ് നൗഷാദ് (24), മണ്ടിയൂര്‍ ഇസ്മയില്‍ ആസിഫ് (33), ഗോളികെട്ടെ അബ്ദുള്‍ റഹ്മാന് (33), കാസര്‍കോട് ചന്ദ്രഗിരി ചെമ്പരിക്ക ഉസ്മാന് മന്‍സിലില്‍ സി.എ. ഹുസൈന് (44) എന്നിവരെയാണ് അറസ്റ്റുചെയ്തത്. അതേസമയം സ്വര്‍ണക്കടത്ത് ഇടപാടല്ല, മറിച്ച് ഹവാല ഇടപാട് തന്നെയാണ് തട്ടിക്കൊണ്ടുപോകലിന് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുന്‍പ് പരപ്പന്‍പൊയിലില്‍ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാര്‍ ഹുസൈനാണ് വാടകക്ക് എടുത്ത് നല്‍കിയത്. മറ്റു മൂന്നു പേര് കാറില്‍ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: