കോഴിക്കോട്: താമരശേരിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കര്‍ണാടകയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയതെന്ന് താമരശേരി പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. രാത്രിയോടെ ഇയാളെ താമരശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 7ന് രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ഷാഫിയെയും ഭാര്യയും തട്ടിക്കൊണ്ടുപോയത്. കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം ഭാര്യയെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ ഷാഫിയുമായി കടന്നുകളയുകയായിരുന്നു. കര്ണാടകയിലേക്കാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നത് സംബന്ധിച്ച് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയ കാര്‍ കാസര്‍ഗോഡ് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് തട്ടിക്കൊണ്ടുപോയത് ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. പോലീസ് കസ്റ്റഡിയിലായിരുന്ന വയനാട് സ്വദേശിയുടെയും മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേരുടെയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിൽ വയനാട് സ്വദേശി അക്രമി സംഘത്തിന് വാഹനം വാടകക്ക് നൽകുകയായിരുന്നു. മറ്റു മൂന്നു പേരും ഷാഫിയെ തട്ടിക്കൊണ്ടു പോയ കാറിൽ, സംഭവത്തിന് മുമ്പ് താമരശ്ശേരിയിലും പരിസരത്തും എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഷാഫിയുടെ വീടും പരിസരവും നിരീക്ഷിക്കുന്നതിനും പ്രദേശത്തെ സാഹചര്യം വിലയിരുത്തുന്നതിനുമാണ് ഇവർ എത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. തട്ടിക്കൊണ്ടുപോകലിൽ നേരിട്ട് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റ് ആണിത്. ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് തട്ടിക്കൊണ്ടു പോകലിൽ പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: