ന്യൂദല്‍ഹി : മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. രാവിലെ 11 മണിയോടെയാണ് കെജ്രിവാള് സിബിഐക്ക് മുന്നില്‍ ഹാജരായത്. അതിനുമുമ്പ് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം രാജ്ഘട്ടില്‍ മഹാത്മാഗാന്ധി സമാധിയില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ദൽഹി ഐടിഒയിൽ പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
2021-22 ലെ ദല്‍ഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ഉണ്ടായ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി നേരത്തേ സിബിഐ കെജ്രിവാളിന് നോട്ടീസ് അയച്ചിരുന്നു. നയത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
നയത്തിലെ ചട്ടലംഘനവും നടപടിക്രമങ്ങളിലെ വീഴ്ചയും ആരോപിച്ച് ഈ കേസില്‍ 15 പ്രതികള്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തു. എഫ്ഐആറില്‍ പേരുളള 15പ്രതികളില്‍ ഉള്‍പ്പെട്ട മുന്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഈ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പുതിയ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും ക്രമക്കേടും ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പിന്നീട് മദ്യനയം പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: