ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെടുത്ത ഒരു സുപ്രധാന തീരുമാനത്തില്‍, കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളില്‍ നടത്താന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം അനുമതി നല്കി. കേന്ദ്ര സായുധ പോലീസ് സേനയില്‍ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ മുന്‍കൈയെടുത്താണ് ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത് .
ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ ഭാഷകളിലും ചോദ്യപേപ്പര്‍ തയ്യാറാക്കും .
ഈ തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍/പ്രാദേശിക ഭാഷയില്‍ പരീക്ഷയില്‍ പങ്കെടുക്കാനും അവരുടെ ജോലി സാധ്യതകള്‍ മെച്ചപ്പെടുത്താനും സഹായിക്കും.
ഒന്നിലധികം ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷ നടത്തുന്നത് സുഗമമാക്കുന്നതിന് നിലവിലുള്ള ധാരണാപത്രത്തിന്റെ ഭാഗമായി പ്രത്യേക അനുബന്ധത്തില്‍ ആഭ്യന്തര മന്ത്രാലയവും സ്റ്റാഫ് സെലക്ഷന് കമ്മീഷനും ഒപ്പിടും.
രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന സ്റ്റാഫ് സെലക്ഷന് കമ്മീഷന് നടത്തുന്ന പ്രധാന പരീക്ഷകളിലൊന്നാണ് കോണ്‍സ്റ്റബിള്‍ ജിഡി. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലുള്ള പരീക്ഷ 2024 ജനുവരി 01 മുതല്‍ നടത്തും.
യുവാക്കളെ അവരുടെ മാതൃഭാഷയില്‍ പരീക്ഷ എഴുതാനുള്ള ഈ അവസരം ഉപയോഗപ്പെടുത്താനും രാജ്യത്തെ സേവിക്കുന്ന ഒരു തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്താനുമായി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ ഗവണ്മെന്റുകള് എന്നിവ വിപുലമായ പ്രചാരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാര്‍ഗനിര്‍ദേശത്തിനും കീഴില്‍ ആഭ്യന്തര മന്ത്രാലയം പ്രാദേശിക ഭാഷകളുടെ ഉപയോഗവും വികാസവും പ്രോത്സാഹിപ്പിക്കുന്നതിന് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: